തിരമാലകള്‍ക്ക് മുകളിലൂടെ ചാടിയും ഫ്രിഡ്ജ് വലിച്ചെറിഞ്ഞും പുതുവര്‍ഷത്തെ വരവേല്‍ക്കുന്നവര്‍

ഫോട്ടോ: Gettyimages
ഫോട്ടോ: Gettyimages

ഓരോ രാജ്യത്തും ഓരോ രീതിയിലാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. ഐശ്വര്യത്തിനുവേണ്ടി പുതുവസ്ത്രങ്ങള്‍ ധരിച്ചും മധുരം പങ്കുവെച്ചുമെല്ലാമുള്ള ആഘോഷങ്ങള്‍. പണ്ടുകാലത്ത് അല്പം വ്യത്യസ്തമായി പുതുവര്‍ഷത്തിലെ ആദ്യദിനം ആചരിച്ചിരുന്നു പല രാജ്യക്കാരും.  

വട്ടത്തിലുള്ളതെല്ലാം ഭാഗ്യവും അഭിവൃദ്ധിയും കൊണ്ടുവരുമെന്നാണ് ഫിലിപ്പൈന്‍സിലുള്ളവര്‍ വിശ്വസിച്ചിരുന്നത്. പുതുവര്‍ഷത്തലേന്ന് അര്‍ധരാത്രിയോടെ പോള്‍ക്ക ഡോട്ട് വസ്ത്രങ്ങള്‍ ധരിച്ച്, അവര്‍ വട്ടത്തില്‍ നില്‍ക്കും. പോക്കറ്റില്‍ വട്ടത്തിലുള്ള നാണയങ്ങളും പഴങ്ങളും കരുതിയിട്ടുമുണ്ടാവും. ഓറഞ്ച്, മുന്തിരി, തണ്ണിമത്തന്‍ എന്നിവയാണ് പ്രധാനമായുമുണ്ടാവുക. പഴയ വര്‍ഷത്തിലെ അവസാനദിവസം അന്ത്യത്തോടടുക്കുമ്പോള്‍, കുട്ടികള്‍ ഉയരത്തില്‍ ചാടാന്‍ തുടങ്ങും. എത്ര ഉയരത്തില്‍ ചാടാന്‍ പറ്റുമോ, പുതുവര്‍ഷത്തില്‍ അത്ര ഉയരം വെക്കുമെന്നായിരുന്നുവത്രേ വിശ്വാസം.  

പണ്ടുകാലത്ത് ഡെന്‍മാര്‍ക്കിലുള്ളവര്‍ പഴയ പാത്രങ്ങളും മറ്റും ശേഖരിച്ചുവെക്കും. അര്‍ധരാത്രിയോടെ ആ പാത്രങ്ങളെല്ലാം കൂട്ടുകാരുടെയോ അയല്‍ക്കാരുടെയോ വീടിന്റെ വാതിലിലേക്ക് വലിച്ചെറിയുന്നതാണ് അടുത്ത പടി. രാവിലെ എണീക്കുമ്പോള്‍ എത്ര പാത്രങ്ങള്‍ വാതിലിനുമുന്നില്‍ പൊട്ടിക്കിടക്കുന്നുണ്ടെന്ന് നോക്കും. പൊട്ടിക്കിടക്കുന്ന പാത്രങ്ങളുടെ എണ്ണമനുസരിച്ച് പുതുവര്‍ഷത്തില്‍ പുതിയ സുഹൃത്തുക്കളും ഭാഗ്യവുമുണ്ടാകുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. പൊട്ടിക്കിടക്കുന്ന പാത്രങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഭാഗ്യവും കൂട്ടുകാരുടെ എണ്ണവും കൂടും.  

വീട്ടിലുള്ള പഴയ വീട്ടുപകരണങ്ങളെല്ലാം ജനാലയിലൂടെ വലിച്ചെറിഞ്ഞാണ് ഇറ്റലിയില്‍ പുതുവര്‍ഷത്തെ വരവേറ്റിരുന്നത്. പഴയ ഫ്രിഡ്ജ്, ടോസ്റ്റര്‍ ഏതുമാവട്ടെ, ഇങ്ങനെ ജനാലയിലൂടെ വലിച്ചെറിയും. പുതുവര്‍ഷത്തെ പുതുമയോടെ എതിരേല്‍ക്കുക എന്നതാണ് ഇതിനുപിന്നില്‍. സ്‌പെയിനില്‍ പണ്ടുകാലത്ത് പുതുവര്‍ഷത്തലേന്ന് പന്ത്രണ്ട് മുന്തിരി ശേഖരിച്ചുവെക്കും. അര്‍ധരാത്രിയാവുമ്പോള്‍ ഇത് കഴിക്കുകയും ചെയ്യും. ഭാഗ്യവും നന്‍മയുമുണ്ടാവുമെന്ന വിശ്വസമാണത്രേ ഇതിനുപിന്നില്‍. 

ബ്രസീലില്‍ പുതുവര്‍ഷത്തലേന്ന് കടല്‍ദേവതയെ പ്രസാദിപ്പിക്കാനാണ് ശ്രമിച്ചിരുന്നത്. തലേദിവസം വെള്ളവസ്ത്രം ധരിച്ച്, നിറയെ പൂക്കളും മെഴുകുതിരികളുമായി പ്രദേശവാസികള്‍ കടല്‍ത്തീരത്തെത്തും. ഇതെല്ലാം കടലിലേക്ക് വലിച്ചെറിയുകയും ചെയ്യും. ഏഴു കടല്‍ത്തിരകള്‍ക്ക് മുകളിലൂടെ ചാടുന്നതും ഭാഗ്യമാണെന്ന് അവര്‍ വിശ്വസിച്ചു. ഓരോ ചാട്ടവും ഓരോ ദൈവത്തിനുമുന്നില്‍ സമര്‍പ്പിക്കുന്ന ആഗ്രഹത്തിന്റെ അടയാളമായി കരുതപ്പെട്ടു.  

ഗ്രീസില്‍ പണ്ടുകാലത്ത് വീടുകളുടെ വാതിലുകള്‍ക്ക് മുന്നില്‍ സവാള തൂക്കിയിടും. സവാളയുടെ വേരുപോലെ വര്‍ഷം മുഴുവന്‍ ഭാഗ്യമുണ്ടാവട്ടെ എന്ന വിശ്വാസത്തിലാണത്രേ അത്. അതിനൊപ്പം ബേസില്‍-പൈ എന്നൊരു പ്രത്യേകതരം കേക്ക് പുതുവര്‍ഷത്തലേന്ന് ഉണ്ടാക്കും. അതിനുള്ളില്‍ നാണയങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടാവും. ആ നാണയം ലഭിക്കുന്നയാള്‍ക്ക് വര്‍ഷം മുഴുവന്‍ ഭാഗ്യമാണെന്നായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്. പോംഗ്രനേറ്റ് (മാതളപ്പഴം) വീടിന്റെ തറയിലിട്ട് ഇടിച്ചുതകര്‍ക്കും. അതില്‍നിന്ന് പുറത്തുവരുന്ന കുരു ഭാഗ്യത്തിന്റെ അടയാളമായിട്ടാണ് അവര്‍ കണ്ടിരുന്നത്. തറയില്‍ പരന്നുകിടക്കുന്ന മാതളമണികള്‍ ഐശ്വര്യമായിട്ടും. 


 

Content Highlights: new year celebrations around the world