'എനിക്ക് ശുഭയാത്ര നേരേണ്ടതില്ല...'എന്ന് പോസ്റ്റിട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ദയാവധത്തിലേക്ക്

ലോറന്‍ ഹോവ് / X
ലോറന്‍ ഹോവ് / X

28 വയസ്സുള്ള ലോറന്‍ ഹോവ് എന്ന ഡച്ചുകാരി വര്‍ഷങ്ങളായി ഒരു പോരാട്ടത്തിലായിരുന്നു. ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം എന്ന അസുഖവുമായിട്ടുള്ള ആ പോരാട്ടമെല്ലാം അവര്‍ സോഷ്യല്‍ മീഡിയയിലൂടെ ആളുകളുമായി പങ്കുവെച്ചിരുന്നു. ബ്രെയിന്‍ ഫോഗ് എന്ന ബ്ലോഗിലൂടെയാണ് അവരെല്ലാം കാര്യങ്ങളും ലോകത്തെ അറിയിച്ചിരുന്നത്. 

ജനുവരി 24-ന് ലോറന്‍ ബ്ലോഗിലൂടെ തന്റെ സുഹൃത്തുക്കളോട് യാത്രാമൊഴി ചൊല്ലി. ''ഇതെന്റെ അവസാനത്തെ ട്വീറ്റാണ്. ഇനിയാരെങ്കിലും ഇതില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുമോ എന്നെനിക്ക് അറിയില്ല''. വിട്ടുമാറാത്ത അസുഖത്തിനൊടുവില്‍ ദയാവധത്തിലൂടെയാണ് ലോറന്‍ മരണത്തിലേക്ക് പോയത്.

''എന്റെ രോഗകാലത്ത് കൂടെനിന്ന എല്ലാവരോടും നന്ദി. 27-ന് ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടരയ്ക്കുമിടയിലായിരിക്കും ദയാവധം നടപ്പാക്കുക. തീയതിയും സമയവും ഇങ്ങനെ ഞാന്‍ വെളിപ്പെടുന്നതിനൊരു കാര്യമുണ്ട്. എനിക്കുവേണ്ടി നിങ്ങള്‍ക്ക് ഒരു മെഴുകുതിരി കത്തിക്കാമല്ലോ. നിങ്ങളുമായി എനിക്ക് എത്ര കാലത്തെ പരിചയമുണ്ടെന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. നിങ്ങള്‍ ഓരോരുത്തരിലൂടെയും, ഞാന്‍ ഒറ്റയ്ക്കല്ലെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. അതിനെനിക്ക് എല്ലാവരോടും നന്ദിയുണ്ട്. ഒരു യാത്ര പോവുന്നതായിട്ടാണ് ഞാന്‍ കരുതുന്നത്. എങ്കിലും എനിക്ക് ശുഭയാത്ര നേരേണ്ടതില്ല'', ഉറച്ച ധൈര്യത്തോടെ ലോറന്‍ അവസാനപോസ്റ്റില്‍ എഴുതി. 

തന്റെ  പ്രൊഫൈലില്‍ മരണത്തീയതി ഉള്‍പ്പെടെ അപ്‌ഡേറ്റ് ചെയ്തിട്ടാണ് ലോറന്‍ അവസാനയാത്രയ്‌ക്കൊരുങ്ങിയത്.  മരണാനന്തരചടങ്ങുകള്‍ക്കുള്ള ക്ഷണക്കത്തുകള്‍ ഡിസൈന്‍ ചെയ്തതും അവര്‍ തന്നെ. 

2019-ലാണ് ലോറന് അസുഖം ബാധിക്കുന്നത്. അതിനൊപ്പം ഓട്ടിസം, അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ തുടങ്ങിയവയും ഉണ്ടായിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അസുഖം വന്നതോടെ കഠിനമായ ക്ഷീണവും അസഹനീയമായ വേദനയും കാരണം കിടക്കയില്‍ തന്നെയായിരുന്നു ലോറന്‍. തികച്ചും ആക്ടീവായിരുന്ന ലോറന് പൊടുന്നനെ കിടക്കയിലേക്ക് ചുരുങ്ങേണ്ടിവന്നു. അതിനുശേഷം തന്റെ ജീവിതത്തിലെ ഓരോ നിമിഷവും ലോറന്‍ ഫോട്ടോയെടുത്തും ഡയറിയിലെഴുതിയും സൂക്ഷിച്ചുവെച്ചു.

2022 മുതലാണ് ലോറന്‍ ദയാവധത്തിനായുള്ള തന്റെ ശ്രമങ്ങള്‍ തുടങ്ങിയത്. അവരുടെ ഹര്‍ജി അധികൃതര്‍ പരിഗണിക്കുകയും ചെയ്തു. അതിനിടയിലാണ് ലോകമൊട്ടാകെ കോവിഡ് പിടിമുറുക്കുന്നത്. അതോടെ നീണ്ടുപോവുകയായിരുന്നു. മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വീട്ടില്‍ തന്നെയാണ് ലോറന്റെ ദയാവധം നടപ്പിലാക്കിയത്.  

2002 മുതലാണ് നെതര്‍ലാന്‍ഡ്‌സില്‍ ദയാവധം നിയമവിധേയമാക്കിയത്. രോഗികളുടെ ശാരീരികസ്ഥിതിയില്‍ ഒരു പുരോഗതിയും ഉണ്ടാവാതിരിക്കുകയും കഷ്ടപ്പാടുകള്‍ സഹിക്കാനാവാത്ത അവസ്ഥയിലാവുകയും ചെയ്താല്‍ ദയാവധത്തിനുള്ള അവകാശമുണ്ട്.
 

Content Highlights: netherlands lady to mercy killing