കോണിഫര്‍ മരങ്ങള്‍ രാജാക്കന്മാരാകുന്ന ക്രിസ്മസ് കാലം, ഫാമുകളില്‍ നിന്ന് വീടുകളിലേക്ക്

എണ്ണിയാല്‍ തീരാത്തത്രയും തരം കോണിഫര്‍ മരങ്ങളുണ്ട് (സ്തൂപികാവൃക്ഷം) ലോകത്ത്. പല ആകൃതിയില്‍ വളരുന്ന ഭംഗിയുള്ള മരങ്ങള്‍. ക്രിസ്മസ് കാലത്തെ കുളിരിനൊപ്പമെവിടെയോ ആളുകളുടെ മനസ്സില്‍ കോണിഫര്‍ മരങ്ങളുമുണ്ട്. തണുപ്പുള്ള സ്ഥലങ്ങളില്‍ വളരുന്ന പൈനും സ്പ്രൂസും സൈപ്രസും ഫിര്‍ മരങ്ങളുമെല്ലാം ക്രിസ്മസ് കാലത്ത് പ്രത്യേകമായൊരു അഴകണിയും. പ്ലാസ്റ്റിക് മരങ്ങള്‍ എത്തുന്നതിനു മുമ്പേ പറമ്പില്‍ നിന്നും കാട്ടില്‍ നിന്നും വെട്ടിയെടുക്കുന്ന നല്ല ആകൃതിയിലുള്ള മരങ്ങളാണല്ലോ ക്രിസ്മസ് മരങ്ങളായി അലങ്കരിച്ചിരുന്നത്.
ഇന്ന് ക്രിസ്മസ് മരങ്ങളുടെ സ്വഭാവം മാറിയെങ്കിലും ജീവനുള്ള മരങ്ങളുടെ ആവശ്യക്കാര്‍ ഒട്ടുംതന്നെ കുറഞ്ഞിട്ടില്ല. മരം ഒറിജിനലാണെങ്കില്‍ പ്രത്യേകത വേറെത്തന്നെയാണ്. അതിന്റെ മണവും ജീവനുമൊന്നും പ്ലാസ്റ്റിക് മരങ്ങള്‍ക്ക് നല്‍കാനാവില്ല. വീടിന്റെ ഏറ്റവും ശ്രദ്ധ കിട്ടുന്ന ഭാഗത്ത് കോണിഫര്‍ മരങ്ങള്‍ വളര്‍ത്തി ക്രിസ്മസ് കാലത്തേക്ക് കാത്തുവെക്കുന്ന ഒരുപാടാളുകളുണ്ട്. പ്ലാസ്റ്റിക് മരങ്ങളേക്കാളും ജീവനുള്ള മരങ്ങള്‍ തന്നെ വേണമെന്ന് നിര്ബന്ധമുള്ളവരും. പെന്‍സില്‍ പൈന്‍, എമറാള്‍ഡ്, സൈപ്രസ്, ദേവദാരു തുടങ്ങി ചട്ടിയില്‍ വളര്‍ത്തിയ ക്രിസ്മസ് മരങ്ങളും ഇന്ന് വിപണിയില്‍ കിട്ടും.
ക്രിസ്മസ് ട്രീ ഫാം
ക്രിസ്മസ് സീസണ് മുന്നില്‍ കണ്ട് വ്യാവസായിക അടിസ്ഥാനത്തില്‍ കോണിഫര്‍ മരങ്ങള്‍ വളര്‍ത്തിയെടുക്കുന്ന വലിയ ഫാമുകള്‍ ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. 1900-ത്തിന്റെ തുടക്കത്തിലാണ് ക്രിസ്മസ് ട്രീ ഫാമുകള്‍ ഉയര്‍ന്നുവരുന്നത്. പക്ഷേ, കാടുകളില്‍ നിന്ന് വെട്ടിയെടുത്തുകൊണ്ടുവരുന്ന മരങ്ങള്‍ തന്നെയാണ് 1940-കള്‍ വരെ ജനകീയമായിരുന്നത്. പിന്നീട് ഫാമുകളിലെ ക്രിസ്മസ് മരങ്ങളും തരംഗമുണ്ടാക്കി. മണ്ണൊരുക്കി വിത്തുപാകി ആവശ്യമുള്ള പോഷകങ്ങള്‍ നല്കി വളരെ കരുതലോടെ വേണം ക്രിസ്മസ് മരങ്ങള്‍ പിടിപ്പിച്ചെടുക്കാന്‍. വളരുന്തോറും അവ ട്രിം ചെയ്ത് ആകൃതി വരുത്തും. സീസണെത്തുംമുമ്പേ വെട്ടിയെടുത്ത് പാക്ക് ചെയ്ത് വിപണിയിലെത്തിക്കും.
ഫാമുകളിലെത്തി ഇഷ്ടമുള്ള കോണിഫര്‍ മരം വെട്ടിക്കൊണ്ടു പോകാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന രീതി ഇന്ന് വിദേശത്തുണ്ട്. കട്ടിയേറിയ ഇലകളായതിനാല്‍ കോണിഫര്‍ മരങ്ങള്‍ എളുപ്പം വാടില്ല. ആരോഗ്യമുള്ള ഒരു ക്രിസ്മസ് മരം വെട്ടിയെടുത്ത് നാലോ അഞ്ചോ ആഴ്ച പച്ചപ്പോടെ നിലനിര്‍ത്താം. വെള്ളത്തില്‍ സുക്ഷിക്കണം, സൂര്യപ്രകാശം അധികമേല്ക്കുകയുമരുത്. അമേരിക്കയും കാനഡയും ജര്‍മനിയുമാണ് ക്രിസ്മസ് മരത്തിന്റെ ഉത്പാദനത്തില്‍ ഇന്ന് മുമ്പിലുള്ളത്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ഫാമുകളുണ്ട്. പല ഭാഗങ്ങളിലേക്കും അവ കയറ്റുമതിയും ചെയ്യുന്നു.
ഡഗ്ലസ് ഫിര്‍, സ്കോട്ട്സ് പൈന്‍, ഫ്രേസര്‍ ഫിര്‍, നോര്ഡ്മാന് ഫിന്, നോര്‍വേ സ്പ്രൂസ് തുടങ്ങിയവയോടാണ് പാശ്ചാത്യര്‍ക്ക് പ്രിയം. എവര്‍ഗ്രീന്‍സ്, ദേവദാരു, ഗോള്‍ഡന്‍ സൈപ്രസ്, തായ് സൈപ്രസ് തുടങ്ങിയവയും ഉപയോഗിക്കുന്നുണ്ട്. ഓരോ വര്‍ഷവും 36 ദശലക്ഷം ക്രിസ്മസ് ട്രീകള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. അതില്‍ 95 ശതമാനവും വില്ക്കപ്പെടുകയും ചെയ്യുന്നു. ഇതിന്റെ മൂന്നിരട്ടിയോളം പ്ലാസ്റ്റിക് മരങ്ങളും വിറ്റുപോകുന്നു.
വടക്കേ അമേരിക്കയില്‍ 15,000-ത്തിലധികം ക്രിസ്മസ് ട്രീ കര്‍ഷകരുണ്ട്. ഒരു ഏക്കറില്‍ സാധാരണയായി രണ്ടായിരത്തിലധികം മരങ്ങള്‍ നടും, ശരാശരി 1000 മുതല്‍ 1500 വരെ അതിജീവിക്കും. ഓരോ വര്‍ഷവും 73 ദശലക്ഷം പുതിയ ക്രിസ്മസ് മരങ്ങള്‍ അമേരിക്കയില്‍ മാത്രം നട്ടുപിടിപ്പിക്കുന്നുവെന്നാണ് കണക്ക്. ഒരു ക്രിസ്മസ് ട്രീ ശരാശരി വളര്ച്ചയെത്തണമെങ്കില് ആറുമുതല്‍ 12 വരെ വര്‍ഷമെടുക്കും. ലോകത്ത് എല്ലായിടത്തേക്കുമെത്തുന്ന പ്ലാസ്റ്റിക് മരങ്ങളില്‍ ഭൂരിഭാഗവും ചൈനയില്‍ നിന്നാണ്.
Content Highlights: natural christhmas tree conifer tree cypress tree pine