സാമന്തയെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്തുവെന്ന് വീഡിയോ; കേസുമായി നാഗചൈതന്യ കോടതിയിൽ

നാഗചൈതന്യ | AFP
നാഗചൈതന്യ | AFP

തന്റെ വ്യക്തിത്വ അവകാശങ്ങൾ (personality rights) സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ നാഗ ചൈതന്യ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തന്റെ പേരും ചിത്രങ്ങളും അനധികൃതമായി ഉപയോഗിക്കുന്നതിനെതിരെയാണ് കോടതിയെ സമീപിച്ചത്. പല തരത്തിലുള്ള കണ്ടന്റുകളാണ് നാഗചൈതന്യയുടെ പേരുപയോഗിച്ച് പലരും തയ്യാറാക്കുന്നത്. മുൻ ഭാര്യയും നടിയുമായ സാമന്തയെ വഞ്ചിച്ചുവെന്നും അവരുടെ കരിയർ നശിപ്പിച്ചുവെന്നും സൂചിപ്പിക്കുന്ന വ്യാജവീഡിയോ ഉൾപ്പെടെയുള്ള കണ്ടന്റുകളെക്കുറിച്ചും നാഗചൈതന്യയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ഓൺലൈൻ ട്രാഫിക്കിനുവേണ്ടിയും ആക്ഷേപകരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതിനുമായി പല വെബ്‌സൈറ്റുകളും താരത്തിന്റെ പേരും ചിത്രവും ഉപയോഗിക്കുന്നുണ്ടെന്ന് താരത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എഐ ഉപയോഗിച്ചും ഇത്തരം കണ്ടന്റുകൾ തയ്യാറാക്കുന്നതായും അവർ പറഞ്ഞു. ഇതെല്ലാം നാഗചൈതന്യയെ മോശക്കാരനായിട്ടാണ് ചിത്രീകരിക്കുന്നതെന്നും അഭിഭാഷകൻ പറയുന്നു.

സാമന്തയുമായി ബന്ധപ്പെടുത്തിയുള്ള കണ്ടന്റുകളെക്കുറിച്ച് താരത്തിന്റെ അഭിഭാഷകന്റെ വാദമിങ്ങനെ, ''ഇത് ട്രോളിങ് ആണ്, ന്യായമായ വിമർശനമല്ല''.

വ്യാജ ഉള്ളടക്കങ്ങൾ നിർമിക്കുന്നതിനായി എഐ, ഡീപ്‌ഫേക്ക്, വോയ്‌സ് ക്ലോണിങ് സോഫ്റ്റ്വെയർ എന്നിവ ഉപയോഗിക്കുന്നതായി കേസ് ആരോപിക്കുന്നു. ചൈതന്യയുടെ പ്രശസ്തി, അന്തസ്സ്, സ്വകാര്യത, പൊതു ഇമേജ് എന്നിവയ്ക്ക് ഈ ഉള്ളടക്കം ഗുരുതരമായ ദോഷം വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഹർജിയിൽ പറയുന്നു.

കേസിൽ കോടതി എതിർകക്ഷികൾക്ക് സമൻസ് അയയ്ക്കുകയും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്തു. കൂടുതൽ വാദങ്ങൾ കേൾക്കുന്നതിനായി കേസ് സെപ്റ്റംബർ 30-ലേക്ക് മാറ്റി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Naga Chaitanya filed a petition in the Delhi High Court to protect his personality rights. The lawsuit addresses unauthorized use of his name and image in defamatory content