ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കുഞ്ഞിന്റെ അമ്മയാര്? ലോകം ഇന്നും ചര്‍ച്ച ചെയ്യുന്നു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയറും/ ഫോട്ടോ: Getty images
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയറും/ ഫോട്ടോ: Getty images

മൂത്തമകന്‍ ക്രിസ്റ്റ്യാനോ ജൂനിയറിന്റെ പിറന്നാള്‍ദിനത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സാമൂഹ്യമാധ്യമത്തില്‍ ഇങ്ങനെ കുറിച്ചു: ''I cant believe you are 14, time flies. congratulations my partner in crime'. പേരില്‍ മാത്രമല്ല, ജൂനിയറിന് അച്ഛനുമായി സാമ്യമുള്ളത്. അച്ഛന്റെ ജീവശ്വാസമായ ഫുട്‌ബോള്‍ തന്നെയാണ് ജൂനിയറിനും ഏറെ പ്രിയപ്പെട്ടത്. കഴിഞ്ഞവര്‍ഷം സൗദി അറേബ്യയിലെ പ്രൊഫഷണല്‍ ക്ലബായ അല്‍-നസറിന്റെ അണ്ടര്‍ 13 ടീമില്‍ ജൂനിയര്‍ ഇടംപിടിച്ചിരുന്നു.

റോണോയ്‌ക്കൊപ്പം തന്നെയാണ് ജൂനിയറും വളര്‍ന്നതെന്ന് പറയാം. തന്റെ 25-ാമത്തെ വയസ്സിലാണ് അച്ഛനായ കാര്യം ക്രിസ്റ്റ്യാനോ സാമൂഹ്യമാധ്യമത്തിലൂടെ അറിയിക്കുന്നത്. 2010 ജൂണ്‍ 17-ന് ഇങ്ങനെ കുറിച്ചു, ''ഞാനൊരു ആണ്‍കുഞ്ഞിന്റെ പിതാവായ കാര്യം വളരെ സന്തോഷത്തോടെ അറിയിക്കുന്നു. കുട്ടിയുടെ അമ്മയുമായുള്ള ഉടമ്പടിപ്രകാരം, അവന്‍ എന്റെ മാത്രം മകനായിട്ടാണ് വളരുക. അവന്റെ അമ്മ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല...''ആ കുറിപ്പിനുപിന്നാലെ കുഞ്ഞിന്റെ അമ്മയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങി ഫുട്‌ബോള്‍ ലോകം.

പത്രമാധ്യമങ്ങള്‍ ഉള്‍പ്പെടെ പലരും പല കഥകള്‍ നെയ്തു. 2014-ല്‍ ദി മിറര്‍ ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തു: അമേരിക്കയിലെ ഒരു റസ്‌റ്റോറന്റിലെ വെയ്ട്രസ് ആയിരുന്നു ജൂനിയറിന്റെ അമ്മ. മറ്റൊരു പത്രത്തില്‍ വാര്‍ത്ത വന്നതിങ്ങനെ: ജൂനിയറിന്റെ അമ്മ യു.കെ.യില്‍ വിദ്യാര്‍ഥിനിയായിരുന്നു. അവിടെവെച്ച് റൊണാള്‍ഡോയുമായുള്ള വണ്‍നൈറ്റ് സ്റ്റാന്‍ഡിലാണ് കുട്ടിയുണ്ടായത്. വാടകഗര്‍ഭപാത്രത്തിലൂടെയാണ് റോണോയുടെ മൂത്തമകന്‍ ജനിച്ചതെന്നും വാര്‍ത്തകള്‍ വന്നിരുന്നു. 

റോണോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലുണ്ടായിരുന്ന കാലത്തെ വണ്‍നൈറ്റ് സ്റ്റാന്‍ഡിന്റെ കഥയാണ് ചില സ്പാനിഷ് പത്രങ്ങള്‍ പറഞ്ഞത്. ഒരു ഭക്ഷണശാലയിലെത്തിയ റോണോ, ഒരു സ്ത്രീയെ പരിചയപ്പെട്ടു. ആ പരിചയം ഒരു വണ്‍നൈറ്റ് സ്റ്റാന്‍ഡിലെത്തി. അതിനുശേഷം ഗര്‍ഭിണിയാണെന്ന് അറിഞ്ഞ അവര്‍ റൊണാള്‍ഡോയെ ബന്ധപ്പെട്ടു. അബോര്‍ഷന്‍ സാധ്യമല്ലാത്ത അവസ്ഥയായതിനാല്‍, പ്രസവിച്ചശേഷം കുഞ്ഞിനെ റൊണാള്‍ഡോയ്ക്ക് കൈമാറുകയും ചെയ്തു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അവര്‍, പത്ത് മില്യണ്‍ പൗണ്ട് വാങ്ങിയാണ് രക്ഷാകര്‍തൃത്വം റോണോയ്ക്ക് കൈമാറിയതെന്നും വാര്‍ത്തകളുണ്ടായിരുന്നു. അവരുടെ താത്പര്യമില്ലായ്മയോ റോണോയുടെ ഇഷ്ടക്കുറവോ കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല. 
 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കുടുംബത്തോടൊപ്പം / ഫോട്ടോ: Getty images

തീരാത്ത ചര്‍ച്ചകള്‍... 
ഇന്നും ജൂനിയറിന്റെ അമ്മയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കഴിഞ്ഞിട്ടില്ല. ഏത് അഭിമുഖത്തിലും ക്രിസ്റ്റ്യാനോ ഏറ്റവുമധികം നേരിടേണ്ടിവരുന്ന ചോദ്യവും ഇതുമായി ബന്ധപ്പെട്ടുതന്നെ. അതിനെല്ലാം റോണോ പറയാറുള്ളത് അപൂര്‍ണമായ ഉത്തരങ്ങളുമാണ്. ''ആളുകള്‍ പലതും പറയുന്നു, എനിക്ക് ആ കാമുകിയിലുണ്ടായ കുഞ്ഞാണ്, ഈ കാമുകിയിലുണ്ടായ കുഞ്ഞാണ് എന്നൊക്കെ. ചിലര്‍ അതും കടന്ന് വാടകഗര്‍ഭധാരണത്തിലൂടെയാണ് ജൂനിയറിന്റെ ജനനമെന്നും പറയാറുണ്ട്. ആളുകള്‍ എന്തും പറയട്ടെ. ഞാനിതിനുപിന്നിലെ സത്യം ആരോടും പറയാന്‍ പോകുന്നില്ല''. 

ഒരുപടി കൂടി കടന്ന് റോണോ ഇങ്ങനെ കൂട്ടിച്ചേര്‍ക്കും, ''ജീവിതത്തിലെ ചില കാര്യങ്ങള്‍ വളരെ സ്വകാര്യമാണ്. ആളുകള്‍ ആ സ്വകാര്യതയെ ബഹുമാനിക്കുകയും വേണം. അവന്‍ വലുതാകുമ്പോള്‍ എന്തായാലും അവന്റെ അമ്മയെക്കുറിച്ച് ഞാന്‍ പറഞ്ഞുകൊടുക്കും, കാരണം അവനതറിയാനുള്ള അവകാശമുണ്ട്. പക്ഷേ ഇപ്പോള്‍ പറയില്ല. അവന്റെ ജീവിതത്തില്‍ അമ്മയുണ്ടാവാത്തതെന്തുകൊണ്ടെന്ന് അവനൊരിക്കല്‍ മനസ്സിലാവും. അന്ന് അവനെന്നെ മനസ്സിലാകുമെന്ന് എനിക്കുറപ്പുണ്ട്''. 

കാര്യം എന്തൊക്കെയായാലും ജൂനിയര്‍ എപ്പോഴും അച്ഛന്റെ പുറകെയാണ്. അച്ഛന്റെ സിആര്‍ 7 ക്ലോത്തിങ് ലൈനിന്റെ പരസ്യത്തിലോ, അല്ലെങ്കില്‍ കളികാണുമ്പോഴോ, പുരസ്‌കാരദാനവേദിയിലോ അച്ഛന്റെ കൈവിരല്‍ത്തുമ്പില്‍ എപ്പോഴും ജൂനിയറുണ്ടായിരുന്നു. പക്ഷേ, ഒരു ഫുട്‌ബോളര്‍ എന്ന നിലയിലും ഒരു കുട്ടിയെന്ന നിലയിലും അവന്റെ ജീവിതം പടുത്തുയര്‍ത്താന്‍ സഹായിച്ചത്, റോണോയുടെ അമ്മ ഡൊളോറസ് അവീറോയാണ്. ഒരുപുസ്തകത്തില്‍ അവര്‍  പറഞ്ഞതിങ്ങനെ, ''ഫ്‌ളോറിഡയിലെ ഒരു ആസ്പത്രിയില്‍നിന്നാണ് അവനെ ഞാന്‍ ഏറ്റുവാങ്ങുന്നത്. പിന്നീട് സ്‌പെയിനിലേക്ക് കൊണ്ടുപോയി''. ഇതും കള്ളമാണെന്ന് പിന്നീട് വാദങ്ങളുണ്ടായി. 

കടപ്പാട്: Instagram

നാല് സഹോദരങ്ങളാണ് ജൂനിയറിന്. ഇവ മരിയ, മാറ്റിയോ, അലാന മാര്‍ട്ടീന, ബെല്ല...എന്നിവര്‍. ഇവയും മാറ്റിയോയും ഇരട്ടകളാണ്. വാടകഗര്‍ഭധാരണത്തിലൂടെയാണവര്‍ ജനിച്ചത്. അതേ വര്‍ഷം തന്നെയാണ് കാമുകി ജോര്‍ജീന റോഡ്രിഗസില്‍ റോണോയ്ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്, ആ കുഞ്ഞിനവര്‍ അലാന മാര്‍ട്ടീന എന്ന് പേരുമിട്ടു. 2022-ല്‍ ജോര്‍ജീന വീണ്ടും ഗര്‍ഭിണിയായി. അതും ഇരട്ടക്കുട്ടികളായിരുന്നുവെങ്കിലും, ആണ്‍കുട്ടി ജനനത്തോടെ തന്നെ മരിച്ചു. 

ഒരു പോര്‍ച്ചുഗീസ് പത്രപ്രവര്‍ത്തകനോട് റോണോ ഒരിക്കല്‍ പറഞ്ഞതിങ്ങനെ, ''ജൂനിയറിന് കുറേ സഹോദരന്‍മാരെയും സഹോദരികളെയും വേണമെന്നാണ് ആഗ്രഹം. എന്റെ ജേഴ്‌സി നമ്പറും മാജിക്കല്‍ നമ്പറും ഏഴാണ്. അത്രയും സഹോദരങ്ങള്‍ വേണമെന്നാണിപ്പോള്‍ അവന്‍ പറയുന്നത്. അത് കൊള്ളാമെന്ന് എനിക്കും തോന്നുന്നു...''എല്ലാ കാര്യത്തിലും അച്ഛനെ പിന്തുടരുന്ന, അച്ഛന്റെ സ്വന്തം മകന്‍. അച്ഛന്‍ ഉറപ്പുകൊടുത്തതുപോലെ ഒരുനാള്‍ ജൂനിയര്‍ അവന്റെ അമ്മയെക്കുറിച്ചറിയും, ചിലപ്പോള്‍ ലോകവും അതറിയും.


 

Content Highlights: mystery behind christiano junior's birth and mother