സിനിമകളിൽ മിന്നിമറഞ്ഞ കബൂത്തർ ഖാനകൾ പൂട്ടാനൊരുങ്ങി മുംബൈ; ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തൽ

മുംബൈയുടെ അടയാളമാണ് കൂട്ടമായി പറന്നിറങ്ങുന്ന പ്രാവുകളും അതിന് തീറ്റകൊടുക്കുന്ന ആളുകളും. ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ മുന്നിലാണ് ഈ കാഴ്ച പ്രധാനമായും കാണപ്പെടുന്നത്. പിന്നെ ദാദറിലും. മുംബൈയിൽ ചിത്രീകരിക്കുന്ന സിനിമകളിലും പ്രാവുകൾ അതിഥിവേഷത്തിലെത്താറുണ്ട്. പ്രാവിൻകൂട്ടം പല സിനിമകളിലെയും ഒരു ഐക്കോണിക് രംഗമായി മാറിക്കഴിഞ്ഞു. 'മേനെ പ്യാർ കിയാ' എന്ന സൽമാൻ ഖാൻ സിനിമയിലെ 'കബൂത്തർ ജാ ജാ' എന്ന പാട്ട് എങ്ങനെ മറക്കാനാണ്? 'ദിൽവാലെ ദുൽഹനിയാ ലേ ജായേംഗെ' എന്ന സിനിമയിൽ ഷാരൂഖ് ഖാൻ പ്രാവുകൾക്ക് തീറ്റകൊടുക്കുന്ന സീനും അന്ന് ആരാധകരെ ഏറെ ആകർഷിച്ചിരുന്നു.
വിനോദസഞ്ചാരികൾക്ക് ഇതൊരു മനോഹരമായ കാഴ്ചയാണെങ്കിൽ, പ്രദേശവാസികൾക്ക് അങ്ങനെയല്ല. പ്രാവിൻകൂട്ടം തങ്ങളുടെ സൈ്വര്യജീവിതത്തിന് പലപ്പോഴും തടസ്സമാകുന്നുവെന്ന് അവർ പലപ്പോഴും പരാതിപ്പെട്ടിട്ടുമുണ്ട്. അതുകൊണ്ടാവാം മുംബൈയിലെ 'കബൂത്തർ ഖാനകൾ' (പ്രാവുകൾക്ക് തീറ്റ നൽകുന്ന കേന്ദ്രങ്ങൾ) ഉടൻ അടച്ചുപൂട്ടാൻ മഹാരാഷ്ട്ര സർക്കാർ, ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനോട് ഉത്തരവിട്ടത്. അവയുടെ കാഷ്ഠവും തൂവലുകളും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് കാട്ടിയാണ് സർക്കാറിന്റെ പുതിയ ഉത്തരവ്. ആസ്തമ, അലർജി തുടങ്ങിയവയാണ് പ്രധാനമായുള്ള പ്രശ്‌നങ്ങൾ. കബൂത്തർ ഖാനകൾക്ക് ചുറ്റുമായി ജീവിക്കുന്ന ആളുകൾക്കാണ് ആരോഗ്യപ്രശ്‌നങ്ങൾ കൂടുതലുള്ളതും. പത്തും ഇരുപതും വർഷത്തിലേറെ പഴക്കമുള്ള 50-ലേറെ കബൂത്തർ ഖാനകളാണ് മുംബൈയിൽ ഇപ്പോഴുള്ളത്.
ഒരു മാസത്തിനുള്ളിൽ കബൂത്തർ ഖാനകൾക്കെതിരെ ബോധവത്കരണം നടത്താനും ശേഷം എന്നെന്നേക്കുമായി പൂട്ടാനുമാണ് തീരുമാനം. പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്യും. ആളുകൾ ഭക്ഷണം പാഴാക്കിക്കളയുന്നതും പ്രാവുകളുടെ എണ്ണം കൂട്ടാൻ കാരണമാകുന്നുവെന്നാണ് അധികൃതരുടെ കണ്ടെത്തൽ. പല സ്ഥലങ്ങളിലും ആളുകൾ കളയുന്ന പിസ്സയും ബർഗറുമൊക്കെയാണത്രേ അവ തിന്നുന്നത്.
ദാദറിലെ പ്രശസ്തമായ 'കബൂത്തർ ഖാന' രണ്ടുദിവസത്തേക്ക് അടച്ചിട്ടിരുന്നു. എന്നാൽ, ആളുകൾ പ്രാവുകൾക്ക് വീണ്ടും ഭക്ഷണം നൽകാൻ തുടങ്ങിയപ്പോൾ അവ വീണ്ടും സജീവമായി. സാന്താക്രൂസ്, ദൗലത്ത് നഗർ എന്നിവിടങ്ങളിലും കബൂത്തർ ഖാനകളുണ്ടായിരുന്നു. അതിൽ പലതും നേരത്തെ തന്നെ അടച്ചുപൂട്ടിക്കഴിഞ്ഞു.
പതിറ്റാണ്ടുകളായി മുംബൈ ജീവിതത്തോട് ഇടകലർന്നുനിൽക്കുന്ന കബൂത്തർ ഖാനകൾ അടച്ചുപൂട്ടരുതെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. അത് സംസ്‌കാരത്തിന്റെ കൂടെ ഭാഗമാണെന്നാണ് അവർ പറയുന്നത്. കാലങ്ങളോളമായി പ്രാവുകളെ പവിത്രതയുടെയും അഹിംസയുടെയും പ്രതീകങ്ങളായിട്ടാണ് കാണുന്നതെന്നും അവർ ഓർമിക്കുന്നു. പെട്ടെന്ന് ഇവ അടച്ചുപൂട്ടുന്നതോടെ പ്രാവുകൾ ഭക്ഷണം കിട്ടാതെ ചത്തുപോകുമെന്ന് മറ്റൊരു വിഭാഗം പറയുന്നു. കുറച്ചുമാസം മുമ്പ് ചിലത് താത്കാലികമായി പൂട്ടിയപ്പോൾ തന്നെ ഒട്ടേറെ പ്രാവുകളാണ് ചത്തുവീണതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
മുംബൈയിൽ മാത്രമല്ല, രാജ്യത്ത് പലയിടങ്ങളിലും ഇത്തരം കബൂത്തർ ഖാനകളുണ്ട്. ഡൽഹിയിലേത് അടച്ചുപൂട്ടാനൊരുങ്ങുകയാണെന്ന് വാർത്തകളുണ്ടായിരുന്നു. ചൗന്ദ്‌നി ചൗക്ക്, പഹർഗഞ്ച്, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിലാണ് ഇവിടെ പ്രധാനമായും കബൂത്തർ ഖാനകളുള്ളത്.
മൈസൂരിൽ പാലസിനോട് ചേർന്ന് ഒരു കബൂത്തർ ഖാനയുണ്ട്. അവിടെത്തുന്ന വിനോദസഞ്ചാരികൾക്ക് പ്രാവുകൾക്ക് തീറ്റകൊടുക്കാനുള്ള അവസരവുമുണ്ട്. അതിനായി ഗോതമ്പും പൊട്ടുകടലയുമൊക്കെ ഓരോ ബൗളുകളിലായി നിരത്തിവെച്ചിട്ടുണ്ടാവും. 'കബൂത്തർ ദാൻ' എന്നാണ് തീറ്റകൊടുക്കുന്നതിനെ പറയുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: mumbais iconic pigeon feeding centers face closure due to health concerns