407 കോടി ജീവകാരുണ്യത്തിന്; ടൈം100 പട്ടികയിൽ മുകേഷ്-നിത ദമ്പതികൾ

മുകേഷ് അംബാനി, ഭാര്യ നിത്യ അംബാനി/ AFP
മുകേഷ് അംബാനി, ഭാര്യ നിത്യ അംബാനി/ AFP

92.5 ബില്യണ്‍ ആണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനായ മുകേഷ് അംബാനിയുടെ ആസ്തി. ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 18-ാമനാണ് അംബാനി. ജീവകാരുണ്യ-സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ ജീവിതങ്ങള്‍ മാറ്റിമറിക്കുന്ന വ്യക്തികളുടെ പട്ടിക ടൈം മാഗസിന്‍ ഈയാഴ്ച പുറത്തുവിട്ടിരുന്നു. ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സംഭാവന നടത്തിയത് മുകേഷ് അംബാനിയും ഭാര്യ നിത്യ അംബാനിയുമാണെന്ന് പട്ടിക പറയുന്നു. 2024-ല്‍ 407 കോടിയാണ് അംബാനി കുടുംബം സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. 

അംബാനി കുടുംബത്തിന്റെ ജീവകാരുണ്യ- സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് റിലയന്‍സ് ഫൗണ്ടേഷനിലൂടെയാണ്. റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്സണുമാണ് നിത അംബാനി. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, സ്ത്രീ ശാക്തീകരണം, ഗ്രാമവികസനം എന്നീ മേഖലകളിലാണ് റിലയന്‍സ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. 

വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തല്‍, വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, സ്ത്രീകള്‍ക്കായി പ്രത്യേക തൊഴില്‍ നൈപുണി പരിശീലനം, സുസ്ഥിര കാര്‍ഷികരംഗത്തിനുള്ള ശ്രമങ്ങള്‍, ആശുപത്രികളുടെ നിര്‍മാണം, കാഴ്ച പരിമിതര്‍ക്കായി പ്രത്യേകചികിത്സാപദ്ധതികള്‍, ജലവിഭവസംരക്ഷണം... എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് അംബാനി കുടുംബം 407 കോടി ചെലവിട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിതയുടെ ശ്രദ്ധ കായികരംഗത്തുമുണ്ട്. മുംബൈ ഇന്ത്യന്‍സ് എന്ന ഐപിഎല്‍ ടീമിന്റെ ഉടമ എന്നതിനപ്പുറം കായികലോകത്ത് അടിസ്ഥാന ഭൗതികസാഹചര്യം ഉയര്‍ത്താന്‍ നിത മുന്‍നിരയിലുണ്ട്. കുട്ടികളിലെ കായികാഭിരുചി കണ്ടെത്തി പരിശീലിപ്പിച്ച് സ്‌പോട്‌സ് കരിയറിലേക്ക് അവരെ എത്തിക്കാന്‍ നിത ശ്രമിക്കുന്നു. 

വാരന്‍ ബഫറ്റ്, ഡേവിഡ് ബെക്കാം, ഓപ്ര വിന്‍ഫ്രി, മിഷേല്‍ ബ്ലൂംബര്‍ഗ് എന്നിങ്ങനെ നിരവധി പ്രശസ്തര്‍ ഇടം നേടിയ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് വിപ്രോയുടെ സ്ഥാപകനായ അസീം പ്രേംജി, സെറോധ സ്ഥാപകനായ നിഖില്‍ കമ്മത്ത് എന്നിവരാണ് മുന്‍നിരയില്‍ ഇടം പിടിച്ചിട്ടുള്ളത്.

   
 

Content Highlights: mukesh and nita ambani featured in time100 philanthropy list