സക്കർബർഗിന് ഈ നിറങ്ങൾ കാണാനാവില്ല, ഫേസ്ബുക്കിന്റെ നീലയ്ക്കു കാരണവും വർണാന്ധത?

മാര്‍ക്ക് സക്കര്‍ബര്‍ഗ്‌
മാര്‍ക്ക് സക്കര്‍ബര്‍ഗ്‌

മെറ്റയുടെ സഹസ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗ് ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സാങ്കേതിക സംരംഭകരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ സംഭാവനയായ ഫേസ്ബുക്ക് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾക്ക് ആശയവിനിമയത്തിന് പുതുവഴി തുറന്നുനൽകിയത് ചരിത്രം. സാങ്കേതിക രംഗത്തെ മികവിനെപ്പറ്റി എല്ലാവർക്കും അറിയാമെങ്കിലും അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരു പ്രത്യേകതയെക്കുറിച്ച് അധികമാർക്കും അറിയില്ല. സക്കർബർഗിന് വർണാന്ധതയുണ്ടെന്ന കാര്യമാണത്. കൃത്യമായി പറഞ്ഞാൽ ചുവപ്പ്, പച്ച നിറങ്ങൾ (Red-Green Color Blindness) അദ്ദേഹത്തിന് വ്യക്തമായി തിരിച്ചറിയാനാവില്ല. സക്കർബർഗ് തന്നെ പൊതുവേദികളിൽ ഇത് തുറന്നുപറഞ്ഞിട്ടുണ്ട്.

നീലയാണ് അദ്ദേഹത്തിന് ഏറ്റവും വ്യക്തമായും മനോഹരമായും കാണാൻ കഴിയുന്ന നിറമത്രേ. ഫേസ്ബുക്കിന്റെ ബ്രാൻഡ് നിറമായി നീല തിരഞ്ഞെടുക്കാനുള്ള കാരണമിതാണെന്ന് പലരും കരുതുന്നുണ്ട്. അതേസമയം, ഈ പരിമിതി അദ്ദേഹത്തിന്റെ നേതൃത്വശേഷിയെയോ വിജയത്തെയോ ഒരിക്കലും ബാധിച്ചിട്ടില്ലെന്നതാണ് സത്യം. സക്കർബർഗിന് ഏറ്റവും നന്നായി കാണാൻ കഴിയുന്ന ഈ നീല ഇന്ന് ലോകത്തിലെ ഏറ്റവും തിരിച്ചറിയപ്പെടുന്ന ബ്രാൻഡ് ഐഡന്റിറ്റികളിലൊന്നാണ്.

എന്താണ് വർണാന്ധത?

ചില നിറങ്ങൾ ശരിയായി തിരിച്ചറിയാനാവാത്ത ഒരു കാഴ്ചാവസ്ഥയാണ് വർണാന്ധത (Color Vision Deficiency). കണ്ണിലെ റെറ്റിനയിലുള്ള കോൺ കോശങ്ങൾ സാധാരണ രീതിയിൽ പ്രവർത്തിക്കാതിരിക്കുകയോ ചിലപ്പോൾ ഇല്ലാതിരിക്കുകയോ ചെയ്യുമ്പോഴാണ് ഈ അവസ്ഥയുണ്ടാകുന്നത്. പലരും കരുതുന്നതുപോലെ വർണാന്ധരായ ആളുകൾ ലോകത്തെ കറുപ്പും വെളുപ്പും മാത്രമായല്ല കാണുന്നത്. ചില പ്രത്യേക നിറങ്ങളെ വേർതിരിച്ചറിയാൻ അവർക്ക് ബുദ്ധിമുട്ടുണ്ടെന്നു മാത്രം. ഏറ്റവും സാധാരണമായ തരം വർണാന്ധതയാണ് ചുവപ്പ്–പച്ച നിറത്തോടുള്ളത്. ചുവപ്പും പച്ചയും അവയുമായി ബന്ധപ്പെട്ട നിറങ്ങളും വേർതിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കുമിവർക്ക്. അപൂർവമായി ചിലരിൽ നീല–മഞ്ഞ വർണാന്ധതതും കാണുന്നു.

ഇതൊരു രോഗമല്ല. ബുദ്ധിശക്തിയെയോ സൃഷ്ടിപരമായ കഴിവുകളെയോ നേതൃത്വശേഷിയെയോ ഇത് ബാധിക്കുന്നുമില്ല. ബിസിനസ്, ശാസ്ത്രം, എഞ്ചിനീയറിങ്, കായികരംഗം തുടങ്ങി നിരവധി മേഖലകളിൽ വർണാന്ധരായ വ്യക്തികൾ വലിയ വിജയങ്ങൾ നേടിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സിനും വർണാന്ധതയുണ്ട്. 18-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ ജോൺ ഡാൾട്ടനും ഈ അവസ്ഥയുള്ളയാളായിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Mark Zuckerberg has red-green color blindness., Blue is the color Zuckerberg perceives most clearly., Facebook's iconic blue branding is attributed to Zuckerberg's visual preference., Color blindness is a vision deficiency, not a disease or an intellectual impairment., Notable figures like Bill Gates also have color vision deficiency.