എലിസബത്ത് രാജ്ഞിയുടെ ഇഷ്ടപുഷ്പം; ലിലി ഓഫ് ദി വാലിയും അതിലെ വിഷവും

ഏദന്‍ തോട്ടത്തില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഹവ്വയുടെ കണ്ണില്‍ നിന്നുതിര്‍ന്ന കണ്ണുനീരില്‍ ഉത്ഭവിച്ച ചെടി, അങ്ങനെയാണ് 'ലിലി ഓഫ് ദി വാലി'യെക്കുറിച്ചുള്ള വിശ്വാസം. കാണാന്‍ അതിമനോഹരിയാണ് സുഗന്ധം പരത്തുന്ന ഈ വെളുത്ത പുഷ്പം. കുലയായി വെളുത്ത ബെല്ലുകള്‍ പോലെ തൂങ്ങിക്കിടക്കുന്ന പൂക്കള്‍ക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്.
എലിസബത്ത് രാജ്ഞിയുടെ ഇഷ്ടപുഷ്പമായിരുന്നത്രേ 'ലിലി ഓഫ് ദി വാലി'. രാജ്ഞിയുടെ വിവാഹത്തിനും കിരീടധാരണത്തിനുമെല്ലാം പൂച്ചെണ്ടുകളില്‍ ഈ പൂക്കളുമുണ്ടായിരുന്നു. ബ്രിട്ടിഷ് രാജകൊട്ടാരത്തിലെ പ്രധാനചടങ്ങുകളിലെല്ലാം പൂക്കൂടകളിലും പൂച്ചെണ്ടുകളിലും 'ലിലി ഓഫ് ദി വാലി' ഇടം പിടിക്കും. കേറ്റ് മിഡില്‍ടണ്‍, വിക്ടോറിയ രാജ്ഞി, ഗ്രേസ് കെല്ലി, സ്വീഡനിലെ ആസ്ട്രിഡ് രാജകുമാരി എന്നിവരുള്‍പ്പെടെ നിരവധി രാജകുടുംബാംഗങ്ങളുടെ വിവാഹ പൂച്ചെണ്ടുകളില്‍ ഈ പൂക്കളുണ്ടായിരുന്നു. തങ്ങളുടെ പ്രണയത്തിന്റെ ഭാഗ്യഘടകമായിട്ടാണ് പൂവിനെ അവര്‍ കണ്ടത്.
ഫിന്‍ലാന്‍ഡിന്റെ ദേശീയ പുഷ്പമാണ് 'ലിലി ഓഫ് ദി വാലി' (1967 മുതല്‍). ഫ്രാന്‍സില്‍ ഈ പൂവിന്റെ പേരില്‍ ഒരു ദിനം തന്നെയുണ്ട്. ആഘോഷത്തിന്റെ ഭാഗമായി വര്‍ഷംതോറും മെയ് ഒന്നിന് ആളുകള്‍ തങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് 'ലില്ലി ഓഫ് ദ വാലി'യുടെ പൂച്ചെണ്ട് സമ്മാനമായി നല്‍കും. ഭാഗ്യത്തെ സൂചിപ്പിക്കാനും വസന്തത്തിന്റെ വരവ് ആഘോഷിക്കാനുമൊക്കെയാണ് ഈ ആഘോഷം.
ലേഡീസ് ടിയേഴ്‌സ്, മെയ് ബെല്‍, മേരീസ് ടിയേഴ്‌സ് എന്നെല്ലാം 'ലില്ലി ഓഫ് വാലി'ക്ക് പേരുകളുണ്ട്. അസ്പരാഗസ് കുടുംബത്തില്‍ പെട്ടതാണ് ഈ ചെടി. യൂറേഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളാണ് സ്വദേശം. ചുവപ്പുനിറമാണ് കായ്കള്‍ക്ക്. പൂക്കളുടെ മനോഹാരിത കണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലും ആളുകള്‍ ഈ ചെടി വളര്‍ത്തുന്നു.
വിഷാംശം
'ലിലി ഓഫ് ദി വാലി'യില്‍ വലിയ അളവില്‍ വിഷാംശമുണ്ട്. മനുഷ്യര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കുമടക്കം പ്രശ്‌നങ്ങളുണ്ടാക്കുന്ന കാര്‍ഡിയാക് ഗ്ലൈക്കോസൈഡുകള്‍ വയറ്റിലെത്തിയാല്‍ ഗുരുതരമായ രോഗങ്ങള്‍ക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ചിലപ്പോള്‍ മരണത്തിനുപോലും ഇടയാക്കും. ചെടിയുടെ എല്ലാ ഭാഗങ്ങളിലും വിഷമുണ്ടെങ്കിലും വേരുകളിലാണ് വിഷാംശം ഏറ്റവുമധികമുള്ളത്. കുട്ടികള്‍ ഇതിന്റെ കായ പറിച്ചുതിന്നുള്ള അപകടങ്ങള്‍ ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.
അതേസമയം, പെര്‍ഫ്യൂം ഉണ്ടാക്കാന്‍ ഈ പൂക്കള്‍ ഉപയോഗിക്കാറുണ്ട്. മൗണ്ടെയ്ന്‍ ഹെതറും വൈല്‍ഡ് ഗാര്‍ലിക്കും കാഴ്ചയില്‍ 'ലിലി ഓഫ് ദി വാലി'യുമായി സാമ്യമുള്ള പൂക്കളാണ്.
Content Highlights: lily of the valley queen elizabeth II favourite flower