വേര്‍തിരിവും അപമാനവും നേരിടുന്ന ലൈംഗികതൊഴിലാളികള്‍; ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍ വേറെ

കൊല്‍ക്കത്തയിലെ ഒരു ലൈംഗികതൊഴിലാളിയുടെ മകള്‍ / ഫോട്ടോ: AFP
കൊല്‍ക്കത്തയിലെ ഒരു ലൈംഗികതൊഴിലാളിയുടെ മകള്‍ / ഫോട്ടോ: AFP

വീണ്ടുമൊരു ലൈംഗികതൊഴിലാളി ദിനം കൂടി കഴിഞ്ഞു. അപ്പോഴും ചില ചോദ്യങ്ങള്‍ മാത്രം ബാക്കിയാണ്. അവരുടെ തൊഴില്‍ സാഹചര്യങ്ങളില്‍ എന്ത് വ്യത്യാസമാണുണ്ടായത്? അവരുടെ അവകാശങ്ങളെക്കുറിച്ച് അവര്‍ ബോധവാന്‍മാരാണോ? നിരന്തരം ചൂഷണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് അവരിപ്പോഴും. ഒപ്പം സുരക്ഷിതമല്ലാത്ത തൊഴില്‍സാഹചര്യങ്ങളും.

1976 മുതലാണ് ലോക ലൈംഗികതൊഴിലാളി ദിനം ആചരിച്ചുതുടങ്ങിയത്. ഫ്രാന്‍സില്‍നിന്നാണ് ഈ സംഭവങ്ങളുടെ തുടക്കം. ഫ്രാന്‍സില്‍ ലൈംഗികതൊഴില്‍ പണ്ടേ നിയമവിധേയമായിരുന്നു. പക്ഷേ വേശ്യാലയം നടത്തുന്നതും ആവശ്യക്കാര്‍ക്ക് ലൈംഗികതൊഴിലാളികളെ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരെയും അവിടെ നിരോധിക്കുകയും ചെയ്തിരുന്നു. അതൊക്കെ അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂട്ടി. ഒപ്പം മാന്യമല്ലാത്ത തൊഴില്‍സാഹചര്യങ്ങളും. അവരുടെ ജീവിതനിലവാരമുയര്‍ത്താന്‍ സര്‍ക്കാരും ഒന്നും ചെയ്തിരുന്നില്ല. കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ടുപോവുന്നതിനിടയിലാണ് രണ്ട് ലൈംഗികതൊഴിലാളികള്‍ കൊല്ലപ്പെടുന്നത്. അതാണ് പ്രക്ഷോഭത്തിലേക്ക് നയിക്കുന്നത്. ഇത്തരത്തില്‍ നടക്കുന്ന ആദ്യത്തെ പ്രക്ഷോഭവുമാണിത്.  

1975 ജൂണ്‍ മാസത്തില്‍, മാന്യമല്ലാത്ത തൊഴില്‍സാഹചര്യങ്ങളില്‍ നിരാശരായ നൂറോളം വരുന്ന ലൈംഗികതൊഴിലാളികള്‍ ഫ്രാന്‍സിലെ ലിയോണില്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. ജൂണ്‍ 2-ന് തങ്ങളുടെ പ്രതിഷേധത്തിലേക്കും പ്രശ്‌നങ്ങളിലേക്കും ആളുകളുടെ ശ്രദ്ധ തിരിക്കാനായി ലിയോണിലെ സെന്റ് നൈസിയര്‍ പള്ളി അവര്‍ കൈയടക്കി. എട്ടുദിവസം നീണ്ടുനിന്ന ആ സമരം അന്താരാഷ്ട്ര മാധ്യമങ്ങള്‍വരെ ഏറ്റെടുത്തു. അതുകൊണ്ട് ഫലമൊന്നുമുണ്ടായില്ലെങ്കിലും, പ്രതിഷേധത്തിന് തിരികൊളുത്താന്‍ കഴിഞ്ഞുവെന്നതാണ് അതിന്റെ പ്രത്യേകത. 

ആ ചരിത്രപരമായ സംഭവത്തിന്റെ ഓര്‍മയ്ക്കായാണ് എല്ലാ വര്‍ഷവും ജൂണ്‍ 2 അവരുടെ അവകാശങ്ങളെ ഓര്‍മിപ്പിക്കുന്ന ദിനമായി ആഘോഷിക്കുന്നത്. അവര്‍ക്കെതിരെയുള്ള മനുഷ്യത്വരഹിതമായ ചൂഷണങ്ങളെക്കുറിച്ചും ജോലിസാഹചര്യങ്ങളെക്കുറിച്ചും അവബോധം ഉണ്ടാക്കുക എന്നതാണ് ഈ ദിവസത്തിന്റെ പ്രധാനലക്ഷ്യം.  

നേരിടുന്ന ശാരീരികപീഡനങ്ങള്‍
ഈ ജോലി കാരണം സമൂഹത്തില്‍നിന്ന് വേര്‍തിരിവും അപമാനവും നേരിടുന്നുണ്ട് ലൈംഗികതൊഴിലാളികള്‍. അതിനൊപ്പം മോശമായ പെരുമാറ്റവും ഭീഷണിയും വേറെ. തൊഴില്‍ കഴിഞ്ഞ് പറഞ്ഞുറപ്പിച്ച പണം പോലും നല്‍കാതെ ചവിട്ടിയും കുത്തിയും ശാരീരികമായി വേദനിപ്പിച്ചും കടന്നുകളയുന്നവരുണ്ട്. അതിനൊപ്പം ലൈംഗികവൈകൃതങ്ങള്‍ക്ക് ഇരയാവുന്നവര്‍ വേറെയും. ഒരാളെന്നുപറഞ്ഞാണ് വിളിക്കുന്നതെങ്കിലും, ചിലപ്പോള്‍ അതിലേറെ ആളുകളുണ്ടാവും. 'പണം നല്‍കിയിട്ടല്ലേ നിന്നെ കൊണ്ടുവരുന്നത്. അപ്പോള്‍ എന്തും സഹിക്കാന്‍ തയ്യാറാവണം' എന്ന മനോഭാവമായിരിക്കും പലര്‍ക്കും. പോണ്‍ സൈറ്റുകളുടെയും മറ്റും സ്വാധീനമാണ് ഇത്രയും ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍ക്കുള്ള കാരണം.  

ഭൂരിഭാഗം പേരും തങ്ങളുടെ ജീവിതസാഹചര്യങ്ങളും വീട്ടിലെ ദാരിദ്ര്യവും കാരണമാണ് ഇത്തരമൊരു തൊഴിലിലേക്ക് എത്തിച്ചേരുന്നത്. പിന്നീട് ജീവിതസാഹചര്യം മെച്ചപ്പെട്ടാലും ഇല്ലെങ്കിലും, ഒരു തിരിച്ചുപോക്ക് അസാധ്യമാണ് മിക്കപ്പോഴും. ശാരീരികമായി പിന്നീടുണ്ടാവുന്ന അസുഖങ്ങള്‍ വേറെ. അതിലേറ്റവും പ്രധാനം എയ്ഡ്‌സ് തന്നെ. അസുഖം ബാധിച്ചുകഴിഞ്ഞാല്‍ ആരും നോക്കാനില്ലാതെ ഒടുങ്ങുന്നവരും എത്രയോ പേരുണ്ട്. യു.എന്‍.എയ്ഡ്‌സിന്റെ 2022-ലെ കണക്കുകള്‍ പ്രകാരം 39 ദശലക്ഷം പേര്‍ക്കാണ്‌ എയ്ഡ്‌സ് ബാധിച്ചത്. 2022-ല്‍ മാത്രം പുതുതായി 1.3 മില്യണ്‍ പേര്‍ക്ക് ഈ അസുഖം ബാധിച്ചു. അതേവര്‍ഷം ആറര ലക്ഷത്തോളം പേര്‍ എയ്ഡ്‌സ് ബാധിച്ച് മരിച്ചുവെന്നും കണക്കുകള്‍ പറയുന്നു.

സോനാഗച്ചിയില്‍നിന്ന് / ഫോട്ടോ: AP

ഇവിടെ ഇങ്ങനെ
പല രാജ്യങ്ങളിലും ലൈംഗികവൃത്തി നിയമവിധേയമാണ്, ചിലയിടത്ത് നിയമവിരുദ്ധവും. ഇന്ത്യ രണ്ടിനുമിടയിലാണ്. 2022 മേയ് 19-നാണ് ലൈംഗികതൊഴില്‍ ഒരു തൊഴിലായി സുപ്രീം കോടതി അംഗീകരിക്കുന്നത്. അതിലേക്ക് നയിച്ചത് ഒരു കേസാണ്. 1999 സെപ്റ്റംബറില്‍ കൊല്‍ക്കത്തയിലെ സോനാഗച്ചിയില്‍ ഒരു ലൈംഗികതൊഴിലാളി കൊല്ലപ്പെട്ട കേസില്‍, ബുധദേവ് കര്‍മ്മസ്‌കര്‍ എന്നയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കേസ് പശ്ചിമബംഗാള്‍ കോടതിയിലെത്തിയപ്പോള്‍, കോടതി ഇങ്ങനെ നിരീക്ഷിച്ചു, ''ലൈംഗികതൊഴിലാളികളും മനുഷ്യന്‍മാരാണ്. അവരെ കൊല്ലാനോ ഉപദ്രവിക്കാനോ ഉള്ള അവകാശം ആര്‍ക്കുമില്ല''. ബുധദേവിന് ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തു. ഇതിനെതിരെ ബുധദേവ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചെങ്കിലും, കോടതി അത് തള്ളിക്കളഞ്ഞു.

ഇതിനോടനുബന്ധിച്ചാണ് സുപ്രീം കോടതി സുപ്രധാന വിധി പുറപ്പെടുവിക്കുന്നതും. ലൈംഗിക തൊഴിലാളികള്‍ക്കെതിരെ ക്രിമിനല്‍ കേസുകളെടുക്കാന്‍ പാടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അവര്‍ക്ക് നിയമപ്രകാരം അന്തസ്സിനും തുല്യ പരിരക്ഷയ്ക്കും അര്‍ഹതയുണ്ട്. പ്രായപൂര്‍ത്തിയായ ആളാണെന്ന് വ്യക്തമായാല്‍ ക്രിമിനല്‍ നടപടിയെടുക്കുന്നതില്‍നിന്ന് പോലീസ് വിട്ടുനില്‍ക്കണം. ലൈംഗികപീഡനത്തിനെതിരെ ലൈംഗിക തൊഴിലാളികള്‍ നല്‍കുന്ന പരാതികള്‍ പോലീസ് വിവേചനപരമായി കണക്കാക്കരുത്. അവര്‍ക്ക് എല്ലാവിധ വൈദ്യ, നിയമസഹായങ്ങളും നല്‍കണമെന്നും നിര്‍ദേശമുണ്ട്. പക്ഷേ, അതെത്രത്തോളം പ്രാവര്‍ത്തികമായി എന്നത് ഒരു ചോദ്യമാണ്.  

നാഷണല്‍ എയിഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ 2022-ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ മാത്രം എട്ട് ലക്ഷത്തിലേറെ ലൈംഗികതൊഴിലാളികളാണുള്ളത്. നാഷണല്‍ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം, ഇതില്‍ 6000 സ്ത്രീ തൊഴിലാളികള്‍ ശാരീരിക അതിക്രമങ്ങള്‍ നേരിടുന്നു.

Content Highlights: life of sex workers around the world