ദുര്‍ഗപൂജ ഷോപ്പിങ്ങില്‍ കുരുമുളക് സ്‌പ്രേയും അലാം കീചെയിനും ഉള്‍പ്പെടുത്തൂ- വൈറലായി പോസ്റ്റ്

കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വനിതാഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. രാജ്യമൊട്ടാകെയുള്ള വ്യാപക പ്രതിഷേധത്തിനാണ് ഈ സംഭവം തിരികൊളുത്തിയത്. ഇന്ത്യയിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളെപ്പറ്റി ആശങ്ക പങ്കുവെച്ചും സുരക്ഷാസംവിധാനങ്ങളെ ചോദ്യം ചെയ്തും സ്ത്രീകളും പുരുഷന്മാരും സാമൂഹികമാധ്യമങ്ങളില്‍ ഒട്ടേറെ പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്.
ഇതിനിടെ, ഒരു സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളൂവന്‍സര്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധിക്കപ്പെടുകയാണ്. ദുര്‍ഗപൂജയ്ക്ക് ഒരുങ്ങുകയാണ് സംസ്ഥാനമിപ്പോള്‍. ദുര്‍ഗപൂജയ്ക്കായി ഷോപ്പിങ് നടത്തുമ്പോള്‍ അതില്‍ കുരുമുളക് സ്‌പ്രേയും അലാം കീചെയിനും ചെറിയ കത്തികളും ഉള്‍പ്പെടുത്തണമെന്നാണ് ശ്രേയസി ബിശ്വാസ് എന്ന യുവതിയുടെ ആഹ്വാനം.
'കൊല്‍ക്കത്തയില്‍ താമസിക്കുന്ന സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് എനിക്ക് ഒരു വീഡിയോ ചെയ്യേണ്ടിവരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇതുപോലുള്ള ഒരു സംവിധാനത്തില്‍ നമ്മുടെ സുരക്ഷ വളരെ ദുര്‍ബലവും അപകടാവസ്ഥയിലുമാണ്, സ്ത്രീകള്‍ സ്വന്തം കാര്യം ശ്രദ്ധിക്കണം, ജോലിസ്ഥലങ്ങളില്‍ ജാഗ്രത പാലിക്കണം, സ്വയം പ്രതിരോധ ഉപകരണങ്ങള്‍ സദാ സമയവും ബാഗില്‍ കരുതണം'- ശ്രേയസി ബിശ്വാസ് എഴുതി. 7.6 ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനകം കണ്ടത്. ഏകദേശം 74,000-ലേറെ ലൈക്കുകളും ലഭിച്ചു.
എന്നാല്‍ ഉത്പന്നങ്ങളുടെ പരസ്യമാണ് ശ്രേയസി ചെയ്യുന്നതെന്നും നിലവിലെ അവസരം മുതലെടുക്കുകയാണെന്നും സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനമുയരുന്നുണ്ട്.
Content Highlights: kolkata woman’s durga puja shopping includes ‘pepper spray, alarm keychain