'കാക്കയുടെ നിറം; മോഹിനിയാട്ടം ചേരില്ല' ആര്‍.എല്‍.വി. രാമകൃഷ്ണനെ ആക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ

ആര്‍.എല്‍.വി. രാമകൃഷ്ണന്‍, കലാമണ്ഡലം സത്യഭാമ (Photo: Facebook-Rlv Ramakrishnan Ramakrishnan, Kalamandalam Sathyabhama)
ആര്‍.എല്‍.വി. രാമകൃഷ്ണന്‍, കലാമണ്ഡലം സത്യഭാമ (Photo: Facebook-Rlv Ramakrishnan Ramakrishnan, Kalamandalam Sathyabhama)

നര്‍ത്തകനും അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍.എല്‍.വി. രാമകൃഷ്ണനെ നിറംപറഞ്ഞ് അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സത്യഭാമയുടെ വിവാദപരാമര്‍ശം. സത്യഭാമയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും നേരത്തേയും തന്നെയവര്‍ ആക്ഷേപിച്ചിട്ടുണ്ടെന്നും ആര്‍.എല്‍.വി. രാമകൃഷ്ണന്‍ പ്രതികരിച്ചു. എം.ജി. സര്‍വകലാശാലയില്‍ എം.എ. മോഹിനിയാട്ടം ഒന്നാംറാങ്കോടെ പാസ്സായ വ്യക്തിയാണ് ആല്‍.എല്‍.വി. രാമകൃഷ്ണന്‍. പിഎച്ച്ഡിയും 15-ഓളം വര്‍ഷത്തെ പ്രവൃത്തിപരിചയവുമുണ്ട്. 

'മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള്‍ കണ്ടുകഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാംകൊണ്ടും കാല് കുറച്ചിങ്ങനെ അകത്തിവെച്ച് കളിക്കുന്ന ഒരു കലാരൂപമാണ്. ഒരു പുരുഷന്‍ കാലുംകവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുകയെന്നു പറഞ്ഞാല്‍ ഇതുപോലെയൊരു അരോചകമായ കാര്യമില്ല. എന്റെ അഭിപ്രായത്തില്‍ മോഹിനിയാട്ടം ആണ്‍പിള്ളേര്‍ക്ക് ചേരണമെങ്കില്‍ അവര്‍ക്ക് അതുപോലെ സൗന്ദര്യമുണ്ടാവണം. ആണ്‍പിള്ളേരില്‍ നല്ല സൗന്ദര്യമുള്ളവരില്ലേ, അവരായിരിക്കണം. ഇവനെ കണ്ടുകഴിഞ്ഞാല്‍ പെറ്റതള്ളപോലും സഹിക്കില്ല'-ഇങ്ങനെയായിരുന്നു സത്യഭാമയുടെ വിവാദപരാമര്‍ശം. അതേസമയം, സത്യഭാമയ്‌ക്കെതിരേ പല ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങളുയരുന്നുണ്ട്. 

ആര്‍.എല്‍.വി. രാമകൃഷ്ണന്റെ പ്രതികരണം
പ്രിയ കലാ സ്‌നേഹികളെ,
കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേര്‍ത്ത ഒരു കലാകാരി എന്നെ വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. ഞാന്‍ കാക്ക പോലെ കറുത്തവനാണെന്നും ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവന്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നും. എന്നെ കണ്ടാല്‍ പെറ്റ തള്ള പോലും സഹിക്കില്ല എന്നും. സുന്ദരികളായ സ്ത്രീകള്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നും. എനിക്ക് വിദ്യാഭ്യാസയോഗ്യതയില്ല എന്നൊക്കെയാണ് ഇവര്‍ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.

ഞാന്‍ ഏതോ ഒരു സ്ഥാപനത്തില്‍ എന്തോ ഒന്ന് പഠിച്ചു എന്നാണ് അവര്‍ പുലമ്പുന്നത്. എന്നാല്‍ സത്യസന്ധതയോടെ പഠിച്ച് വിജയിച്ചിട്ടാണ് ഞാന്‍ ഈ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്. 1996 മുതല്‍ തൃപ്പൂണിത്തുറ RLV കോളേജില്‍ മോഹിനിയാട്ട കളരിയില്‍ നിന്ന് പഠിച്ചിറങ്ങിയ കലാകാരനാണ് ഞാന്‍. 4 വര്‍ഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞതിനു ശേഷം എം.ജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് MA മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായിട്ടുണ്ട്.

ഇതുകൂടാതെ ഇവര്‍ പറയുന്ന കേരള കലാമണ്ഡലത്തില്‍ നിന്ന് പെര്‍ഫോമിങ്ങ് ആര്‍ട്‌സില്‍ Mphil Top Scorer ആയി പാസാവുകയും ഇതേ സ്ഥാപനത്തില്‍ തന്നെ മോഹിനിയാട്ടത്തില്‍ Phd പൂര്‍ത്തിയാക്കുകയും ചെയ്തു.UgC യുടെ അസിസ്റ്റന്റ് പ്രൊഫ: ആകുന്നതിനുള്ള നെറ്റ് പരീക്ഷയും വിജയിച്ചിട്ടുണ്ട്. ഇതുകൂടാതെ ദൂരദര്‍ശന്‍ കേന്ദ്രം A graded ആര്‍ട്ടിസ്റ്റായി തിരഞ്ഞെടുക്കുകയും ചെയ്തു. 15 വര്‍ഷത്തിലധികമായി കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലും RLV കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം ചെയ്തിട്ടുണ്ട്.

കലാമണ്ഡലം പേരോടു ചേര്‍ത്ത ഈ അഭിവന്ദ്യ ഗുരു എന്നെ നേരത്തെയും കലാമണ്ഡലത്തില്‍ വച്ച് ആക്ഷേപിച്ചിട്ടുണ്ട്. ഞാന്‍ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തില്‍ Phd നേടുന്നതും ഇവര്‍ക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു. ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്. ഇതുപോലെയുള്ള ജീര്‍ണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരികതന്നെ ചെയ്യും.
 

Content Highlights: kalamandalam sathyabhama insults rlv ramakrishnan