ആഡംബരത്തിന്റെ അവസാനവാക്കായ ആ ആകാശക്കപ്പലിനെ നിമിഷങ്ങള്‍ക്കുള്ളില്‍ തീയൊന്നാകെ വിഴുങ്ങി

ആകാശക്കപ്പല്‍
ആകാശക്കപ്പല്‍

1937 മേയ് 6. ന്യൂജേഴ്‌സിയിലെ ലേക്ഹസ്റ്റ് നാവിക വ്യോമത്താവളത്തില്‍ എല്ലാവരും കാത്തുനില്‍ക്കുകയാണ്. അവിടുത്തെ ഉദ്യോഗസ്ഥരും ഒരു റേഡിയോ ജേര്‍ണലിസ്റ്റുമെല്ലാം അതില്‍ ഉള്‍പ്പെടും. മണിക്കൂറുകള്‍ വൈകിവരുന്ന ഹിന്‍ഡന്‍ബര്‍ഗ് എന്ന ആകാശക്കപ്പല്‍ ലാന്‍ഡ് ചെയ്യാനൊരുങ്ങുകയാണ്. വൈകിയെങ്കിലും അത് സുരക്ഷിതമായി നിലത്തിറങ്ങാന്‍ തുടങ്ങുന്നുവെന്ന ആഹ്ലാദത്തിലായിരുന്നു എല്ലാവരും. പെട്ടെന്ന് ആകാശക്കപ്പലിന്റെ പിന്നിലെ ചിറകിന്റെ ഭാഗത്ത് ചെറിയൊരു തീപ്പൊരി കണ്ടു. നോക്കിനില്‍ക്കുന്നതിനിടയില്‍ നിമിഷങ്ങള്‍ക്കകം ഹിന്‍ഡന്‍ബര്‍ഗിനെ തീയൊന്നാകെ വിഴുങ്ങി. അത് നേരെ താഴേക്ക് പതിച്ചു. 

സംഭവസ്ഥലത്തുണ്ടായിരുന്ന റേഡിയോ ജേര്‍ണലിസ്റ്റ് ഹെര്‍ബെര്‍ട്ട് മോറിസന്റെ വാക്കുകളിലൂടെയും വിഷ്വലുകളിലൂടെയും പിറ്റേന്ന് ആളുകളെല്ലാം ആ ദുരന്തത്തെക്കുറിച്ചറിഞ്ഞു. പത്രങ്ങളുടെ മുന്‍പേജുകളില്‍ വാര്‍ത്തയും വന്നു. സുരക്ഷിതമെന്ന് അവകാശപ്പെട്ട ആ ആകാശക്കപ്പലിന്റെ തകര്‍ച്ച എല്ലാവരും ഞെട്ടലോടെയാണ് വായിച്ചറിഞ്ഞത്. 

സുരക്ഷിതം ഈ ആകാശക്കപ്പല്‍
ആകാശത്തിലൂടെ പറക്കുന്ന നൗകകളെയാണ് ആകാശക്കപ്പല്‍ അഥവാ എയര്‍ഷിപ്പ് എന്നുവിളിക്കുന്നത്. വാതകങ്ങള്‍ നിറച്ചാണ് ഇത് പറന്നുയരുന്നത്, ഹീലിയം അല്ലെങ്കില്‍ ഹൈഡ്രജണ്‍ ബലൂണുകള്‍ പോലെയാണിത്. മറ്റ് വിമാനങ്ങളെപ്പോലെ അധികം വേഗത്തില്‍ സഞ്ചരിക്കാന്‍ പറ്റില്ല. അധികം ഉയരത്തിലും പറക്കില്ല. അതാണ് പ്രത്യേകത. ഹിന്‍ഡന്‍ബര്‍ഗിലും ഹീലിയം നിറയ്ക്കാനായിരുന്നു തീരുമാനിച്ചതെങ്കിലും പിന്നീടത് മാറ്റുകയായിരുന്നു. ഹൈഡ്രജന്‍ ഉപയോഗിച്ചായിരുന്നു അതിന്റെ പ്രവര്‍ത്തനം. 

ജര്‍മനിയിലെ സെപ്പലിന്‍ കമ്പനിയുടേതായിരുന്നു ഈ ആകാശക്കപ്പല്‍. അവരുടെ ഫാക്ടറിയില്‍നിന്ന് നിര്‍മിച്ചത്. ലോകത്ത് അതുവരെ നിര്‍മിച്ചതില്‍ വെച്ച് ഏറ്റവും വലിയ ആകാശക്കപ്പലായിരുന്നുവത്. 804 അടിയായിരുന്നു വലുപ്പം. LZ 129 Hinderburg എന്നായിരുന്നു അതിന്റെ പേര്. വ്യോമചരിത്രത്തിലെ ആഡംബരത്തിന്റെ അവസാനപേര് എന്നായിരുന്നു ഇതിനെക്കുറിച്ച് നിര്‍മാതാക്കള്‍ പറഞ്ഞിരുന്നത്. വിശാലമായി ഇരിക്കാനുള്ള സൗകര്യം തന്നെയാണ് ആളുകളെ ഇതിലേക്ക് ആകര്‍ഷിച്ചത്. 

അതിനൊപ്പം രുചികരമായ ഭക്ഷണം, പിയാനോ കണ്‍സര്‍ട്ട്...ആളുകള്‍ക്ക് ആടാനും പാടാനും പിയാനോ വായിക്കാനുമുള്ള സൗകര്യം. ടേക്കോഫ് ചെയ്യുമ്പോഴൊന്നും അറിയാന്‍ പറ്റില്ല. അത്ര സുഗമമായിട്ടാണ് ടേക്കോഫ്. അക്കാലത്തെ ആഡംബരത്തിന്റെയും സാങ്കേതികവിദ്യയുടെയും കാര്യത്തില്‍ ഏറ്റവും മുന്നിലായിരുന്നുവത്.

ഹിന്‍ഡന്‍ബര്‍ഗിന് തീപിടിച്ചപ്പോള്‍

1936-ലാണ് ആദ്യയാത്ര നടത്തുന്നത്. ആ വര്‍ഷം ജര്‍മനിയില്‍നിന്ന് ന്യൂജേഴ്‌സിയിലേക്ക് വിജയകരമായ പത്തുയാത്രകള്‍ നടത്തിയിരുന്നു. ആളുകള്‍ക്കൊപ്പം ചരക്കുഗതാഗതത്തിനും ഹിന്‍ഡന്‍ബര്‍ഗ് ഉപയോഗിക്കപ്പെട്ടു. ആ വിജയത്തോടെ ആകാശക്കപ്പലുകളുടെ സേവനം
കൂട്ടാനും കമ്പനി തീരുമാനിച്ചു. 1937-ലെ ആദ്യ പറക്കലിനായി മേയ് മൂന്നിന് ഹിന്‍ഡന്‍ബര്‍ഗ് ഒരുങ്ങി. പൊതുവെ 72 പേര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുമെങ്കിലും, പകുതി പേരെ അന്നുണ്ടായിരുന്നുള്ളൂ. കാബിന്‍ ക്രൂവായി 61 പേരും. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വ്യോമതാവളത്തില്‍നിന്നാണ് പുറപ്പെട്ടത്. ആറിന് രാവിലെ ആറുമണിക്ക് ന്യൂജേഴ്‌സിയിലെത്തുന്ന രീതിയിലായിരുന്നു യാത്ര. 

എന്നാല്‍, കാലാവസ്ഥ പെട്ടെന്ന് മാറി. യാത്രയിലുടനീളം കാറ്റ് വല്ലാതെ ബുദ്ധിമുട്ടിച്ചുകൊണ്ടേയിരുന്നു. അതോടെ വളരെ പതുക്കെയായി ആകാശക്കപ്പലിന്റെ പോക്ക്. എങ്കിലും കാറ്റും മാറുന്ന കാലാവസ്ഥയുമൊന്നും ആളുകളെ തീരെ ബാധിച്ചില്ല. അവര്‍ യാത്രയാസ്വദിക്കുകയായിരുന്നു. സാവധാനത്തിലുള്ള യാത്രയ്ക്കുശേഷം വൈകീട്ട് നാലുമണിയോടെ ന്യൂജേഴ്‌സിയിലെത്തി. പക്ഷേ കാറ്റ് വീണ്ടും കൂടി. അതുകൊണ്ട് കാലാവസ്ഥ അനുകൂലമാവുന്നതുവരെ ലാന്‍ഡിങ് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം കിട്ടി. യാത്രക്കാരെ സന്തോഷിപ്പിക്കാനായി ന്യൂജേഴ്‌സിയിലെ കടലിനുമുകളിലൂടെയൊക്കെ പൈലറ്റ് ആകാശക്കപ്പല്‍ പറത്തി. 

അതിനിടയില്‍ അടുത്ത നിര്‍ദേശമെത്തി, കാലാവസ്ഥ അനുകൂലമാണ്, ലാന്‍ഡ് ചെയ്യാമെന്ന്. വീണ്ടും വിമാനത്താവളത്തിനുമുകളിലേക്ക് ഹിന്‍ഡന്‍ബര്‍ഗ് പറന്നു. അപ്പോഴേക്കും ഏഴുമണിയായിരുന്നു. എല്ലാവരും നോക്കിനില്‍ക്കുന്നതിനിടയില്‍ ആകാശക്കപ്പല്‍ നിലംപതിച്ചു. 32 സെക്കന്‍ഡിനുള്ളില്‍ എല്ലാം കഴിഞ്ഞു. 13 യാത്രക്കാരും 22 ക്രൂവുമുള്‍പ്പെടെ 35 പേരാണ് അന്ന് മരിച്ചത്.  

എന്താണ് കാരണമെന്നത് ഇന്നും അജ്ഞാതമായി തുടരുന്നു. എഞ്ചിന്‍ തകരാറെന്നും അട്ടിമറിയെന്നും പലരും പലതും പറഞ്ഞു. പക്ഷേ ഹൈഡ്രജനായതുകൊണ്ടാണ് അത്ര പെട്ടെന്ന് കത്തിപ്പിടിച്ചതെന്ന കാര്യത്തില്‍ ആരുമത്ര ശ്രദ്ധ കൊടുത്തില്ല. അതിനുമുമ്പും ആകാശക്കപ്പലുകള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെങ്കിലും, ഇതിന് മാധ്യമശ്രദ്ധ കൂടുതല്‍ കിട്ടി. സെപ്പലിന്‍ അത്രയും പ്രശസ്തമായ കമ്പനിയാണെന്നതായിരുന്നു കാരണം. ഈ സംഭവത്തോടെ അത്തരം ആകാശക്കപ്പലുകളുടെ അന്ത്യവുമായി. പക്ഷേ, ഇന്നും മനുഷ്യനിര്‍മിതദുരന്തമെന്ന പേരില്‍, ആളുകളിത് ഓര്‍ക്കുന്നു. 

Content Highlights: hindenburg airship crashed while landing