മഴക്കാലമാണ്; വേണ്ട വീശിയെടുക്കലും കുതിച്ചുപായലും, റോഡിലെ അഭ്യാസങ്ങൾ ജീവനെടുക്കാം

പ്രതീകാത്മകചിത്രം/ shutter stock
പ്രതീകാത്മകചിത്രം/ shutter stock

രാജ്യത്ത് ഏറ്റവും കൂടുതൽ റോഡപകടങ്ങളുണ്ടാവുന്ന സ്ംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണ് കേരളം. ഏറ്റവും കൂടുതൽ അപകടമരണങ്ങളും അശ്രദ്ധമായി വാഹനമോടിച്ച് സ്വയം വരുത്തുന്നവ തന്നെയാണെന്ന് വിദഗ്ധർ പറയുന്നു. അപകടങ്ങളുടെ 30 ശതമാനം മാത്രമാണ് രാത്രിയിലെങ്കിലും മരണനിരക്ക് ഏറ്റവും കൂടുതലുള്ളത് രാത്രി അപകടങ്ങളിലാണ്. നമ്മുടെ റോഡുകളുടെ രൂപഘടന തന്നെ ആക്‌സിഡന്റുകൾക്ക് കാരണമാകുന്നുണ്ട്. ചില സ്ഥലങ്ങളിൽ വീതികുറഞ്ഞ വഴികൾ, വലിയ ഇറക്കങ്ങൾ, വളവുകൾ.. ഇവിടെയോന്നും പലരും വേഗപരിധി പാലിക്കാറുമില്ല. ഇത് അപകടങ്ങൾക്ക് വഴിവയ്ക്കും.  മോട്ടോർ വാഹന വകുപ്പിന്റെ നിർദേശമനുസരിച്ച് നമ്മുടെ റോഡുകളിൽ അതും നാലുവരിപ്പാതകളിൽ കാറുകൾക്ക് മണിക്കൂറിൽ 90 കിലോ മീറ്റർ മാത്രമാണ് വേഗപരിധി. ഓരോ വാഹനങ്ങൾക്കനുസരിച്ച് അത് കുറഞ്ഞുവരുന്നുണ്ട്. നാഷണൽ ഹൈവേ, കോർപറേഷൻ മുൻസിപ്പാസിറ്റി എന്നിവിടങ്ങളിൽ, പഞ്ചായത്ത് റോഡുകൾ... എന്നിങ്ങനെ എല്ലായിടത്തും വേഗപരിധിയുണ്ട്. എന്നാൽ ഈ പരിധിയിൽ വഹനമോടിക്കുന്നവരാരും നമുക്കിടയിലുണ്ടാവില്ല. 

ലഹരി വസ്തുക്കൾ ഉപയോഗിച്ച ശേഷം വണ്ടിയോടിക്കുക, ഓവർ ടെയ്ക്ക് ചെയ്യുകയും മറ്റും ചെയ്യുമ്പോൾ നിയമങ്ങൾ പാലിക്കാതെ അലക്ഷ്യമായി വാഹനമോടിക്കുക, വണ്ടിയോടിക്കുന്നതിനിടെ ഉറങ്ങിപ്പോകുക, മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിങ്, അനധികൃതപാർക്കിങ്, ശരിയായ പരിശീലനമില്ലാതെ വാഹനമോടിക്കുന്നത്, നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ, അമിത വേഗത ഇതിനെല്ലാമൊപ്പം കൃത്യമായി സർവീസ് ചെയ്യാത്ത ഫിറ്റ്‌നസ്സ് ഉറപ്പാക്കാത്ത വാഹനങ്ങളും കൂടിയാവുമ്പോൾ നമ്മുടെ റോഡുകൾ ചോരക്കളമാകും. ഒറ്റനേരത്തെ അശ്രദ്ധയിൽ വരുന്നത് വലിയൊരു ദുരന്തമാണ്. ഇത് തടയാൻ ബോധപൂർവമായ ചിലകാര്യങ്ങൾ ഡ്രൈവർമാർ സ്വയം സ്വീകരിക്കണം. പ്രത്യേകിച്ചും മഴക്കാലത്ത്

മഴക്കാലം: ഏറെ ശ്രദ്ധവേണം

1. റോഡിൽ വാഹനങ്ങളിൽ നിന്ന് വീഴുന്ന എണ്ണത്തുള്ളികൾ അപകടകമാവാം. മഴവെള്ളത്തിനൊപ്പം ഇതുകൂടി ചേരുമ്പോൾ റോഡിലെ വഴുക്കൽ കൂടും. അമിത വേഗത്തിൽ ഇത്തരം ഇടങ്ങളിൽ വാഹനമോടിച്ചാൽ അപകടങ്ങൾ കൂടും. സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടമുണ്ടാക്കും. ആലപ്പുഴയിൽ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് വിദ്യാർത്ഥികൾ മരിച്ച സംഭവം ശക്തമായ മഴയിലെ അശ്രദ്ധമായ ഡ്രൈവിങ്ങ് ആയിരുന്നല്ലോ. അന്ന് സംഭവിച്ചത് മഴയിൽ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് തെന്നി നീങ്ങുന്ന ഹൈഡ്രോപ്ലെയിനിങ് എന്ന പ്രതിഭാസമാണ്. റോഡും ടയറും തമ്മിലുള്ള സംമ്പർക്കം നഷ്ടമാകുകയാണ് ഇതൽ സംഭവിക്കുന്നത്. അമിത വേഗം, തെയ്മാനം സംഭവിച്ച ടയർ, വാഹനത്തിലെ അമിതഭാരം എല്ലാം മഴയോടൊപ്പം ഇവിടെ വില്ലനാകും.  

2. ശക്തമായ മഴയത്ത് ഹെഡ്‌ലൈറ്റുകൾ ലോ ബീമിൽ തെളിക്കാം. റോഡ് വ്യക്തമായി കാണാനും മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധയിൽ നിങ്ങളുടെ വാഹനം പെടുന്നതിനും ഇത് സഹായിക്കും. വാഹനത്തിൽ ഫോഗ് ലൈറ്റ് ഉണ്ടെങ്കിൽ അതും ഉപയോഗിക്കാം.

3. പണം ലാഭിക്കാൻ കാലവധികഴിഞ്ഞ തെയ്മാനം സംഭവിച്ച ടയറുകൾ മാറ്റാത്തവരുണ്ട്. അപകടങ്ങളുണ്ടാക്കുന്നതിലെ പ്രധാനകാരണമാണിത്. അലൈൻമെന്റും വീൽബാലൻസിങ്ങും കൃത്യമാവുകയും ടയറിലെ വായുമർദ്ദം നിശ്ചിത അളവിലാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നത് സുരക്ഷ കൂട്ടും. 

4. വാഹനത്തിന്റെ ഹെഡ്‌ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡികേറ്റർ, വൈപ്പർ, ഹാൻഡ് ബ്രേക്ക് എന്നിവ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടെ ഉറപ്പാക്കണം. മഴക്കാലത്ത് വലിയവാഹനങ്ങളുടെ തൊട്ടുപിന്നാലെയുള്ള യാത്രവേണ്ട. അവ തെറുപ്പിക്കുന്ന വെള്ളം നിങ്ങളുടെ കാഴ്ചമറയക്കാം. മറ്റ് വാഹനങ്ങളുമായി പരമാവധി അകലം പാലിച്ച് മാത്രം പോവുക. മുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ട സാഹചര്യം വന്നാൽ അപകടസാധ്യത കുറയ്ക്കാൻ ഇത് സഹായിക്കും. 

5.നന്നായി മഴക്കാർ ഉള്ളപ്പോഴും, മഴപെയ്യുമ്പോഴും ഹെഡ് ലൈറ്റ് ഇടുക. വഴി തിരിച്ചറിയാൻ പറ്റാത്തവിധമുള്ള ശക്തമായ മഴയും ഇരുട്ടുമാണെങ്കിൽ മഴമാറുന്നതുവരെ വാഹം നിർത്തിയിട്ട് വിശ്രമിക്കാം. 

6. വെള്ളം കെട്ടിക്കിടക്കുന്ന കുഴികളിൽ വണ്ടി ഇറക്കുമ്പോൾ സൂക്ഷിക്കുക. നിങ്ങൾ കരുതുന്നതിലും ആഴം കുഴിക്കുണ്ടാകാം. റോഡ് പരിചയമുള്ളവർ ഏതെങ്കിലും വണ്ടിയുമായി മുൻപേ പോകുന്നത് വരെ കാത്തിരിക്കുക.

7. ടൂ വീലർ ഓടിക്കുന്നവർ മണൽ ലോറികൾ ,കുടിവെള്ള ടാങ്കറുകൾ തുടങ്ങിയ വെള്ളം റോഡിലേക്ക്  വീഴുന്ന വണ്ടികളുടെ പുറകെ പോകുമ്പോൾ വളരെ ശ്രദ്ധിക്കുക. വണ്ടി തെന്നി മറിയാം. റോഡിൽ വീണുകിടക്കുന്ന ഓയിലിന് മുകളിലൂടെ വണ്ടിയോടിച്ചാലും തെന്നി മറിയും. 

8.  നനഞ്ഞ  റോഡുകളിൽ പോകുമ്പോൾ ടൂ വീലർ വാഹനങ്ങൾ വീശി എടുക്കരുത്. നാൽപ്പതു കിലൊമീറ്റർ വേഗതയിൽ കൂടുകയും ചെയ്യരുത്. വണ്ടി സ്‌കിഡ് ചെയ്യും.

വേണം ഡിഫൻസീവ് ഡ്രൈവിങ്

റോഡിലെ ലക്ഷക്കണക്കിന് വാഹനങ്ങളുടെ ഡ്രൈവർമാരുടെ രീതികളും വ്യത്യസ്തമാണ്. റോഡുനിയമങ്ങളാണ് പലപ്പോഴും അപകടങ്ങളില്ലാതെ എല്ലാവരെയും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. ശ്രദ്ധയില്ലാതെയും അമിതവേഗത്തിലും മറ്റ് വാഹനങ്ങളെ ഓവർടേക്ക് ചെയ്ത് വാഹനമോടിക്കുന്നവരെ അഗ്രസ്സീവ് ഡ്രൈവർമാരായാണ് കണക്കാക്കുന്നത്. എന്നാൽ ട്രാഫിക്ക് നിയമങ്ങളെല്ലാം പാലിച്ച് മറ്റുള്ളവരുടെ തെറ്റായ ഡ്രൈവിങ് മൂലമുണ്ടാകുന്ന അപകടങ്ങളെ മുൻകൂട്ടികണ്ട് അതിൽനിന്ന് ഒഴിഞ്ഞുമാറി സുരക്ഷിതമയി വാഹനമോടിക്കുന്നതിനെയാണ് ഡിഫൻസീവ് ഡ്രൈവിങ് എന്നുപറയുന്നത്. 

1. മുന്നിലെ റോഡിന്റെ കഴിയുന്നത്ര ദൂരത്തിൽ ദൃഷ്ടിയെത്തണം. ദൂരേക്ക് നോക്കിയാലെ അപകടസാധ്യതകളെ നേരത്തെ അറിയാനാവൂ.

2. എല്ലാവശങ്ങളിലും ശ്രദ്ധയുണ്ടാവണം. ഇടറോഡുകളിൽ നിന്ന് വാഹനങ്ങളോ ആളുകളോ വരുന്നത് അറിയണമെങ്കിൽ അത്തരം ശ്രദ്ധ ആവശ്യമാണ്.

3. കരുതലോടെ വാഹനമോടിക്കുക എന്നതാണ് മറ്റൊന്ന്. ഉദാഹരണത്തിന് നമുക്കെതിരെ ഒരു വാഹനം തെറ്റായ ലൈനിലൂടെ കടന്നുവരുകയാണെങ്കിൽ ഞാനെന്തിന് വണ്ടി മാറ്റണം എന്ന് ചിന്തിക്കുന്നത് അപകടുണ്ടാക്കും. ഉടൻ തന്നെ നമ്മുടെ വണ്ടി ഇടതുവശത്തേക്ക് ഒതുക്കി അയാളെ കടന്നുപോകാൻ അനുവദിക്കാം. അതുപോലെ ഒരാൾ നമ്മളെ ഓവർടേക്ക് ചെയ്യാൻ കുറേതവണ ശ്രമിക്കുമ്പോഴും ഇത്തരത്തിൽ കടന്നുപോകാൻ അനുവദിക്കണം. 

4. എപ്പോഴും വാഹനമോടിക്കുമ്പോൾ മുന്നിലുള്ള വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കാം

5. വളരെയേറെ ശ്രദ്ധവേണ്ട കാര്യമാണ് ഡ്രൈവിങ്. ചെറിയ അശ്രദ്ധകൾ പോലും വലിയ അപകടങ്ങളുണ്ടാക്കാം. മൂന്നുതരം ഡിസ്ട്രാക്ഷനുകളാണ് വാഹനമോടിക്കുമ്പോൾ അപകടമുണ്ടാക്കുന്നത്. കാഴ്ചയുമായി ബന്ധപ്പെട്ട ഡിസ്ട്രാക്ഷൻ, മാനുവൽ ഡിസ്ട്രാക്ഷൻ, മെന്റൽ ഡിസ്ട്രാക്ഷൻ. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ഈ മൂന്ന് ഡിസ്ട്രാക്ഷനും സംഭവിക്കുന്നു. കാഴ്ച ഫോണിലേക്കാവുന്നു. ഫോണെടുക്കുമ്പോൾ സ്റ്റീറിങ്ങിൽ ഒരു കൈ മാത്രമാകുന്നു, ശ്രദ്ധ മൊബൈലിലേക്കാകുന്നു.

6. മാനസിക സമ്മർദ്ദം, ടെൻഷൻ, ദേഷ്യം എന്നിവയുള്ളപ്പോൾ ഡ്രൈവിങ് സുരക്ഷിതമാവില്ല. നമ്മുടെ ദേഷ്യം മാറ്റാനുള്ളയിടമല്ല റോഡുകൾ.

തയ്യാറാക്കിയത്- റോസ് മരിയ വിൻസെന്റ്
കടപ്പാട്; 
വിജീഷ്
ലോ എൻഫോഷ്‌സ്‌മെന്റ് ഓഫീസർ
സോഷ്യൽ മീഡിയ സെൽ
മൊട്ടോർ വാഹനവകുപ്പ്

Content Highlights: Driving in monsoon in Kerala roads tips and advice to stay safe