48,000 രൂപയുടെ കിയാന സെറ്റണിഞ്ഞ് ദീപിക, കുഞ്ഞു ദുവയുടെ കൈപിടിച്ച് രൺവീറും

രൺവീർ സിങ്, ദീപിക പദുകോൺ, ദുവ
രൺവീർ സിങ്, ദീപിക പദുകോൺ, ദുവ

നടി ദീപിക പദുകോണിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് വൈറലാവുകയാണ്. കഴിഞ്ഞദിവസം, മൂത്തമകൾ ദുവയുടെ പിറന്നാൾദിനത്തിലാണ് ദീപികയും രൺവീറും കുടുംബചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങളിൽ ദുവയെ പിടിച്ചുനിൽക്കുന്ന രൺവീറിനൊപ്പം ദീപിക പോസ് ചെയ്യുന്ന ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽമീഡിയയുടെ മനംകവർന്നു. ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് രൺവീർ ഇങ്ങനെ കുറിച്ചു, '' കുഞ്ഞ് ദുവയും ഞങ്ങളുടെ ഹൃദയങ്ങളും വലുതായിക്കൊണ്ടിരിക്കുകയാണ്! നിങ്ങളുടെ അനുഗ്രഹങ്ങൾക്ക് നന്ദി''.

താരങ്ങളായ വരുൺ ധവാൻ, രാകുൽപ്രീത് സിങ്, ആയുഷ്മാൻ ഖുറാന, സ്വര ഭാസ്‌കർ, സംവിധായകൻ ആദിത്യ ധർ എന്നിവർ ചിത്രങ്ങൾക്കുതാഴെ കമന്റുകളുമായെത്തി.

അതിനിടെ ദീപിക ധരിച്ച വസ്ത്രവും ചർച്ചയാവുകയാണ്. ഡെമെ ബൈ ഗബ്രിയേലയുടെ (Deme by Gabriella) കിയാന സെറ്റ് ആണ് ദീപിക തിരഞ്ഞെടുത്തത്. ഒരു ടോപ്പും പാന്റ്‌സും. സങ്കീർണ്ണമായ ലേസ്, കട്ട്വർക്ക് ഡിസൈനുകൾ എന്നിവയാണ് ഈ വെള്ള ലേസ് ടോപ്പിന്റെ പ്രത്യേകത. വെയ്സ്റ്റ് മുതൽ താഴേക്ക് ഒരു കട്ടൗട്ടും കൊടുത്തിരിക്കുന്നു. ഇതിന്റെ തന്നെ ഫ്‌ളോറൽ ലേസ് പാന്റ്സാണ് ഒപ്പം അണിഞ്ഞത്. ബ്രാൻഡ് വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന വില 48,823 രൂപയാണ്. ഫുൾസെറ്റായും അതല്ലെങ്കിൽ പാന്റ്‌സ് മാത്രമായും ടോപ്പ് മാത്രമായും ഇത് ലഭിക്കും. ആഭരണങ്ങളൊന്നും അണിഞ്ഞിരുന്നില്ല ദീപിക. രൺവീർ വെള്ള ഷർട്ടും വെള്ള പാന്റ്സുമാണ് തിരഞ്ഞെടുത്തത്. ഷർട്ടും ട്രൗസറും ധരിച്ചെത്തിയ ദുവ തന്നെയാണ് ഏറ്റവും കൂടുതൽ ശ്രദ്ധപിടിച്ചുപറ്റിയത്.

2012-ലാണ് ദീപികയും രൺവീറും ഡേറ്റിങ് തുടങ്ങിയത്. തങ്ങൾ വിവാഹിതരാകുന്നുവെന്ന വിവരം താരങ്ങൾ പുറത്തുവിട്ടത് 2018 ഒക്ടോബറിലാണ്. തൊട്ടടുത്ത മാസം വിവാഹിതരാവുകയും ചെയ്തു. കൊങ്കണി-സിഖ് ആചാരപ്രകാരങ്ങളോടെ ഇറ്റലിയിൽവെച്ചായിരുന്നു ചടങ്ങുകൾ. 2024 സെപ്റ്റംബർ 8-നാണ് ഇരുവർക്കും ആദ്യത്തെ കുഞ്ഞുണ്ടായത്. ഈ വർഷം ഏപ്രിലിലാണ് രണ്ടാമത്തെ കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം ദമ്പതിമാർ പുറത്തുവിട്ടത്.

ഗർഭിണിയായശേഷവും സിനിമയുടെ ഷൂട്ടിങ്ങുമായി സജീവമാണ് ദീപിക. ഷാരൂഖ് ഖാൻ നായകനാവുന്ന 'കിങ്' , അല്ലു അർജുന്റെ 'റാക്കാ' എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് ലൊക്കേഷനിൽനിന്നുള്ള ചിത്രങ്ങൾ നേരത്തെ ലീക്കായിരുന്നു. ഗർഭിണിയായശേഷം ഫൈറ്റ് സീക്വൻസുകളിൽ പോലും ദീപിക അഭിനയിച്ചു. 'ധുരന്ധർ: ദ റിവഞ്ച്' എന്ന ചിത്രമാണ് രൺവീറിന്റേതായി അവസാനം റിലീസായത്. ചിത്രം പല റെക്കോഡുകളും തകർത്താണ് ബോക്‌സോഫീസിൽ മുന്നേറിയത്. ഇപ്പോൾ 'പ്രളയ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് രൺവീർ.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Deepika Padukone and Ranveer Singh shared new family photos featuring daughter Dua on her birthday., Deepika wore a white lace Deme by Gabriella Kiana set priced at approximately Rs 48,000.