300ലേറെപ്പേര്‍ എവറസ്റ്റില്‍ മരിച്ചുകിടക്കുന്നു; കോടാലികൊണ്ട് ഐസ് മാറ്റിയാണ് പുറത്തെടുക്കുക

പ്രശസ്ത കനേഡിയന്‍ ഛായാഗ്രാഹകനും ഫിലിം മേക്കറുമായ ഏലിയ സെയ്ക്ലി പത്തുതവണയെങ്കിലും എവറസ്റ്റ് കയറിയിട്ടുണ്ട്. ആദ്യയാത്രയ്ക്കുശേഷം അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ ഇങ്ങനെ കുറിച്ചു, ''അവിടെ കണ്ടതൊന്നും എനിക്കിപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല. മരണം, കൂട്ടക്കൊല, ലൈനപ്പ്...മൃതശരീരങ്ങളാണ് വഴിയില്‍''.
മഞ്ഞുമൂടി, തലയുയര്‍ത്തി നില്‍ക്കുന്ന എവറസ്റ്റ് കൊടുമുടിയും കുറച്ചുകാലമായി മഞ്ഞുരുകലിന്റെ പാതയിലാണ്. കാലാവസ്ഥാവ്യതിയാനമാണ് ഇതിനു പ്രധാനകാരണം. മഞ്ഞുരുകി, നേര്‍ത്ത പാളികള്‍ വകഞ്ഞുമാറുമ്പോള്‍ കാണുന്ന കാഴ്ച ആരെയും ഞെട്ടിക്കുന്നതാണ്. എവറസ്‌റ്റെന്ന സ്വപ്‌നവുമായി കയറി, ഇടയ്ക്കുവെച്ച് ജീവന്‍ നഷ്ടപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങള്‍....അവ താഴെ എത്തിക്കുകയെന്നത് വളരെ ശ്രമകരമായ ജോലിയാണ്.
ഷെര്‍പകളും നേപ്പാളി സൈനികരും ഗൈഡുകളും പലപ്പോഴും ഇതിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇക്കഴിഞ്ഞ മേയിലും അത്തരമൊരു ഉദ്യമം നടത്തുകയും ഒരു മൃതദേഹം ഉള്‍പ്പെടെ ഒട്ടേറെ മാലിന്യങ്ങള്‍ താഴെ എത്തിക്കുകയും ചെയ്തിരുന്നു. പക്ഷേ, ഒരുപാട് അധ്വാനവും അത്രതന്നെ പണച്ചെലവുമുള്ള പണിയാണ് മൃതദേഹങ്ങള്‍ താഴെ എത്തിക്കുകയെന്നത്. ഡോളറുകളാണ് അതിനായി ചെലവാകുന്നത്. കൂടാതെ ഓരോന്നും താഴെയിറക്കാന്‍ എട്ടുപേരെങ്കിലും വേണ്ടിവരും. മണിക്കൂറുകളാണ് ആവശ്യമായി വരുന്നത്. മഞ്ഞില്‍ ഉറച്ചുപോയ മൃതദേഹാവശിഷ്ടങ്ങള്‍, ഏറെനേരമെടുത്ത് കോടാലി കൊണ്ട് ഐസ് കൊത്തിക്കളഞ്ഞാണ് പുറത്തെടുക്കുന്നത്. എന്നിട്ട് പൊതിഞ്ഞ്, നിരക്കിയും വലിച്ചുമാണ് കൊണ്ടുവരുന്നത്.
ഇത്രയും കഷ്ടപ്പാടുള്ളതുകൊണ്ട് പലപ്പോഴും മൃതദേഹങ്ങള്‍ അവിടെത്തന്നെ കിടക്കട്ടെയെന്നാണ് പലരും ചിന്തിക്കുന്നത്. എന്നാല്‍, മറിച്ച് ചിന്തിക്കുന്നവരുമുണ്ട്. ഇല്ലെങ്കില്‍ എവറസ്റ്റ് അധികം താമസിയാതെ ഒരു ശവപ്പറമ്പായി മാറുമെന്നാണ് അവരുടെ അഭിപ്രായം. ''എവറസ്റ്റ് ഞങ്ങള്‍ക്ക് ഒരുപാട് തൊഴിലവസരങ്ങള്‍ തന്നിട്ടുണ്ട്. അതിന്റെ ഒരു പങ്ക് എങ്കിലും തിരിച്ചുകൊടുക്കാന്‍ കഴിയണ്ടേ? അതിനുള്ള ശ്രമത്തിലാണ് ഞങ്ങള്‍,'' ഒരു ഷെര്‍പ പറയുന്നു.
മാത്രമല്ല പലരും ആവേശത്തോടെയാണ് കൊടുമുടി കയറിത്തുടങ്ങുന്നത്. വഴിയിലുള്ള മൃതദേഹങ്ങള്‍ കാണുമ്പോള്‍ തന്നെ അവരുടെ ആത്മവിശ്വാസം തകരാനിടയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതുകൊണ്ടു കൂടിയാണ് മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് മാറ്റണമെന്ന് പറയുന്നത്.
കാലാവസ്ഥ പ്രശ്‌നമാകുമ്പോള്‍
ഇതിനിടയില്‍ മിക്കപ്പോഴും കാലാവസ്ഥ വില്ലനായി മാറും. താഴ്ന്ന ഓക്‌സിജന്‍ ലെവലും പ്രവചനാതീതമായ കാലാവസ്ഥയും ഇവരെയും വല്ലാതെ ബാധിക്കും. മൃതദേഹം താഴെ എത്തിക്കാന്‍ പോയി, സംഘത്തിലെ ചിലര്‍ അവിടെ മരിച്ചുവീണ കഥകളുമുണ്ട് പലര്‍ക്കും പറയാന്‍.
അതിഭീകരമായ കൊടുങ്കാറ്റും കനത്ത മഞ്ഞുവീഴ്ചയുമാണ് എവറസ്റ്റിന് മുകളിലേക്ക് കയറുന്തോറും. അതുകൊണ്ട് നല്ല കാലാവസ്ഥയില്‍ മാത്രമാണ് എവറസ്റ്റ് കയറ്റം. അതും രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍, രണ്ടുമൂന്ന് ദിവസം മാത്രമാണ് തുറക്കുന്നത്. അന്ന് നല്ല തിരക്കുമായിരിക്കും. അതിനൊപ്പം ഓരോ സീസണിലും നേപ്പാള്‍ സര്‍ക്കാരിന് വലിയ തോതിലുള്ള വരുമാനമാണ് എവറസ്റ്റ് പര്യവേഷണം നേടിക്കൊടുക്കുന്നത്. അതുകൊണ്ടുതന്നെ കൂടുതല്‍ ആളുകള്‍ക്ക് പെര്‍മിറ്റ് കൊടുക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് പലപ്പോഴും എവറസ്റ്റില്‍ നീണ്ട ക്യൂവുണ്ടാവുന്നത്.
അതിനിടയിലാണ് പലരും മരണത്തിലേക്ക് പോവുന്നത്. 1920-കളില്‍ പര്യവേഷണം തുടങ്ങിയശേഷം ഇതുവരെയായി 300-ലേറെ ആളുകളാണ് ഈ കൊടുമുടിയില്‍ പല ഭാഗങ്ങളിലായി മരിച്ചുകിടക്കുന്നത്. ഉയര്‍ച്ചയില്‍നിന്ന് വീണും ഹിമപാതത്തില്‍ പെട്ടും മഞ്ഞിനിടയിലെ വിടവുകളില്‍ വീണും ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെയുമൊക്കെയാണ് ആ മരണങ്ങള്‍. ചില കൊടുങ്കാറ്റില്‍ എവിടെയെങ്കിലും മറഞ്ഞ്, മഞ്ഞില്‍ പുതഞ്ഞുകിടക്കും. ചിലത് അങ്ങനെത്തന്നെ കിടക്കും. ഒരുമാറ്റവുമില്ലാതെ, അതേ വസ്ത്രങ്ങളും ഗ്ലൗസും ഷൂസും ധരിച്ച്. അവയ്‌ക്കെല്ലാം പല പേരുകളുമുണ്ട്. ഗ്രീന്‍ ബൂട്ട്‌സ്, സ്ലീപിങ് ബ്യൂട്ടി, എസ്‌ഫോള്‍ ബോഡി, സല്യൂട്ടിങ് മാന്‍, ദി ജര്‍മന്‍ വുമന്‍ എന്നിങ്ങനെ. എവറസ്റ്റ് കയറുന്നവര്‍ക്ക് വര്‍ഷങ്ങളോളം വഴികാട്ടിയായിരുന്നു പല മൃതദേഹങ്ങളും. ഗ്രീന്‍ബൂട്ട്‌സില്‍നിന്ന് മുകളിലേക്ക് രണ്ടുമണിക്കൂര്‍, സ്ലീപ്പിങ് ബ്യൂട്ടിയില്‍നിന്ന് താഴേക്ക് മൂന്നുമണിക്കൂര്‍...ഇങ്ങനെയാണ് പലപ്പോഴും അടയാളങ്ങള്‍ പറയുക.
വഴികാട്ടിയാകുന്ന മൃതദേഹങ്ങള്‍
മുകളില്‍നിന്ന് 1130 അടി താഴ്ചയിലായി, ഒരു ഗുഹയ്ക്കരികില്‍ കിടക്കുന്ന രീതിയിലായിരുന്നു ഗ്രീന്‍ ബൂട്ട്‌സ്. നിയോണ്‍ ഗ്രീന്‍ നിറത്തിലുള്ള ബൂട്ടുകള്‍ ധരിച്ചിരുന്നതുകൊണ്ടാണ് ആ പേര് വന്നത്. 1996-ലെ ഹിമപാതത്തില്‍ മരിച്ച സേവാങ് പല്‍ജോര്‍ എന്ന ഇന്ത്യക്കാരനാണ് അതെന്ന് പറയപ്പെടുന്നു. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ആയിരുന്നു പല്‍ജോര്‍. 2014-ല്‍ ഒരു ചൈനീസ് പര്യവേഷണസംഘം മൃതദേഹം അവിടുന്ന് മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു.
അതിനടുത്തുതന്നെ ഡേവിഡ് ഷാര്‍പ് എന്ന ഇംഗ്ലീഷുകാരനും മരിച്ചുകിടക്കുന്നു. ഒന്ന് വിശ്രമിക്കാനായി ആ ഗുഹയ്ക്കടുത്ത് ഇരുന്നതായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴേക്കും മരവിച്ച് മരിച്ചു. ഷാര്‍പ് മരണാസന്നനായി കിടക്കുന്നത് 40 പേരെങ്കിലും കണ്ടുവത്രേ. പക്ഷേ ഒരാള്‍ പോലും സഹായിക്കാന്‍ തയാറായില്ല. എവറസ്റ്റ് കയറുന്നവരുടെ സംസ്‌കാരത്തെക്കുറിച്ച് അന്ന് വലിയ ചര്‍ച്ചയും നടന്നിരുന്നു. ഒരാള്‍ മരണത്തിലേക്ക് പോവുന്നത് കണ്ടിട്ടും, തിരിഞ്ഞുനോക്കാതെ കടന്നുപോയവരെ എഡ്മണ്ട് ഹിലാരിയും വിമര്‍ശിച്ചു.
അമേരിക്കക്കാരി ഫ്രാന്‍സിസ് ആര്‍സെന്റിവിന്റെ മൃതദേഹമാണ് സ്ലീപ്പിങ് ബ്യൂട്ടിയെന്ന് അറിയപ്പെടുന്നത്. ഫ്രാന്‍സിസും ഭര്‍ത്താവ് സെര്‍ജിയും കൂടിയാണ് 1998 മേയിൽ എവറസ്റ്റ് കയറാനെത്തുന്നത്. അതും ആവശ്യമായ ഓക്‌സിജനൊന്നും കൈയില്‍ കരുതാതെ. അതുകൊണ്ട് തന്നെ വളരെ പതുക്കെയായിരുന്നു അവരുടെ കയറ്റം. വൈകിയതുകൊണ്ട് ഒരു രാത്രി 26,000 അടി ഉയരത്തില്‍ അവര്‍ക്ക് തങ്ങേണ്ടിവന്നു. അവിടുന്നുള്ള തിരിച്ചിറക്കത്തിലാണ് ഫ്രാന്‍സിസ് മരിക്കുന്നത്. ഉറങ്ങുന്നതുപോലെ അലസമായി കിടക്കുന്നതുകൊണ്ടാണ് സ്ലീപ്പിങ് ബ്യൂട്ടി എന്ന് പേരിട്ടത്. ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മരിച്ചുപോയ സെര്‍ജിയുടെ മൃതദേഹം, ഒരു വര്‍ഷത്തിനുശേഷമാണ് കണ്ടെത്തിയത്. 2007-ലാണ് സ്ലീപ്പിങ് ബ്യൂട്ടിയുടെ ശരീരം അവിടുന്ന് മാറ്റിയത്. എവറസ്റ്റില്‍ ആരും കാണാത്തൊരിടത്താണ് ഇപ്പോള്‍ സ്ലീപ്പിങ് ബ്യൂട്ടിയുള്ളത്.
ഹാനലോര്‍ എന്ന ജര്‍മന്‍ വംശജയാണ് എവറസ്റ്റില്‍ മരിച്ച ആദ്യവനിത. ദ ജര്‍മന്‍ വുമന്‍ എന്നാണറിയപ്പെടുന്നത്. ബേസ് ക്യാമ്പിലേക്ക് തിരികെയുള്ള യാത്രയിലാണ് അവര്‍ മരിക്കുന്നത്. ബേസ് ക്യാമ്പില്‍നിന്ന് കേവലം 330 അടി മാത്രം അകലെയായിരുന്നു അവരപ്പോള്‍. ഹാനിലോറിന്റെ ശരീരം കുറേനാള്‍ അതേസ്ഥലത്തുതന്നെയുണ്ടായിരുന്നു. പിന്നീട് എവിടെയോ മറിഞ്ഞു.
എവറസ്റ്റിലെ മഴവില്ല്
ഏറ്റവും കൂടുതല്‍ മൃതദേഹങ്ങളുള്ളത് 26,000 അടി മുകളിലായി ക്യാമ്പ് നാലിനോട് ചേര്‍ന്നാണ്. അത് ഡെഡ് സോണ്‍ എന്നും അറിയപ്പെടുന്നു. ശക്തമായ കാറ്റ്, മോശം കാലാവസ്ഥ, ഓക്‌സിജന്‍ തീരെ കുറവ്...അതാണ് ഇവിടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. റെയിന്‍ബോ വാലി എന്നും പേരുണ്ട്. കാഴ്ചയില്‍ മനോഹരമായതുകൊണ്ടല്ല ഈ പേരുകിട്ടിയത്. പലനിറത്തിലുള്ള മാലിന്യങ്ങള്‍ ഏറ്റവും കൂടുതലുള്ളത് ഇവിടെയാണ്. പലനിറത്തിലുള്ള ബൂട്ട്‌സും ജാക്കറ്റും ധരിച്ച മൃതദേഹങ്ങളും, ടെന്റുകളും, ഓക്‌സിജന്‍ ടാങ്കുകളുമൊക്കെ ഇവിടെ കാണാം. ഒരു നിറമുള്ള കാഴ്ച. എങ്കിലും ഈ കാഴ്ച ആരെയും സന്തോഷിപ്പിക്കില്ല. മരവിപ്പിക്കുകയേയുള്ളൂ.
Content Highlights: deadbodies in mount everest