'കുട്ടികൾക്ക് തെറ്റുകൾ വരുത്താൻ അനുവാദമുണ്ട്': ഡേവിഡ് ബെക്കാം; മകന്റെ ആരോപണങ്ങൾക്കുള്ള മറുപടിയോ?

കഴിഞ്ഞ ദിവസമാണ് മാതാപിതാക്കൾക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മുൻ ഇംഗ്ലീഷ് ഫുട്ബോളർ ഡേവിഡ് ബെക്കാമിന്റെ മകൻ ബ്രൂക്ക്ലിൻ രംഗത്തെത്തിയത്. തന്റെ ഭാര്യ നികോള പെൽറ്റ്സിനെ നിരന്തരം അപമാനിച്ചുവെന്നുൾപ്പെടെയുള്ള വെളിപ്പെടുത്തലുകളാണ് ബ്രൂക്ക്ലിൻ നടത്തിയത്. തന്റെ വിവാഹത്തിന് ഭാര്യയ്ക്കൊപ്പം നൃത്തം ചെയ്യാൻ പോലും അമ്മ വിക്ടോറിയ അനുവദിച്ചില്ലെന്നും കുറ്റപ്പെടുത്തുന്നു. ഇനി മാതാപിതാക്കളുമായി ഒത്തുതീർപ്പിനില്ലെന്നും അദ്ദേഹം പറയുന്നു. ആറുപേജുള്ള പ്രസ്താവനയാണ് ബ്രൂക്ക്ലിൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടത്.
അതിനുപിന്നാലെ പ്രസ്താവനയുമായി ഡേവിഡ് ബെക്കാം രംഗത്തെത്തി. സിഎൻബിസിയുടെ പരിപാടിയായ സ്ക്വാക്ക് ബോക്സിൽ സംസാരിക്കുകയായിരുന്നു ബെക്കാം. ഇതിനിടെ സംഭാഷണം സോഷ്യൽമീഡിയയിലേക്കും മാനസികാരോഗ്യത്തിലേക്കും തിരിഞ്ഞു. ''ഞാനെപ്പോഴും സോഷ്യൽമീഡിയയെക്കുറിച്ചും അതിന്റെ ശക്തിയെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. അതിന് നല്ലതും മോശവുമായ വശങ്ങളുണ്ട്. കുട്ടികൾക്കിപ്പോൾ എന്തെല്ലാം ആക്സസ് ചെയ്യാൻ കഴിയുമെന്നതാണ് മോശവും അപകടകരവുമായ വശം. നല്ല കാര്യങ്ങൾക്കായി ഉപയോഗിച്ചാൽ നല്ലതുമാണത്'', ഡേവിഡ് ബെക്കാം പറയുന്നു.
''അതേ കാര്യം തന്നെയാണ് എന്റെ കുട്ടികളോടും ഞാൻ ചെയ്യുന്നത്. അവരെ സോഷ്യൽമീഡിയയെക്കുറിച്ച് പഠിപ്പിക്കാൻ ഞാൻ ശ്രമിച്ചു. അവർ തെറ്റുകൾ വരുത്തും. കുട്ടികൾക്ക് തെറ്റുകൾ വരുത്താൻ അനുവാദമുണ്ട്. അങ്ങനെയാണ് അവർ പഠിക്കുന്നത്. ഞാൻ കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതും അതാണ്''. ചിലപ്പോൾ അവരെ ആ തെറ്റുകൾ വരുത്താൻ അനുവദിക്കേണ്ടിവരുമെന്നും ബെക്കാം കൂട്ടിച്ചേർത്തും. തന്റെ മക്കളായ ബ്രൂക്ക്ലിൻ, റോമിയോ, ക്രൂസ്, ഹാർപ്പർ എന്നിവരുടെ പേരെടുത്തുപറയാതെയാണ് ബെക്കാം ഇക്കാര്യങ്ങൾ പറഞ്ഞത്. ബ്രൂക്ക്ലിന്റെ പരാമർശങ്ങളോടുള്ള ബെക്കാമിന്റെ മറുപടിയായിട്ടാണ് നെറ്റിസൺസ് ഇതിനെ കാണുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: David Beckham addresses his son Brooklyn`s accusations, emphasizing the importance of letting children learn from mistakes, especially with social media