കോഹ്‌ലിയുടെ ഇൻസ്റ്റഗ്രാം അപ്രത്യക്ഷമായി; കോടികൾ നഷ്ടമെന്ന് റിപ്പോർട്ട്‌, പിന്നാലെ തിരിച്ചുവന്നു

വിരാട് കോഹ്‌ലി / AFP
വിരാട് കോഹ്‌ലി / AFP

ക്രിക്കറ്റർ വിരാട് കോഹ്‌ലിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിനുപിന്നാലെയാണിപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ. കഴിഞ്ഞ ദിവസം കോഹ്‌ലിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരഞ്ഞവരെ മുഴുവൻ ഞെട്ടിച്ചുകൊണ്ട്, ആ അക്കൗണ്ട് ഡീ-ആക്ടിവേറ്റ് ആയെന്ന സന്ദേശമാണ് ലഭിച്ചത്. കുറേ മണിക്കൂറുകളോളം അത് അങ്ങനെ തന്നെ തുടർന്നു. 274 ദശലക്ഷം ഫോളോവേഴ്‌സുള്ള അക്കൗണ്ട് ഡീ-ആക്ടിവേറ്റ് ചെയ്തത് ആരാധകരെ കുറച്ചൊന്നുമല്ല അദ്ഭുതപ്പെടുത്തിയത്. അതേ സമയം എക്‌സ് അക്കൗണ്ട് സജീവമായി നിൽക്കുന്നുമുണ്ടായിരുന്നു.

അതോടെ വിരാട് കോഹ്‌ലി ട്രെൻഡിങ്ങിലായി. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം എവിടെപ്പോയെന്ന് ചർച്ചകളും തുടങ്ങി. പലരും ഇതിനെ തമാശയായി എടുത്തപ്പോൾ, ആരാധകർ വിരാടിന്റെ കാര്യത്തിൽ ആശങ്കയാണ് പ്രകടിപ്പിച്ചത്. അനുഷ്‌ക ശർമയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മെസേജിട്ടും കമന്റിട്ടും പലരും ഇക്കാര്യം അന്വേഷിച്ചു. 'ഭാഭി, ഭയ്യയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് എവിടെപ്പോയി, എല്ലാം ശരിയായിരിക്കുന്നെന്ന് വിശ്വസിക്കുന്നു, എന്തായിരിക്കാം ഡിലീറ്റ് ചെയ്യാൻ കാരണം...' കമന്റുകൾ നിറയാൻ തുടങ്ങി. എങ്കിലും വിരാടോ അനുഷ്‌കയോ ഇതിനോട് പ്രതികരിച്ചതുമില്ല.

പിന്നാലെ ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരിച്ചുവന്നില്ലെങ്കിൽ വിരാടിനുണ്ടാവുന്ന നഷ്ടത്തെക്കുറിച്ചും പോസ്റ്റുകൾ വന്നു. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള ഏഷ്യൻ കളിക്കാരൻ കൂടിയാണ് വിരാട്. സോഷ്യൽമീഡിയയിൽനിന്നുള്ള അദ്ദേഹത്തിന്റെ വരുമാനത്തെക്കുറിച്ച് ഔദ്യോഗിക റിപ്പോർട്ടുകളൊന്നുമില്ല. എങ്കിലും ഒരു സ്‌പോൺസേർഡ് പോസ്റ്റിന് അദ്ദേഹത്തിന് 9 കോടി മുതൽ പ്രതിഫലം ലഭിക്കുമെന്ന് പറയപ്പെടുന്നു. ബ്രാൻഡും കാമ്പയിനും അനുസരിച്ച് അത് കൂടുകയും കുറയുകയും ചെയ്യുമത്രേ. അതുകൊണ്ടുതന്നെ കോഹ്ലിയുടെ വാണിജ്യമൂല്യം കണക്കിലെടുക്കുമ്പോൾ, അദ്ദേഹം കുറച്ചുകാലം ഇൻസ്റ്റഗ്രാമിൽനിന്ന് വിട്ടുനിൽക്കുന്നത് അത്ര നല്ലതല്ലെന്നും നിരൂപകർ ചൂണ്ടിക്കാട്ടുന്നു.

എന്തായാലും ചർച്ചകൾ തുടരുന്നതിനിടയിൽ, മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം തിരിച്ചുവന്നു. അത് ആരാധകർക്കുണ്ടാക്കിയ ആശ്വാസം ചില്ലറയൊന്നുമല്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore the brief disappearance of Virat Kohli`s Instagram account, causing fan concern and potential financial losses