ചൂരല്‍മല, മുണ്ടക്കൈ...സഞ്ചാരികളുടെ പറുദീസ ആയിരുന്ന പ്രദേശങ്ങളിന്ന് ദുരന്തചിത്രമാകുമ്പോള്‍

മുണ്ടക്കൈയിലേക്കുള്ള വഴി
മുണ്ടക്കൈയിലേക്കുള്ള വഴി

ഇന്ന് രാവിലെ ആളുകള്‍ ഉണര്‍ന്നത് നടുക്കുന്നൊരു വാര്‍ത്തയിലേക്കാണ്. വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ ആ പ്രദേശമൊന്നാകെ ഒലിച്ചുപോയിരിക്കുന്നു. മഴവെള്ളത്തോടൊപ്പം മലയിലെ പാറക്കെട്ടുകളും മരങ്ങളും മണ്ണും ശക്തിയോടെ താഴേക്ക് പതിക്കുകയായിരുന്നു. അതിരാവിലെയായിരുന്നു അപകടം. രക്ഷയ്ക്കായി കേണപേക്ഷിക്കുന്ന ആളുകളുടെ കരച്ചില്‍. കൂറ്റന്‍പാറകളും തകര്‍ന്ന കെട്ടിടങ്ങളും ചെളിയില്‍ പുതഞ്ഞ വണ്ടികളും...ഇപ്പോള്‍ ഇവിടുത്തെ കാഴ്ചയിതാണ്. ചൂരല്‍മലയില്‍നിന്ന് മുണ്ടക്കൈയിലേക്കുള്ള പാലം ഒലിച്ചുപോയതിനാല്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല.

യാത്രികര്‍ക്ക് എന്നും പ്രിയപ്പെട്ട ഇടങ്ങളാണ് മുണ്ടക്കൈയും ചൂരല്‍മലയും. എന്നും ആകര്‍ഷിക്കുന്ന ഹില്‍സ്റ്റേഷനുകള്‍. മനോഹരമായ വെള്ളച്ചാട്ടങ്ങളും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങളുമാണ് ആളുകളെ ആകര്‍ഷിക്കുന്നത്. സൂചിപ്പാറ വെള്ളച്ചാട്ടം, കാന്തന്‍പാറ വെള്ളച്ചാട്ടം, സീത തടാകം, ഹോളിവുഡ് താഴ്‌വര എന്നിവ കാണാനായാണ് സഞ്ചാരികള്‍ പ്രധാനമായും ചൂരല്‍മലയില്‍ എത്താറുള്ളത്. എവിടെ നോക്കിയാലും ഒരു ക്യാമറക്കാഴ്ച നല്‍കുന്നു എന്നതാണ് ഈ സ്ഥലങ്ങളുടെ പ്രത്യേകത. 

പുത്തുമല ദുരന്തമുണ്ടായ സ്ഥലം / ഫോട്ടോ: പി.ജയേഷ്‌

തേയില എസ്റ്റേറ്റുകള്‍ക്കിടയിലൂടെയുള്ള ബസ് യാത്ര പോലും മനോഹരമായ ഒരനുഭവമാണ്. തേയിലത്തോട്ടങ്ങള്‍ക്കിടയില്‍ അവിടവിടെയായി പാടികളും കാണാം. തോട്ടം തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. 2019-ല്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍നിന്ന് മുണ്ടക്കൈയിലേക്ക് നാലര കിലോമീറ്റര്‍ ദൂരമേയുള്ളൂ. അന്ന് പുത്തുമലയില്‍ നടന്ന ദുരന്തത്തില്‍ 17 പേരാണ് മരിച്ചത്. പുത്തുമല പോസ്‌റ്റോഫീസ്, പള്ളി, അമ്പലം, ടീ എസ്റ്റേറ്റിന്റെ കാന്റീന്‍, ഗ്രൗണ്ട് എന്നിവയുള്‍പ്പെടെയാണ് അന്ന് ഒലിച്ചുപോയത്. ഇന്നും ആളൊഴിഞ്ഞ്, ദുരന്തത്തിന്റെ സ്മാരകംപോലെ പുത്തുമല കാണാം. മേപ്പാടി ഗ്രാമപഞ്ചായത്തിലുള്ള കൊച്ചുഗ്രാമങ്ങളാണ് മുണ്ടക്കൈയും ചൂരല്‍മലയും പുത്തുമലയുമെല്ലാം.  
  


 

Content Highlights: chooralmala and mundakkai, favorite tourists spots hits landslide