അമീഷ പട്ടേലിന്റ വീട്ടിൽ മോഷണം, 5 ലക്ഷത്തിന്റെ ആഭരന്നങ്ങൾ കവർന്നു

ബോളിവുഡ് നടി അമീഷ പട്ടേലിന്റെ മാതാപിതാക്കളുടെ വീട്ടിൽ മോഷണം നടന്നതായി പരാതി. ഏകദേശം 5 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണം നഷ്ടപ്പെട്ടതായാണ് വിവരം. മുംബൈ ചർച്ച്ഗേറ്റിലെ വീട്ടിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അമീഷയുടെ അമ്മ ആശ പട്ടേലിന്റെ സഹായിയായി കഴിഞ്ഞ ഒന്നര വർഷമായി വീട്ടുജോലിക്ക് നിൽക്കുന്ന സ്ത്രീയെയാണ് അറസ്റ്റ് ചെയ്തത്.
പാൽഘർ സ്വദേശിനിയായ സീമ ഘാട്ടെ (40) ആണിത്. ആശ പട്ടേലിന്റെ പരാതിയെത്തുടർന്ന് മറൈൻ ഡ്രൈവ് പൊലീസ് മോഷണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. തുടർന്ന് വിരാറിൽ നിന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസ് പറയുന്നതനുസരിച്ച്, 2026 ജനുവരിയിൽ വീട്ടിൽ നിന്ന് ഒരു വള മോഷണം പോയതായി കുടുംബം സംശയിക്കുന്നുണ്ട്. മോഷണത്തിൽ സീമയ്ക്ക് പങ്കുണ്ടെന്ന് സംശയിച്ച ആശ പട്ടേൽ, അവരോട് കുറ്റം സമ്മതിക്കാനും ആഭരണം തിരികെ നൽകാനും കഴിഞ്ഞ അഞ്ചാറ് മാസമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു.
ആഭരണം തിരികെ കിട്ടാത്തതിനെത്തുടർന്നാണ് ആശ പട്ടേൽ മറൈൻ ഡ്രൈവ് പൊലീസിനെ സമീപിച്ച് പരാതി നൽകിയത്. തുടക്കത്തിൽ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 306 പ്രകാരം തിരിച്ചറിയാത്ത ഒരു സ്ത്രീക്കെതിരെയാണ് പൊലീസ് കേസെടുത്തത്. തുടർന്ന് ക്രൈം ഡിറ്റക്ഷൻ ടീം നടത്തിയ അന്വേഷണത്തിൽ പ്രതിയെ വിരാറിൽ നിന്ന് കണ്ടെത്തുകയായിരുന്നു. സെപ്റ്റംബർ 15 വരെ ഇവരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. നഷ്ടപ്പെട്ട ആഭരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi