'തട്ടിക്കൊണ്ടുപോവുമെന്ന് പേടിച്ച് അച്ഛൻ എന്നെ പുറത്തുവിടാതെയായി': ബോബി ഡിയോൾ

ബോബി ഡിയോൾ | Instagram
ബോബി ഡിയോൾ | Instagram

പ്രസീത് റോയ്‌യുടെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് 'രാഖ്' (Raakh). 1978-ലെ കുപ്രസിദ്ധമായ രംഗ-ബില്ല കേസിനെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ. പരമ്പരയിൽ രണ്ട് കൗമാരക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തുന്നതാണ് 'രാഖി'ന്റെ കഥ.

'രംഗ-ബില്ല'മാരുമായി തന്റെ ജീവിതത്തിൽ ഒരു വലിയ ബന്ധമുണ്ടെന്ന് പറയുകയാണ് നടൻ ബോബി ഡിയോൾ. രാജ് ഷമനിയുടെ പോഡ്കാസ്റ്റിലാണ് ബോബി ഇക്കാര്യം ഓർത്തത്. രംഗ-ബില്ല തന്റെയൊരു സുഹൃത്തിനെ തട്ടിക്കൊണ്ടുപോയതായും ബോബി വെളിപ്പെടുത്തി. എന്നാൽ, അവർക്കിടയിലുണ്ടായ ഒരു ആശയക്കുഴപ്പത്തിനിടയിലാണ് സുഹൃത്ത് രക്ഷിച്ചതെന്നും ബോബി പറയുന്നു.

''രംഗ-ബില്ല തട്ടിക്കൊണ്ടുപോയ എല്ലാവരിലും ഏറ്റവും ഭാഗ്യവാൻ എന്റെ സുഹൃത്തായിരുന്നു. ബില്ലയും രംഗയും തമ്മിൽ ഒരു ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്റെ സുഹൃത്ത് രംഗയോടൊപ്പമായിരുന്നു, പോലീസുകാരാണെങ്കിൽ അവർക്ക് പിന്നാലെയും. പോലീസിൽനിന്ന് രക്ഷപ്പെട്ടോടുന്നതിനിടയിൽ, അവനെ ഒരു പാൻ കടയിൽ ഉപേക്ഷിച്ചു രംഗ. കടയുടമ അവനോട് കാര്യങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി. എല്ലാ കാര്യങ്ങളും ചോദിച്ചുമനസ്സിലാക്കി, അവന്റെ വീട്ടിലെത്തിച്ചു'', ബോബി ഓർക്കുന്നു.

അതിനിടെ രംഗ-ബില്ല നോട്ടമിട്ട മറ്റ് കുട്ടികളുടെ പേരുകൾ വെളിപ്പെടുത്താൻ പറഞ്ഞപ്പോൾ, അതിൽ ബോബി ഡിയോളിന്റെ പേരുമുണ്ടായിരുന്നു. അതോടെ ധർമേന്ദ്ര ബോബി ഡിയോളിനെ കർശനമായി നിയന്ത്രിക്കാനും തുടങ്ങി.

''അതിനുശേഷം, അച്ഛൻ എന്നെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിച്ചില്ല. രാവിലെ സ്‌കൂളിൽ പോവും, അതേപോലെ വൈകുന്നേരം തിരിച്ച് വീട്ടിലേക്കും. പുറത്തേക്കിറങ്ങാൻ സമ്മതിച്ചിരുന്നില്ല. ഞാൻ വീട്ടിനുള്ളിലാണ് സൈക്കിൾ ചവിട്ടാൻ പഠിച്ചതുപോലും. കോളേജിലെത്തിയപ്പോഴും നിയന്ത്രണങ്ങൾ കുറഞ്ഞില്ല. കോളേജിൽ എന്റെ സുഹൃത്തുക്കൾ ഹൗസ്പാർട്ടികൾ നടത്തുമ്പോൾ, എനിക്ക് മാത്രം പോകാൻ അനുവാദമില്ലായിരുന്നു. രാത്രി 9 മണിക്കുള്ളിൽ വീട്ടിൽ കയറണമെന്നാണ് അച്ഛൻ പറഞ്ഞിരുന്നത്'', ബോബി വെളിപ്പെടുത്തി.

1978 ആഗസ്റ്റിലാണ് രംഗ-ബില്ല കേസ് തുടങ്ങുന്നത്. ന്യൂഡൽഹിയിൽ ഒരു മുതിർന്ന നാവിക ഉദ്യോഗസ്ഥന്റെ മക്കളായ രണ്ട് സഹോദരങ്ങളെ ഒരു കാറിൽ വന്ന സംഘം തട്ടിക്കൊണ്ടുപോയി. അതുകഴിഞ്ഞ് ആ കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയും ചെയ്തു. മൃതദേഹങ്ങൾ ഒരു വനപ്രദേശത്ത് ഉപേക്ഷിക്കുകയും ചെയ്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Bobby Deol shares his personal connection to the 1978 Ranga-Billa case. His friend was briefly kidnapped by Ranga-Billa but escaped.