ജലധാരകള്‍, ഫുഡ് കോര്‍ട്ട്, പാര്‍ക്ക്:അബുദാബിയിലെ ക്ഷേത്രം കാഴ്ചകളുടെ വിസ്മയം

ബാപ്‌സ് ഹിന്ദു മന്ദിര്‍ / ANI
ബാപ്‌സ് ഹിന്ദു മന്ദിര്‍ / ANI

ആരാധനയ്‌ക്കൊപ്പം സാംസ്‌കാരികനിലയം എന്ന നിലയില്‍ കൂടി ശ്രദ്ധനേടുകയാണ് അബുദാബിയിലെ ഹിന്ദു ശിലാക്ഷേത്രം അഥവാ ബാപ്‌സ് (ബോചാസന്‍വാസി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സംസ്ഥ) ഹിന്ദു മന്ദിര്‍. ഫെബ്രുവരി 14-നാണ് ഇത് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. 

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പരമ്പരാഗത ശിലാക്ഷേത്രം കൂടിയാണ് ഇവിടുത്തേത്. ഒരേസമയം പതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള ധാരണയും സ്വീകാര്യതയും ഐക്യവും വളര്‍ത്തുക എന്ന ലക്ഷ്യം കൂടിയുണ്ട് ഇങ്ങനെയൊരു ക്ഷേത്രത്തിനു പിന്നില്‍.

2015-ലാണ് ക്ഷേത്രനിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുന്നത്. ആ വര്‍ഷം ഡിസംബറില്‍ ക്ഷേത്രം നിര്‍മിക്കുന്നതിനായി 27 ഏക്കര്‍ സ്ഥലം യു.എ.ഇ.സര്‍ക്കാര്‍ സൗജന്യമായി നല്‍കി. പിന്നീട് ബാപ്‌സ് ബാക്കി കാര്യങ്ങളുമായി മുന്നോട്ടുപോയി. 2019-ല്‍ നിര്‍മാണം തുടങ്ങുകയും ചെയ്തു. 

പാര്‍ക്ക് മുതല്‍ ലൈബ്രറി വരെ
108 അടിയാണ് അമ്പലത്തിന്റെ ഉയരം. ഏക്കറുകളോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ക്ഷേത്രസമുച്ചയത്തിന്റെ നിര്‍മാണത്തില്‍ സ്റ്റീലോ കോണ്‍ക്രീറ്റോ തീരെ ഉപയോഗിച്ചിട്ടില്ല. ഇന്റര്‍ ലോക്കിങ് സംവിധാനമുപയോഗിച്ചാണ് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്. രാജസ്ഥാനില്‍നിന്നുള്ള 14,500 ടണ്‍ പിങ്ക് മണല്‍ക്കല്ലും 5500 ടണ്‍ വെള്ള മാര്‍ബിളുമാണ് പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്. 700 കോടി രൂപയാണ് നിര്‍മാണത്തിനായി ചെലവായ ഏകദേശതുക. ക്ഷേത്രത്തിലെ കൊത്തുപണികള്‍ അധികവും ചെയ്തിട്ടുള്ളത് രാജസ്ഥാനിലെ ശില്പികളാണ്. രാമായണവും മഹാഭാരതവും മാത്രമല്ല, അറേബ്യന്‍, ഈജിപ്ഷ്യന്‍, മെസോപ്പൊട്ടാമിയന്‍ നദീതടസംസ്‌കാരത്തില്‍നിന്നുള്ള കഥകളും അമ്പലത്തിന്റെ തൂണുകളില്‍ കൊത്തിവെച്ചിട്ടുണ്ട്. 

യു.എ.ഇ.യിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിച്ചുള്ള ഏഴ് കൂറ്റന്‍ ഗോപുരങ്ങളാണ് ഇവിടുത്തെ പ്രത്യേകത. കുട്ടികള്‍ക്കായി രണ്ട് പാര്‍ക്കുകളുണ്ട് ഈ ക്ഷേത്രസമുച്ചയത്തില്‍. ഒപ്പം ഒരു കമ്യൂണിറ്റി സെന്റര്‍, വിസിറ്റേഴ്‌സ് സെന്റര്‍, ആംഫി തിയേറ്റര്‍, ഫുഡ് കോര്‍ട്ട്, പല തീമുകളിലുള്ള പൂന്തോട്ടങ്ങള്‍, ഗിഫ്റ്റ് ഷോപ്പ്, എക്‌സിബിഷന്‍ ഹാളുകള്‍, പ്രാര്‍ഥനാമുറികള്‍ എന്നിവയും ഇതിന്റെ ഭാഗമായുണ്ട്. വിസിറ്റേഴ്‌സ് സെന്ററില്‍ അസംബ്ലി ഹാള്‍, ലൈബ്രറി, ക്ലാസ് റൂം എന്നിവയുള്‍പ്പെടുന്നു. 

ചുറ്റിനും കുറേ മരങ്ങളും ചെടികളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇവിടെയുള്ള രണ്ട് കൃത്രിമ വെള്ളച്ചാട്ടങ്ങളാണ് മറ്റൊരു സവിശേഷത. ഗംഗ-യമുന നദികളുടെ ഉത്ഭവത്തെ പ്രതിഫലിപ്പിക്കുന്നതാണിത്. ഈ രണ്ട് വെള്ളച്ചാട്ടങ്ങളും ഒരുമിക്കുന്നയിടത്താണ്, ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

Content Highlights: baps hindu mandir is attracting people with its beautiful construction