സ്വന്തം വീടില്ല, വാങ്ങുകയുമില്ല, ആര്‍ക്കുവേണ്ടി വാങ്ങണം? അനുപം ഖേറിന്റെ ചോദ്യം പ്രസക്തമാകുന്നു

സ്വന്തമെന്ന് പറയാന്‍ ഒരു വീട് സ്വപ്‌നം കാണാത്തവരുണ്ടാവില്ല. കൈയില്‍ കുറച്ചു പണംവന്നാല്‍ എത്രയും പെട്ടെന്ന് ഒരു വീട് സ്വന്തമാക്കാന്‍ പദ്ധതിയിടുന്നവരായിരിക്കും ഭൂരിഭാഗം ആളുകളും. എന്നാല്‍ സ്വന്തമായി ഒരു വീടുവാങ്ങുന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് പറയുകയാണ് ബോളിവുഡ് നടനും സംവിധായകനും നിര്‍മാതാവുമായ അനുപം ഖേര്‍. വാടകയ്ക്കുതാമസിക്കുന്നതിലാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
'ഞാന്‍ വാടകയ്‌ക്കെടുത്ത അപ്പാര്‍ട്ട്‌മെന്റിലാണ് കഴിയുന്നത്, ഒരു വീട് സ്വന്തമാക്കേണ്ട എന്നത് എന്റെ തീരുമാനമാണ്. ആര്‍ക്കുവേണ്ടിയാണത്? എല്ലാമാസവും വാടക കൊടുത്ത് ജീവിക്കുക, നിങ്ങള്‍ വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്ന പണം ബാങ്കിലിട്ട് അതുകൊണ്ട് വാടകകൊടുത്ത് ജീവിക്കുക.' അദ്ദേഹം പറയുന്നു. വര്‍ഷങ്ങള്‍ക്കുശേഷം നിങ്ങള്‍ പോയിക്കഴിഞ്ഞാല്‍ വീടിനായി ആളുകള്‍ വഴക്കിടുന്നതിനേക്കാള്‍ ശേഷിക്കുന്ന പണം വിതരണം ചെയ്യുന്നതാണ് നല്ലതെന്നും അദ്ദേഹം പറയുന്നു.
ഷിംലയില്‍ അമ്മയ്ക്കുവേണ്ടി ഒരു വീടുവാങ്ങിയിട്ടുണ്ടെന്നും അനുപം പറയുന്നു. ഏഴ് വര്‍ഷം മുമ്പ് ഞാനൊരു വലിയ താരമാണെന്നും എന്ത് ആഗ്രഹിക്കുന്നുണ്ടെങ്കിലും അതെന്നോട് പറയാമെന്നും ഞാനമ്മയോടു പറഞ്ഞിരുന്നു. അമ്മ ഒന്നും വേണ്ടെന്ന് പറയുമെന്നാണ് ഞാന്‍ കരുതിയത്, പക്ഷേ ഷിംലയില്‍ ഒരു വീട് വേണമെന്ന് അമ്മ പറഞ്ഞു. എന്റെ അച്ഛന്റെ മരണശേഷം ഞങ്ങള്‍ അവിടെ താമസിക്കാത്തതുകൊണ്ട്, അതെന്തിനാണെന്ന് ഞാന്‍ ചോദിച്ചു, ജീവിതകാലം മുഴുവന്‍ അവിടെ ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്, അതുകൊണ്ട് സ്വന്തമായി ഒരെണ്ണം വേണമെന്നായിരുന്നു അമ്മയുടെ മറുപടി. ഉടനെത്തന്നെ അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുത്തു.
ഒരു മുറിയുള്ള വീടാണ് അമ്മ ആഗ്രഹിച്ചത്, ഞാന്‍ എട്ട് മുറികളുള്ള വീടാണ് സമ്മാനിച്ചത്. മാസങ്ങളോളം അവിടെ ചെലവഴിക്കാന്‍ അമ്മപോകാറുണ്ടെന്നും അദ്ദേഹം പറയുന്നു.
ഭാര്യയും നടിയും രാഷ്ട്രീയവ്യക്തിത്വവുമായ കിരണ്‍ ഖേറിനും സമാനചിന്തയാണോ എന്ന ചോദ്യത്തിന് അല്പം സമയമെടുത്തുവെന്നും ഇപ്പോള്‍ അവള്‍ പൊരുത്തപ്പെട്ടുവെന്നും അനുപം പറഞ്ഞു. കിരണിന് സ്വന്തമായി ചണ്ഡിഗഢില്‍ വീടുണ്ട്. രത്തന്‍ ടാറ്റയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ജീവിക്കുന്നത്, ചെറിയൊരു വീട്ടില്‍, യാത്രചെയ്യാന്‍ ചെറിയൊരു കാറുമായിട്ടാണ് അദ്ദേഹം ജീവിച്ചിരുന്നതെന്നും അനുപം ഓര്‍മിപ്പിച്ചു.
Content Highlights: anupam kher reveals he still lives in a rented house