ബുള്ളറ്റ് പ്രൂഫ് കവചത്തിൽ പ്രത്യക്ഷപ്പെട്ട അമിതാഭ് ബച്ചൻ; 44 വർഷങ്ങൾക്കിടയിൽ ഇതാദ്യം

കഴിഞ്ഞമാസമാണ് ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽനിന്ന് മടങ്ങുകയായിരുന്ന നടൻ ടൈഗർ ഷ്റോഫിന്റെ കാറിനുനേരെ വെടിവെപ്പുണ്ടായത്. അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലോറൻസ് ബിഷ്ണോയ് സംഘമാണ് അദ്ദേഹത്തിനെതിരെ ആക്രമണം നടത്തിയത്. അഞ്ച് തവണയാണ് അദ്ദേഹത്തിന്റെ വാഹനത്തിനുനേരെ വെടിയുതിർത്തത്.
നേരത്തെ സൽമാൻ ഖാൻ, സെയ്ഫ് അലി ഖാൻ തുടങ്ങിയവർക്കുനേരെയും അക്രമങ്ങളുണ്ടായിരുന്നു. സൽമാന്റെ അപ്പാർട്ട്മെന്റിനുനേരെ അർധരാത്രിയിലുണ്ടായ വെടിവെപ്പിന്റെ ശബ്ദംകേട്ട് വീട്ടിലുള്ളവർ പുറത്തുവന്നെങ്കിലും ആരെയും കാണാൻ പറ്റിയില്ല. പക്ഷേ വീടിന്റെ ബാൽക്കണിയിൽ വെടിയുണ്ട തുളച്ചുകയറിയ പാടുകളുണ്ടായിരുന്നു. സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിന് കുത്തേറ്റിരുന്നു.
തുടരെയുണ്ടാവുന്ന ഇത്തരം ആക്രമണങ്ങൾ ബോളിവുഡിനെ ഒന്നടങ്കം കുലുക്കിയിരിക്കുകയാണെന്നാണ് പിന്നീടുണ്ടായ സംഭവങ്ങൾ വ്യക്തമാക്കുന്നത്. അതോടെ വൻ സുരക്ഷാവലയമാണ് പല താരങ്ങൾക്കും ഒരുക്കുന്നത്. ടൈഗർ ഷ്റോഫിനുനേരെ നടന്ന ആക്രമണത്തിനുശേഷം അക്ഷയ് കുമാർ ഉൾപ്പെടെയുള്ള താരങ്ങൾ തങ്ങളുടെ സുരക്ഷ വർധിപ്പിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
സൽമാന്റെ വീടിന്റെ ജനലുകളും മറ്റും ബുള്ളറ്റ് പ്രൂഫാക്കി. അതിനൊപ്പം അത്യാധുനിക സുരക്ഷാ സംവിധാനവുമൊരുക്കി. ഹൈ-റെസല്യൂഷൻ സിസിടിവി ക്യാമറകളും സ്ഥാപിച്ചു. ആഘോഷദിവസങ്ങളിൽ വീടിന്റെ ബാൽക്കണിയിലെത്തി, സൽമാൻ ആരാധകർക്കുനേരെ കൈവീശിക്കാണിക്കാറുണ്ട്. അവിടെയും ബുള്ളറ്റ് പ്രൂഫ് ഗ്ലാസുപയോഗിച്ച് സുരക്ഷിതമാക്കിയിരിക്കുകയാണ്.
എല്ലാ ഞായറാഴ്ചകളിലും അമിതാഭ് ബച്ചൻ മുടങ്ങാതെ തുടരുന്നൊരു ശീലമുണ്ട്. തന്റെ വീടിനുമുന്നിൽ തടിച്ചുകൂടുന്ന ആരാധകരെ അഭിവാദ്യം ചെയ്യുന്ന ശീലം. ഏകദേശം 44 വർഷമായി തുടരുന്നതാണിത് ബച്ചൻ. കുറച്ചു മിനിറ്റുകൾ ആരാധകർക്കുനേരെ കൈകൂപ്പിയും കൈവീശിയും അദ്ദേഹം അവർക്കുമുന്നിൽ നിൽക്കും.
ഇക്കഴിഞ്ഞ ഞായറാഴ്ചയും ആ പതിവ് ബിഗ് ബി മുടക്കിയില്ല. എന്നാൽ, പതിവിൽനിന്നും വ്യത്യസ്തമായിട്ടായിരുന്നു അദ്ദേഹത്തിന്റെ കടന്നുവരവ്. ഒരു സുതാര്യമായ ബുള്ളറ്റ് പ്രൂഫ് കവചത്തിലാണ് അദ്ദേഹം ജനങ്ങൾക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടത്. ചുറ്റുപാടുകളെല്ലാം വീക്ഷിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മകനും നടനുമായ അഭിഷേക് ബച്ചൻ തൊട്ടടുത്ത് തന്നെ നിൽപ്പുണ്ടായിരുന്നു. ടൈഗർ ഷ്റോഫിനെ ആക്രമിച്ച സംഘം നേരത്തെ അമിതാഭ് ബച്ചനെയും സൽമാൻ ഖാനെയും ലക്ഷ്യമിട്ടിരുന്നുവെന്ന് സംഘം അവകാശപ്പെട്ടിരുന്നു. അതിന്റെ കൂടെ പശ്ചാത്തലത്തിലാണ് സുരക്ഷ വർധിപ്പിച്ചത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Amitabh Bachchan appeared behind a transparent bulletproof shield to greet fans, a first in his 44-year tradition., The enhanced security follows recent attacks and threats on Bollywood actors like Tiger Shroff and Salman Khan by the Lawrence Bishnoi gang