'എനിക്ക് പാട്ടുകൾ പാടാൻ കഴിയുന്നില്ല' എന്ന് അൽക്ക യാഗ്നിക്; കാരണമിതാണ്‌

അൽക്ക യാഗ്നിക് / PTI
അൽക്ക യാഗ്നിക് / PTI

2024-ലാണ് തനിക്ക് പെട്ടെന്ന് കേൾവിശക്തി നഷ്ടപ്പെട്ടതായുള്ള വാർത്ത ഗായിക അൽക്ക യാഗ്നിക് (Alka Yagnik) പങ്കുവെച്ചത്. ഒരു വിമാനയാത്ര കഴിഞ്ഞിറങ്ങിയപ്പോഴാണ് കേൾവി നഷ്ടപ്പെട്ടതായി അൽക്ക അറിയുന്നത്. ആ അസുഖം ബാധിച്ചതിനാൽ മുഖ്യധാരയിൽനിന്ന് മാറിനിൽക്കുകയാണെന്നും അൽക്ക അന്ന് വെളിപ്പെടുത്തിയിരുന്നു. ആ അസുഖം മാറിയിട്ടില്ലെന്ന് തുറന്നുപറയുകയാണിപ്പോൾ അൽക്ക. അപൂർവമായ സഡൻ സെൻസറി ന്യൂറൽ നേർവ് ഹിയറിങ് ലോസ് (sudden sensory neural nerve hearing loss) ആണ് അവരെ ബാധിച്ചിരിക്കുന്ന അസുഖം.

താനിപ്പോഴും ഈ അസുഖവുമായുള്ള പോരാട്ടത്തിലാണെന്നും അതുതന്നെ വല്ലാതെ ബുദ്ധിമുട്ടിപ്പിക്കുന്നുവെന്നുമാണ് അവർ സമ്മതിച്ചത്. എന്നാൽ രോഗത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെക്കാൻ അവർ വിസമ്മതിച്ചതായും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. അസുഖം മൂലമാണ് താൻ പുതിയ പാട്ടുകളൊന്നും ഏറ്റെടുക്കാത്തതെന്നും അവർ പറയുന്നു. ''സംഗീതസംവിധായകർ ഇടയ്ക്കിടെ എന്നെ സമീപിക്കുന്നുണ്ട്. പക്ഷേ എനിക്കത് ചെയ്യാൻ കഴിയുന്നില്ല'', അൽക്കയുടെ വാക്കുകൾ.

ഇംതിയാസ് അലിയുടെ 'അമർ സിങ് ചംകില'യിലെ 'നാറം കാൽജ' എന്ന പാട്ടാണ് അൽക്ക അവസാനമായി പാടിയത്. 2024-ൽ ആ പാട്ട് പാടിയശേഷം പിന്നീട് അവർ ഗാനരംഗത്തുനിന്ന് മാറിനിൽക്കുകയായിരുന്നു. അതേ സമയം ഈ വർഷമാദ്യം അൽക്കയ്ക്ക് പത്മഭൂഷൺ ബഹുമതി നൽകി രാജ്യം അവരെ ആദരിച്ചിരുന്നു.

ഒരു കുറിപ്പിലൂടെയാണ് തന്റെ അസുഖവിവരം അന്ന് അൽക്ക അറിയിച്ചത്. പെട്ടെന്നുള്ള വൈറൽ ആക്രമണം മൂലമാണ് തനിക്ക് അസുഖമുണ്ടായതെന്നും അവർ വെളിപ്പെടുത്തി. ''ഒരു വിമാനത്തിൽനിന്ന് ഇറങ്ങുമ്പോൾ, പെട്ടെന്ന് ഒന്നും കേൾക്കാൻ കഴിയുന്നില്ലെന്ന് തോന്നി. അതുകഴിഞ്ഞ് ആഴ്ചകൾക്കുശേഷമാണ് ഞാൻ എല്ലാവരോടുമായി ഇത് തുറന്നുപറയുന്നത്. ഒരു വൈറൽ ആക്രമണം മൂലമുണ്ടായ പെട്ടെന്നുള്ള കേൾവിക്കുറവാണിതെന്ന് ഡോക്ടർമാർ കണ്ടെത്തി'', അൽക്ക കുറിച്ചു.

അതിനൊപ്പം വളരെ ഉച്ചത്തിൽ ഹെഡ്‌ഫോൺ ഉപയോഗിച്ച് സിനിമ കാണുന്നതിനും സംഗീതം കേൾക്കുന്നതിനുമെതിരെ അൽക്ക അന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Alka Yagnik reveals she is still struggling with a rare viral sensory neural hearing loss. The condition prevents her from accepting new playback singing projects.