അജിത് ഓടിച്ച കാർ രണ്ടുതവണ മലക്കംമറിഞ്ഞു; അദ്ദേഹത്തിന് 29 ശസ്ത്രക്രിയകൾ നടത്തേണ്ടിവന്നു

ലണ്ടനിലെ ചരിത്രപ്രസിദ്ധമായ സിൽവർസ്റ്റോൺ സർക്യൂട്ടിൽ കഴിഞ്ഞ ദിവസമാണ് നടൻ കൂടിയായ അജിത്ത് കുമാർ മത്സരിക്കാനിറങ്ങിയത്. ഏറെ പ്രശസ്തമായ ലേ മാൻസ് റേസിങ്ങിൽ പങ്കെടുത്തത് 44 കാറുകളാണ്. മത്സരത്തിന് പച്ചക്കൊടി വീശിയത് തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യും. അജിത്തിനെ കാണാൻ വിജയ് എത്തുന്നതും അവർ തമ്മിലുള്ള സൗഹൃദവുമെല്ലാം സോഷ്യൽമീഡിയ ഏറ്റെടുത്ത് ആഘോഷിച്ചു.
അതോടെ സിൽവർസ്‌റ്റോണും റേസിങ്ങുമെല്ലാം ആളുകൾക്ക് ഏറെ പരിചിതമാവുകയും ചെയ്തു. പിന്നാലെ അജിത്തിന്റെ റേസിങ് ഭ്രമത്തെക്കുറിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്.
അഭിനയത്തിനൊപ്പം തന്നെ താരത്തിന് പ്രിയപ്പെട്ടതാണ് റേസിങ്. ആദ്യം മുംബൈ, ചെന്നൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലെ റേസിങ് സർക്യൂട്ടുകളിലാണ് മത്സരിച്ചത്. അതുകഴിഞ്ഞാണ് അന്താരാഷ്ട്രമത്സരങ്ങളുടെ ഭാഗമായത്. എഫ്.ഐ.എ ചാമ്പ്യൻഷിപ്പുകളിലും മത്സരിച്ച ചുരുക്കം ചില ഇന്ത്യക്കാരിൽ ഒരാളാണ് അദ്ദേഹം.
ജർമ്മനി, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന വിവിധ മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 2003-ലെ ഫോർമുല ഏഷ്യ ബിഎംഡബ്ല്യു ചാമ്പ്യൻഷിപ്പിലും അദ്ദേഹം മത്സരിച്ചു. 2010-ലെ ഫോർമുല 2 ചാമ്പ്യൻഷിപ്പിന്റെയും ഭാഗമായി. 2025-ൽ വെനീസിൽ നടന്ന ചടങ്ങിൽ 'ജെന്റിൽമാൻ ഡ്രൈവർ ഓഫ് ദി ഇയറി'നുള്ള ഫിലിപ്പ് ചാരിയോൾ പുരസ്‌കാരം അജിത്തിന് ലഭിച്ചു.
എന്നും സാഹസികത ഇഷ്ടപ്പെടുന്നയാളാണ് അജിത്. സ്ഥിരോത്സാഹം, കഠിനാധ്വാനം, ടീം വർക്ക് എന്നിവയാണ് തന്റെ വിജയത്തിന് കാരണമെന്ന് അജിത് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ''ഞാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും പൂർണ്ണമായ അർപ്പണബോധത്തോടെയാണ് പ്രവർത്തിക്കുന്നത്. നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അവയെല്ലാം തരണം ചെയ്യാൻ എനിക്ക് സാധിച്ചു. റേസിങ്ങിന്റെ കാര്യമെടുത്താൽ, ഒരു കരിയറായി അതിനെ കാണുന്ന 19 വയസ്സുകാരൻ നടത്തുന്ന അതേ കഠിനാധ്വാനം തന്നെയാണ് ഞാനും നടത്തുന്നത്. ശരിയായ ഒരു ടീമിനെ ഒപ്പം കൂട്ടുക എന്നത് പ്രധാനമാണ്''. സാഹസികത സിനിമയിലും റേസിങ്ങിലും തുടർന്നപ്പോൾ അദ്ദേഹത്തിന് 29 ശസ്ത്രക്രിയകൾക്ക് വിധേയനാകേണ്ടിവന്നു. അതിലേറെയും സിനിമയിൽ സ്റ്റണ്ടുകൾ ചെയ്തതിനാണ്.
റേസിങ്ങിനിടയിലും അദ്ദേഹത്തിന് അപകടങ്ങളുണ്ടായിട്ടുണ്ട്. 2025-ൽ സ്‌പെയിനിലെ വലൻസിയയിൽവെച്ചു നടന്ന പോർഷെ സ്പ്രിന്റ് ചലഞ്ചിന്റെ യോഗ്യതാമത്സരങ്ങളിലുണ്ടായ അപകടത്തിൽനിന്ന് അദ്ദേഹം പരിക്കുകളൊന്നുമില്ലാതെ അപകടകരമായി രക്ഷപ്പെടുകയായിരുന്നു. വാഹനം രണ്ടുതവണ മലക്കംമറിയുകയാണുണ്ടായത്.
അതേവർഷം തന്നെ ഇറ്റലിയിലാണ് അടുത്ത അപകടമുണ്ടായത്. മിസാനോ വേൾഡ് സർക്യൂട്ടിൽ വെച്ച് അദ്ദേഹത്തിന്റെ കാർ നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. വാഹനത്തിനുണ്ടായ കേടുപാടുകൾ കാരണം മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വരികയും ചെയ്തു.
2026-ൽ മിഷേലിൻ ലേ മാൻസ് കപ്പിനിടെയാണ് അടുത്ത അപകടമുണ്ടായത്. സീസണിലെ നാലാമത്തെ മത്സരത്തിനിടെ അദ്ദേഹത്തിന്റെ കാർ തെന്നിമാറി ചരൽനിറച്ച പാതയിലേക്ക് നീങ്ങുകയും 'സേഫ്റ്റി കാർ' രംഗത്തിറങ്ങാൻ കാരണമാവുകയും ചെയ്തുവെങ്കിലും, അദ്ദേഹം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എങ്കിലും അതൊന്നും സാരമാക്കാതെ മത്സരങ്ങളിലേക്ക് കുതിക്കുകയാണ് താരം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi