ഹിറ്റ്ലര്‍ക്ക് സമാധാന നൊബേലോ? സ്റ്റാലിനെയും പരിഗണിച്ചു; ട്രംപിന് നോമിനേഷന്

സമൂഹത്തില്‍ സമാധാനവും ശാന്തിയും ഐക്യവും വിതയ്ക്കുന്ന, മനുഷ്യനന്മയ്ക്കായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക് കിട്ടുന്ന പരമോന്നത ബഹുമതിയാണ് സമാധാന നൊബേല്‍. 60 ലക്ഷം ജൂതന്മാരെ അതിക്രൂരമായി കൊല്ലുകയും 8 കോടിയിലധികം മനുഷ്യരുടെ മരണത്തിനിടയാക്കിയ രണ്ടാം ലോകമഹായുദ്ധത്തിന്റെ മുഖ്യ കാരണക്കാരനാകുകയും ചെയ്ത അഡോള്‍ഫ് ഹിറ്റ്ലര്‍ക്ക് ആ വിശ്വ ബഹുമതി കിട്ടിയിരുന്നെങ്കിലോ? തമാശയല്ല, ഹിറ്റ്ലര്‍ക്ക് സമാധാന നൊബേലിന് നോമിനേഷന് ഉണ്ടായിരുന്നു.
1933-ല്‍ ജര്‍മ്മന്‍ ചാന്‍സലറായി അധികാരമേറ്റത് മുതല്‍ തുടങ്ങുന്നു ഹിറ്റ്ലറുടെ ക്രൂരതകള്‍. 1939-ല്‍ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു. അപ്പോഴൊന്നും ജൂതരുടെ കൂട്ടക്കൊലയെക്കുറിച്ച് പുറംലോകത്തിന് കൃത്യമായ ധാരണയുണ്ടായിരുന്നില്ല. ആ വിവരങ്ങള്‍ പുറത്തുവരുന്നതിനുമുന്നേ 1939-ലാണ് ഹിറ്റ്ലറിനെ സമാധാന നൊബേലിന് നോമിനേറ്റ് ചെയ്തത്.
സ്വീഡിഷ് പാര്‍ലമെന്റ് അംഗമായ എറിക് ഗോട്ട്ഫ്രിഡ് ബ്രാന്‍ഡ് ആണ് നോമിനേഷന് ഫയല്‍ ചെയ്തത്. അദ്ദേഹം തമാശയ്ക്ക് ചെയ്തതാണെന്നാണ് പറയപ്പെടുന്നത്. ഏതായാലും നോമിനേഷന് തള്ളിപ്പോയി. ആ വര്‍ഷം ആര്‍ക്കും സമാധാന നൊബേല്‍ കൊടുത്തതുമില്ല.
രണ്ടാം ലോകമഹായുദ്ധം ആളിപ്പടര്‍ത്തിയ ഹിറ്റ്ലറെ പരിഗണിച്ച അതേ നൊബേല്‍ സമ്മാനത്തിന് തന്നെ സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിനെയും നോമിനേറ്റ് ചെയ്തിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ പരിഗണിച്ചാണ് 1945-ലും 1948-ലും അദ്ദേഹത്തെ നോമിനേറ്റ് ചെയ്തത്. പല കാരണങ്ങളാല്‍ സ്റ്റാലിന്റെ ഭരണകാലത്ത് ഒരു കോടിയോളം മനുഷ്യര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
മധ്യേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ ഈയടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമാധാന നൊബേലിന് നോമിനേഷന് കിട്ടിയിരുന്നു. അമേരിക്കയിലെ കോണ്‍ഗ്രസ് അംഗം ഡാരല്‍ ഇസ ആണ് ട്രംപിന്റെ നോമിനേഷന് ഫയല്‍ ചെയ്തത്.
അഹിംസ ആയുധമാക്കി സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ എതിര്ത്തുതോല്പിച്ച മഹാത്മാഗാന്ധിക്ക് ഒരിക്കല്‍പോലും നൊബേല്‍ ബഹുമതി ലഭിച്ചിട്ടുമില്ല. 1937,1938,1939,1947,1948 എന്നിങ്ങനെ അഞ്ച് വര്‍ഷങ്ങളില്‍ അദ്ദേഹത്തിന് നോമിനേഷന് ഉണ്ടായിരുന്നു.
Content Highlights: adolf hitler, joseph stalin and donald trump were nominated for peace nobel