‘മൂന്നാം വിവാഹം ലൗ ജിഹാദ്’ ആമിർ ഖാനും ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ ഭീഷണി

ആമിർ ഖാൻ, ഗൗരി സ്പ്രാറ്റ് | PTI
ആമിർ ഖാൻ, ഗൗരി സ്പ്രാറ്റ് | PTI

ബോളിവുഡ് നടൻ ആമിർ ഖാന് ഗ്യാങ്സ്റ്റർ ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധമുള്ള സംഘത്തിൽ നിന്ന് വധഭീഷണി (Death Threat)യുള്ളതായി റിപ്പോർട്ട്. സാമൂഹിക മാധ്യമ പോസ്റ്റിലൂടെയും വോയിസ് നോട്ട് വഴിയുമാണ് ഭീഷണി ലഭിച്ചതെന്നും, മുംബൈ പോലീസ് ഇക്കാര്യം അന്വേഷിക്കുകയാണെന്നുമാണ് വിവരം. നേരത്തേ നടൻ സൽമാൻ ഖാനുനേരെ ബിഷ്ണോയി സംഘം വധഭീഷണി മുഴക്കിയിരുന്നു. അദ്ദേഹത്തിന്റെ വീടിനു നേരെ വെടിവെപ്പും നടത്തി.

എൻഡിടിവി റിപ്പോർട്ടനുസരിച്ച്, ജയിലിലായ ബിഷ്‌ണോയിയുടെ കൂട്ടാളികൾ അർസു ബിഷ്‌ണോയിയും ടൈസൺ ബിഷ്‌ണോയിയുമാണ് ഭീഷണി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. മൂന്നാം തവണ വിവാഹം ചെയ്തതിലൂടെ ആമിർ 'ലവ് ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് മുന്നറിയിപ്പ്. 

"ഇത്തരം നിന്ദ്യമായ പ്രവർത്തികളെ പ്രോത്സാഹിപ്പിക്കുന്നവരെ ഞങ്ങൾ നേരിടും. താരപദവിയുടെ പേരിൽ ഇതിനെ പ്രോത്സാഹിപ്പിക്കുന്നവരെ നിശ്ശബ്ദരാക്കും" എന്ന് പോസ്റ്റിൽ പറയുന്നു.

കഴിഞ്ഞ മാസം രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ 13 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവം സംബന്ധിച്ചും പോസ്റ്റിൽ പരാമർശമുണ്ട്. ഇതിൽ ഭരണകൂടം വേഗത്തിൽ നടപടിയെടുത്തതിനെ അഭിനന്ദിച്ചെങ്കിലും, പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

"ഇത് ഞങ്ങളുടെ ആദ്യത്തേതും അവസാനത്തേതുമായ മുന്നറിയിപ്പാണ്: ആ നിഷ്കളങ്കയായ പെൺകുട്ടിക്കെതിരെയുണ്ടായ അതിക്രമത്തിൽ നിയമത്തിൽ നിന്ന് രക്ഷപ്പെടുന്നവരെ ഞങ്ങൾ ശിക്ഷിക്കും. അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കൾ ഉടനടി അത്തരം ഇടപെടലുകൾ നിർത്തണം, അല്ലെങ്കിൽ നിങ്ങൾ സംരക്ഷിക്കുന്നവരുടെ അതേ ഗതി നിങ്ങൾക്കും നേരിടേണ്ടി വരും. മനുഷ്യത്വം കാണിക്കൂ," സന്ദേശത്തിൽ പറയുന്നു. 

ആമിർ ഖാൻ ഇതുവരെ മുംബൈ പോലീസിൽ പരാതി നൽകിയിട്ടില്ല എന്നാണറിയുന്നത്. സാമൂഹിക മാധ്യമത്തിൽ വാർത്ത പ്രചരിച്ചതോടെ, മുംബൈ പോലീസും സൈബർ സെല്ലും വിഷയത്തിൽ അന്വേഷണം ആരംഭിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Aamir Khan allegedly targeted by associates of the Lawrence Bishnoi gang via social media., Threats accused the actor of promoting 'love jihad' and issued warnings., Mumbai Police and Cyber Cell are currently verifying the authenticity of the posts and audio., No official complaint has been filed by Aamir Khan or his team as of now., The gang's history of targeting Bollywood figures like Salman Khan remains under scrutiny.