വിദേശപഠനത്തിന് പോകുന്നവര്‍ പോകട്ടെ; അഭിരുചിയറിഞ്ഞ് പഠിച്ചാല്‍ നാട്ടിലും അവസരങ്ങളേറെ

#ജലീഷ് പീറ്റര്‍ (കരിയര്‍ ഗൈഡന്‍സ് വിദഗ്ധന്‍)
പ്രതീകാത്മകചിത്രം / Photo: Shutterstock
പ്രതീകാത്മകചിത്രം / Photo: Shutterstock

എണ്ണമറ്റ വിദ്യാഭ്യാസ-തൊഴില്‍ അവസരങ്ങളാണ് ഇന്നത്തെ വിദ്യാര്‍ത്ഥിസമൂഹത്തിന് മുന്നിലുളളത്. ഒരോരുത്തരും അവരവരുടെ അഭിരുചിയും കഴിവുകളുമറിഞ്ഞ് അവര്‍ക്ക് യോജിച്ച കോഴ്‌സുകള്‍ തെരഞ്ഞെടുത്താല്‍ നാട്ടില്‍ തന്നെ ഉയര്‍ന്ന ജോലി ഉറപ്പാണ്. വിദ്യാഭ്യാസരംഗത്തെ പുതിയ വികസനോന്മുഖ മേഖലകള്‍ കൂടുതല്‍ തൊഴില്‍സാധ്യതകള്‍ സൃഷ്ടിക്കുന്നുണ്ട്. നിലവാരമുളള പുത്തന്‍ തൊഴില്‍ മേഖലകളില്‍ എത്തുന്നതിനുളള ശരിയായ വഴി തിരിച്ചറിയുകയാണ് പുതിയ തലമുറയെ സംബന്ധിച്ച് പ്രധാനം.

ട്രെന്‍ഡിന് പുറകേ പോകേണ്ട
കാലത്തിനനുസരിച്ച് നമ്മള്‍ മാറണം; പക്ഷെ തെരഞ്ഞെടുപ്പിന് അടിസ്ഥാനമാകേണ്ടത് തന്റെ കഴിവുകളും അഭിരുചിയും മനോഭാവങ്ങളുമായിരിക്കണം. ഓരോ കാലത്തും അവസരങ്ങളുളള കോഴ്‌സുകള്‍ തെരഞ്ഞെടുക്കാനാണ് വിദ്യാര്‍ത്ഥികള്‍ ശ്രമിക്കേണ്ടത്. ഇപ്പോള്‍ സാധ്യതയുളള കോഴ്‌സിന് തക്കസമയത്ത് ചേര്‍ന്നില്ലെങ്കില്‍ ആ മേഖലയില്‍ പിന്നീട് നമ്മള്‍ ഒരുപാട് പിന്നോട്ടായി പോകും. എന്നുവച്ച്‌ ട്രെന്‍ഡിന്റെ പുറകെ പോകുകയുമരുത്. 

പ്ലസ്ടു കഴിഞ്ഞ് മുന്‍നിര സ്ഥാപനങ്ങളില്‍ ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ക്ക് അവസരമുണ്ട്. ശാസ്ത്രസാങ്കേതിക, മാനവിക, മാനേജ്‌മെന്റ്, നിയമമേഖലകളിലെല്ലാം ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്. ആകര്‍ഷകമായ നിരവധി ജോലികള്‍ കേന്ദ്രസംസ്ഥാന സര്‍വ്വീസുകളിലുണ്ട്. മത്സരപരീക്ഷകളെ ശാസ്ത്രീയമായി സമീപിച്ച് മികച്ച പരിശീലനം നേടിയാല്‍ സര്‍ക്കാര്‍ ജോലി ഉറപ്പാണ്. നൈപുണ്യ പരിശീലന പ്രോഗ്രാമുകളിലൂടെ പഠനത്തിനപ്പുറമുളള യഥാര്‍ഥതൊഴില്‍ അന്തരീക്ഷത്തില്‍ പരിശീലിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ അവസരങ്ങളുണ്ട്.

മാനേജ്‌മെന്റ് പഠനത്തില്‍ ഏറ്റവും പ്രധാനം പഠിക്കുന്ന സ്ഥാപനത്തിന്റെ മികവും കോഴ്‌സിന്റെ സ്‌പെഷലൈസേഷനുമാണ്. അതുപോലെ വിവിധവിഷയങ്ങളില്‍ രാജ്യത്തുള്ള നിരവധി മികവിന്റെ പഠന കേന്ദ്രങ്ങളെ അറിഞ്ഞ് അവിടെ ചേര്‍ന്ന് പഠിക്കുവാന്‍ ശ്രമിക്കണം.

'ശേഷിയുളളവര്‍ ശേഷിക്കും' എന്ന ചാള്‍സ് ഡാര്‍വിന്റെ സിദ്ധാന്തമാണ് ഇവിടെ പ്രസക്തം. ശേഷിയുളള തലമുറയെ വാര്‍ത്തെടുക്കുവാന്‍ പര്യാപ്തമാണ് നമ്മുടെ നാട്ടിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍. വിദ്യാര്‍ത്ഥികളുടെ പഠനനിലവാരവും പ്രവര്‍ത്തനരീതിയും ഉയര്‍ത്തുന്നതാണ് ഐ.ഐ.ടി, എന്‍.ഐ.ടി ഉള്‍പ്പെടെയുളള രാജ്യത്തെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍.

ഇവിടെയും സാധ്യതകളുണ്ട്
സുരക്ഷിതമായ ഭാവി, ആനന്ദകരമായ ജീവിതം ഇതാണ് ഏവരുടെയും ലക്ഷ്യം. സുരക്ഷിതമായ ഭാവി സ്വപ്നംകണ്ടാണ് പുതിയ തലമുറ വിദേശത്തേയ്ക്ക് ചേക്കേറുന്നത്. പക്ഷെ സ്വദേശത്തും സുരക്ഷിതമായ ഭാവിയും ആനന്ദവും ലഭ്യമാക്കാന്‍ ഉതകുന്ന നിരവധി പഠനകേന്ദ്രങ്ങളുണ്ടെന്നത് നാം മറക്കരുത്. ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് പല ഘടകങ്ങള്‍ സ്വാധീനിക്കുമെങ്കിലും സ്വന്തം അഭിരുചിക്കനുസരിച്ച് പഠനവിഷയങ്ങള്‍ തെരഞ്ഞെടുത്ത് ഇഷ്ടമുളള തൊഴില്‍മേഖലകളില്‍ സ്വദേശത്ത് ജോലി ചെയ്യുന്നത് ജീവിതത്തില്‍ ആനന്ദം കൊണ്ടുവരും എന്നത് നിശ്ചയമാണ്. ആനന്ദകരമായ കരിയറിനും പഠനത്തിനും സ്വദേശത്തെ മികവിന്റെ കേന്ദ്രങ്ങളെ ഉപയോഗിക്കുവാന്‍ നമ്മള്‍ ശ്രമിക്കണം.
 

Content Highlights: student migration affect our education system