ഉപ്പ് ദിവസേന എത്ര അളവിൽ ഉപയോഗിക്കാം? ഇന്ത്യക്കാർ അനുസരണയില്ലാത്തവർ

പ്രതിദിനം എത്രമാത്രം ഉപ്പ് ഒരാൾക്ക് ഉപയോഗിക്കാം? അഞ്ചു ഗ്രാമിൽ താഴെയാണ് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നത്. ഏകദേശം ഒരു ടീസ്പൂണിൽ താഴെ. അല്ലെങ്കിൽ രണ്ടുഗ്രാമിൽ താഴെ സോഡിയം. എന്നാൽ ഇന്ത്യക്കാർ അക്കാര്യത്തിൽ അത്ര വെടിപ്പല്ലെന്നാണ് ഐസിഎംആറിൻ്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയുടെ അഭിപ്രായം. ലോകാരോഗ്യസംഘടന ശുപാർശ ചെയ്യുന്നതിനേക്കാൾ 2.2 മടങ്ങ് കൂടുതൽ ഉപ്പ് ഇന്ത്യക്കാർ ദിവസേന ഉപയോഗിക്കുന്നുണ്ട്.
ഇത് രക്തസമ്മർദം, പക്ഷാഘാതം, വൃക്കരോഗങ്ങൾ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഒരു ഇന്ത്യക്കാരൻ്റെ പ്രതിദിന ശരാശരി ഉപ്പ് ഉപഭോഗം 11 ഗ്രാം ആണെന്ന് ഐസിഎംആർ പറയുന്നു. നഗരമേഖലയിൽ 9.2 ഗ്രാമും ഗ്രാമീണമേഖലയിൽ 5.6 ഗ്രാമും. സാധാരണ അയൊഡൈസ്ഡ് ഉപ്പിൽ 40 ശതമാനം സോഡിയം അടങ്ങിയിട്ടുണ്ട്, ഇത് ലോകാരോഗ്യ സംഘടനയുടെ പരിധിയേക്കാൾ വളരെക്കൂടുതലാണ്. ഈ അപകടസാധ്യത ഒഴിവാക്കാൻ സോഡിയം കുറഞ്ഞ ഉപ്പ് ഉപയോഗിക്കണമെന്നാണ് നിർദ്ദേശം.
ഇന്ത്യൻ ഭക്ഷണക്രമത്തിൽ ഉപ്പ് മറഞ്ഞിരിക്കുന്നത് എവിടെയാണെന്നല്ലേ? അച്ചാറുകൾ, പപ്പടം, ബിസ്ക്കറ്റുകൾ, കുക്കികൾ, ബ്രെഡ്, വടാ പാവ്, ചിപ്സ്, ഇൻസ്റ്റൻ്റ് നൂഡിൽസ്, കൂടാതെ ടിന്നിലടച്ചതും പാക്ക് ചെയ്തതുമായ ഭക്ഷണങ്ങളിലും അമിതമായ ഉപ്പ് മറഞ്ഞിരിക്കുന്നു.
അമിതമായി സോഡിയം ശരീരത്തിലെത്തുന്നത് അപകടകമാണ്. ലോകമെമ്പാടും പ്രതിവർഷം ഏകദേശം 1.89 ദശലക്ഷം പേരുടെ മരണങ്ങൾ അമിതമായ സോഡിയം ഉപഭോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണത്തിൽ ഉപ്പ് കൂടിയാൽ രക്തത്തിലെ സോഡിയത്തിന്റെ അളവും കൂടും. ശരീരത്തിൽ വെള്ളം കെട്ടിനിൽക്കുന്നതിനും, രക്തത്തിന്റെ അളവ് കൂടുന്നതിനും, രക്തസമ്മർദ്ദം (രക്താതിമർദ്ദം) ഉയരുന്നതിനും കാരണമാകുന്നു. ഇത് പക്ഷാഘാതം, ഹൃദ്രോഗങ്ങൾ, വൃക്കരോഗം, ഓസ്റ്റിയോപൊറോസിസ്, പൊണ്ണത്തടി എന്നിവയിലേക്ക് നയിക്കുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: High salt intake in India leads to hypertension, stroke, and kidney disease. Reduce consumption to under 5g/day as per WHO