പേപ്പർ കൊണ്ട് സ്റ്റാർ, തുണികൾ കൊണ്ട് ബണ്ടിങ്സ്, പ്രകൃതിയോടിണങ്ങുന്ന അലങ്കാരങ്ങൾ

ക്രിസ്മസ് അലങ്കാരങ്ങൾ | ഫോട്ടോ: ജോർജ് മാത്യു
ക്രിസ്മസ് അലങ്കാരങ്ങൾ | ഫോട്ടോ: ജോർജ് മാത്യു

പേപ്പര്‍ സ്റ്റാര്‍
ആവശ്യമുള്ള സാധനങ്ങള്‍ 
പേപ്പര്‍, ഗം, കത്രിക, പെയിന്റ്
എ ഫോര്‍ സൈസ് പേപ്പറുകള്‍ രണ്ടായി നീളത്തില്‍ മുറിക്കുക. അതിന്റെ ഒരു കോര്‍ണര്‍ പിടിച്ച് ചുരുട്ടുക. ഇങ്ങനെ കുറച്ചധികം പേപ്പര്‍ റോളുകള്‍ ഉണ്ടാക്കി വെക്കണം. എല്ലാ റോളുകളും ഒരേ അളവിലായിരിക്കണം. ഒരു റോളിന്റെ അറ്റത്തുനിന്ന് രണ്ട് സെ.മീ നീളത്തില്‍ മടക്കി വെക്കുക. ശേഷം അതിന്റെ അകത്തേക്ക് മറ്റൊരു റോള്‍ കയറ്റി ഒന്നിനുപുറകെ ഒന്നായി റോളുകള്‍ യോജിപ്പിക്കുക. ഒരു നക്ഷത്രത്തിന്റെ ആകൃതിയില്‍ ഈ പേപ്പര്‍ റോളുകള്‍ മടക്കിമടക്കി കൊണ്ടുവരിക. മടക്ക് വരുന്നിടങ്ങളില്‍ പശ ഉപയോഗിച്ച് ഒട്ടിക്കാം. എല്ലാ ജോയിന്റുകളും ഒട്ടിക്കാന്‍ മറക്കരുത്. ഇനി ഇഷ്ടമുള്ള നിറം കൊടുക്കാം. 

ബോട്ടില്‍ ക്യാപ് സ്റ്റാര്‍

ആവശ്യമുള്ള സാധനങ്ങള്‍ -ബോട്ടില്‍ ക്യാപ്, ഗം, പെയിന്റ്
ഒഴിഞ്ഞ വാട്ടര്‍ ബോട്ടിലുകളുടെ ക്യാപ്പുകള്‍ ശേഖരിക്കുക. രണ്ട് ക്യാപ്പുകള്‍ വീതം ഗം ഉപയോഗിച്ച് യോജിപ്പിക്കണം. അങ്ങനെ കുറച്ച് ക്യാപ്പുകള്‍ ജോയിന്‍ ചെയ്ത് വെക്കുക. ഒരു ത്രികോണാകൃതി ഉണ്ടാക്കാന്‍ ഏകദേശം 30 ക്യാപ്പുകള്‍ വേണം. എന്നിട്ട് അവ നാലോ അഞ്ചോ നിരയായി വെക്കണം.(ആദ്യത്തെ നിരയില്‍ ഒരു സെറ്റ്, പിന്നെ രണ്ട്, മൂന്ന്, നാല്...) ഇതുപോലെ അഞ്ച് സെറ്റുണ്ടാക്കി പരസ്പരം യോജിപ്പിക്കുക.  ശേഷം ഇഷ്ടമുള്ള പെയിന്റ് നല്‍കാം. ചുവപ്പ്, പച്ച, ഗോള്‍ഡന്‍ നിറങ്ങള്‍ നല്‍കുന്നത് കൂടുതല്‍ ഭംഗിയേകും.

പേപ്പര്‍ സണ്‍

ആവശ്യമുള്ള സാധനങ്ങള്‍-പേപ്പര്‍, ഫെവിക്കോള്‍ എസ്. എച്ച്, കത്രിക, ബോട്ടില്‍ ക്യാപ്
ന്യൂസ്‌പേപ്പര്‍ ചെറിയ കഷണങ്ങളായി മുറിക്കുക (10 * 40 സെ.മീ). പേപ്പര്‍ തുല്യ വലുപ്പത്തില്‍ റോളുകളാക്കണം. 
ഓരോ റോളും ഒന്നിനുപുറകെ ഒന്നായി ബന്ധിപ്പിച്ച് 20 സെമീ. വ്യാസമുള്ള ഒരു വൃത്തമാക്കുക. മറ്റ് റോളുകള്‍ ബന്ധിപ്പിച്ച് 10 സെന്റിമീറ്റര്‍ വ്യാസമുള്ള ഒരു വൃത്തത്തിലേക്ക് ചുരുട്ടണം. ഈ 10 സെന്റിമീറ്റര്‍ വൃത്തത്തിന്റെ ഒരു വശത്ത് നിന്ന് നടുവിലേക്ക് തള്ളി ഇത് ഒരു വളഞ്ഞ ആകൃതിയിലാക്കണം. 
ഈ 10 സെ.മീ വൃത്തമുള്ള റോള്‍ 20 സെ.മീ വൃത്തത്തിന് മുകളില്‍ വെക്കുക. അതൊരു ഢ ആകൃതിയില്‍ സൂര്യരശ്മികള്‍ പോലെ തയ്യാറാക്കി ഒട്ടിക്കുക.  10 സെ.മീ വൃത്തത്തിനു ചുറ്റും ബോട്ടില്‍ ക്യാപ്പുകള്‍ പിടിപ്പിക്കുക. ആവശ്യമെങ്കില്‍ സ്‌പ്രേ പെയിന്റ് ചെയ്യാം.

ബള്‍ബ് ഫ്രൂട്ട്

ആവശ്യമുള്ള സാധനങ്ങള്‍ -ഫെവിക്കോള്‍ എസ്.ആര്‍,-പഴയ ബള്‍ബ്, കാര്‍ട്ടന്‍ ബോക്‌സ്, കത്രിക
ആദ്യം ഒരു കാര്‍ട്ടണ്‍ ബോക്‌സ് എടുക്കുക. അതില്‍ നിന്ന് പേപ്പറിന്റെ പുറംപാളി നീക്കംചെയ്യുക.  ബോക്‌സില്‍നിന്ന് ഡ ആകൃതിയില്‍ കുറേ കഷണങ്ങള്‍ മുറിക്കുക. ബള്‍ബിന് മുകളില്‍ എസ്.ആര്‍ പുരട്ടി, മുറിച്ചുവെച്ച ഡ ആകൃതിയിലുള്ള കഷണങ്ങള്‍ താഴെ നിന്ന് ഒന്നിനു മുകളില്‍ ഒന്നായി ഒട്ടിക്കുക.താഴത്തെ കഷണങ്ങള്‍ക്കു മുകളില്‍ ലെയറുകളായി വരണം. ശേഷം സ്‌പ്രേ പെയിന്റ് ചെയ്യാം. 

ക്രിസ്മസ് കുഷ്യന്‍

ആവശ്യമുള്ള സാധനങ്ങള്‍ -പോംപോംസ്, ഫ്രില്‍സ്, തുണികള്‍, കുഷ്യന്‍.
ആദ്യം 16 ഇഞ്ച് വരുന്ന തുണി മുറിക്കണം. ഒരറ്റത്ത് ക്രിസ്മസ് ആശംസകളെഴുതിയത് മുറിച്ചെടുത്ത് കുഷ്യനു മുകളില്‍ സ്റ്റിച്ച് ചെയ്യാം. അലങ്കാരങ്ങളും അതിനൊരുവശത്ത് തുന്നിച്ചേര്‍ക്കാം. 
കൂടുതല്‍ ഭംഗിക്ക് ഒരു ഫ്രില്‍ കൂടി കുഷ്യനു ചുറ്റും തുന്നിപ്പിടിപ്പിക്കാം.

ആനിമല്‍ സ്ട്രിങ്‌സ്

ആവശ്യമുള്ള സാധനങ്ങള്‍ -വ്യത്യസ്ത പാറ്റേണ്‍ തുണികള്‍, പോംപോംസ്, ബട്ടണ്‍, സ്ട്രിങ് ബീഡ്‌സ്, ഫ്യൂസിങ് ഫാബ്രിക് അല്ലെങ്കില്‍ ബുഖ്രം.
 രണ്ട് പാറ്റേണിലുള്ള തുണി മുറിച്ച് ഫ്യൂസിങ് ഫാബ്രിക്കില്‍ ഒരു വശത്ത് ഒട്ടിക്കുക. എന്നിട്ട് മറുഭാഗത്ത് നൂല്‍ ഒട്ടിക്കുക. (25 സെന്റിമീറ്റര്‍ നീളത്തില്‍ ഇരുവശത്തും തുല്യമായി സ്ഥലം വിടുക.) ഫ്യൂസിങ്ങിന്റെ മറുവശത്തും പാറ്റേണ്‍ ഒട്ടിക്കണം. ശേഷം സ്റ്റിച്ച് ചെയ്യണം. ബട്ടണുകളും സ്ട്രിങ്ങിന്റെ അറ്റത്ത് പോംപോംസും ചേര്‍ത്ത് അലങ്കരിക്കുക. മുകളിലെ അറ്റത്ത് ഒരു ലൂപ്പ് ഉണ്ടാക്കി മറ്റേ അറ്റത്ത് ഒരു കെട്ടിട്ട് ഇത് തൂക്കിയിടാം. 

ക്രിസ്മസ് ബണ്ടിങ്‌സ്

ആവശ്യമുള്ള സാധനങ്ങള്‍ -വ്യത്യസ്ത ഡിസൈനിലുള്ള തുണികള്‍, ബട്ടണുകള്‍, പോംപോംസ്, ജൂട്ട് നൂല്‍, ബുഖ്രം.
ഇഷ്ടമുള്ള ആകൃതികളില്‍ അഞ്ച് ഇഞ്ച് വെച്ച് തുണികള്‍ മുറിക്കുക. ഒപ്പം ഒന്നര ഇഞ്ച് തുന്നലിനായി വിടുക. ഒരേ ആകൃതിയിലുള്ളവ അഞ്ചോ ആറോ എണ്ണം വേണം. ഈ തുണിക്കഷണങ്ങള്‍ ബുഖ്രത്തില്‍ ഒട്ടിക്കുക. ശേഷം ഇഷ്ടമുള്ള നിറത്തിലുള്ള നൂല് ഉപയോഗിച്ച് മുന്‍വശത്തും പിന്നിലും സ്റ്റിച്ച് ചെയ്യണം.  ക്രിസ്മസ് ട്രീ, ഹാര്‍ട്ട് ഷെയ്പ്, ജിഞ്ചര്‍ ബ്രെഡ് തുടങ്ങിയ ആകൃതിയില്‍ ഇവ മുറിക്കാം. അവ ബണ്ടിങ് ആകൃതിയുടെ മധ്യഭാഗത്ത് ഒട്ടിച്ച് കൈകൊണ്ട് തുന്നുക. ബട്ടണുകള്‍, പോംപോംസ് തുടങ്ങിയ അലങ്കാരങ്ങള്‍ അതില്‍ പിടിപ്പിക്കാം. എന്നിട്ട് ഒന്നര ഇഞ്ച് അധികമുള്ള ഭാഗം മടക്കി തുന്നണം. ജൂട്ടിന്റെ നൂലുകള്‍ ലൂപ്പുകളിലൂടെ ബണ്ടിങ്ങിലേക്ക് നല്‍കി ചുവരുകളില്‍ ബന്ധിപ്പിക്കാം.

ഡെക്കറേറ്റീവ് ഹാങ്ങിങ് സ്റ്റാര്‍

ആവശ്യമുള്ള സാധനങ്ങള്‍-പലതരം ഡിസൈനിലുള്ള തുണികള്‍, കോട്ടണ്‍ നൂല്‍
നക്ഷത്രങ്ങളുടെ ആകൃതിയില്‍ തുണികള്‍ മുറിക്കുക. നാല് ഇഞ്ച് വലുപ്പത്തിലാണ് മുറിക്കുന്നതെങ്കില്‍ എല്ലാ വശത്തും രണ്ട് സെന്റിമീറ്ററിലധികം തുന്നലിനായി വിടുക. നക്ഷത്രത്തിന്റെ നാല് വശങ്ങളും തുന്നിച്ചേര്‍ക്കണം. അഞ്ചാമത്തെ വശം തുന്നുന്നതിന് മുമ്പ് നക്ഷത്രത്തിന്റെ ഉള്ളില്‍ കോട്ടണ്‍ നിറയ്ക്കണം. എന്നിട്ട് നൂല്‍ അറ്റാച്ച് ചെയ്യുക. ശേഷം അഞ്ചാമത്തെ വശവും സ്റ്റിച്ച് ചെയ്യാം. വീട്ടിനുള്ളില്‍ തൂക്കാം. 

തയ്യാറാക്കിയത്: രേഖ നമ്പ്യാര്‍

Content Highlights: christmas decorations christmas paper crafts