ചാക്കുനൂലും കാർഡ് ബോർഡും കമ്പികളുമുണ്ടോ? ക്രിസ്മസ് അലങ്കാരങ്ങള്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം

തിരുപ്പിറവിയുടെ നല്ല നാളുകളെത്തി. പുല്‍ക്കൂടുകളും നക്ഷത്ര വിളക്കുകളും ഒക്കെയായി വീടുകളും വഴിയോരങ്ങളും ചന്തമണിയുന്ന നാളുകള്‍. ആഘോഷപ്പൊലിമയുടെ മാറ്റ് കൂട്ടാന്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ ഏറെയുണ്ട്. ദൈവപുത്രന്റെ പിറവി ആഘോഷമാക്കാന്‍ അലങ്കരിക്കാം അകത്തളങ്ങള്‍
ഏണിപ്പടിയില്‍
ചന്ദനത്തിരിയുടെ കൂട് മുറിച്ച് ഒട്ടിച്ച് ഉണ്ടാക്കിയ ഏണി. അതിനു മുകളില്‍ കട്ടിയുള്ള ചാക്കുനൂല്‍ ചുറ്റി പൂക്കളും അലങ്കാരങ്ങളും നടുവിലായി സാന്താക്ലോസും.
ഗോള്‍ഡന്‍ റീത്ത്
കാര്‍ഡ്‌ബോര്‍ഡ് വെട്ടി ഒരിഞ്ച് വീതിയില്‍ ഒരു വൃത്തം ഉണ്ടാക്കുക. അത് ഗോള്‍ഡന്‍ റിബണ്‍ കൊണ്ട് ചുറ്റുക. ബോള്‍സും മുത്തുകളും നടുവിലായി കുരിശും വച്ച് അലങ്കരിക്കാം.
ജൂട്ട് റീത്ത്
കമ്പി വളച്ച് ഒരു വളയം ഉണ്ടാക്കുക. അത് മുഴുവനായും ചാക്കിന്‍ കഷണം കൊണ്ട് ചുറ്റുക. താഴെ ചാക്ക് ഫ്രില്‍ ചെയ്ത് തുന്നിപ്പിടിപ്പിക്കുകയും വേണം. മുകള്‍ഭാഗത്തും വശങ്ങളിലും നല്ല കട്ടിയുള്ള ചാക്കുനൂല്‍ കൊണ്ട് ബോ ഉണ്ടാക്കി ചേര്‍ക്കണം. ചാക്കുനൂലിന്റെ പൂക്കള്‍ക്കൊപ്പം മണികളും വൈന്‍ കോണും ബോള്‍സും വെക്കാം. അതിനൊപ്പം സാന്താക്ലോസിനേയും ചേര്‍ക്കുക. നടുവിലായി പച്ച നിറമുള്ള ഒരു മെഴുകുതിരി കൂടിയായാല്‍ റീത്ത് തയ്യാര്‍.
മുറത്തിനുള്ളില്‍
ഒരു ചെറിയ മുറത്തിനുള്ളില്‍ ഒരുക്കാവുന്ന അലങ്കാരമാണ് ഇത്. മുറത്തിന്റെ എല്ലാ വശത്തും വെള്ള ഡെക്കറേഷന്‍ ചുറ്റുക. ഉള്ളില്‍ ഒയാസിസ് ഒട്ടിക്കുക. നടുവില്‍ ചുവന്ന മുത്തുമണികളും കോണ്‍സും പിന്നൊരു ചുവപ്പു മെഴുകുതിരിയും വെക്കാം. ഇതിനു ചുറ്റിലുമായി ഇലകളും പൂക്കളും വൈന്‍ കോണ്‍സും കൊണ്ട് അലങ്കരിക്കണം.
ചുവപ്പിന്‍ ചേല്
മൂന്ന് ഇഞ്ച് വീതിയും 14 ഇഞ്ച് നീളവുമുള്ള ഒരു പ്ലൈവുഡ് കഷണം എടുക്കുക. അതിനു നടുവിലായി ഒയാസിസ് ഒട്ടിക്കുക. ചുവന്ന നൈലോണ്‍ തുണി കൊണ്ട് ബോ ഉണ്ടാക്കി രണ്ടറ്റങ്ങളിലായി ഒട്ടിച്ചോളൂ. ചുവപ്പ്, ഗോള്‍ഡന്‍ നിറങ്ങളിലുള്ള പൂക്കളും അരികിലായി പച്ച ഡെക്കറേഷനും കൊണ്ട് അലങ്കരിക്കാം.
ബീഡ്‌സ് റീത്ത്
കമ്പി വളച്ച് ഒരു വളയം ഉണ്ടാക്കുക. അത് മുഴുവനായും വെള്ള ഓര്‍ഗന്‍സ തുണി ചുറ്റുക. അതില്‍ മുത്ത് കോര്‍ത്തു പിടിപ്പിച്ച് പൂക്കളും മണികളും കൊണ്ട് അലങ്കരിക്കുക.
പച്ചച്ചന്തം
രണ്ട് കമ്പികള്‍ എടുത്ത് ചുറ്റി കുടയുടെ കാലുപോലെ മടക്കുക. തുന്നിവച്ച ഡെക്കറേഷന്‍ അതിനു മുകളിലായി ചുറ്റാം. പച്ചപ്പുല്ലിന്റെയും ചുവന്ന പൂക്കളുടെയും ചന്തം അലങ്കാരത്തിന് മാറ്റുകൂട്ടും.
Content Highlights: christmas art and craft homemade christmas craft