വീട്ടുകാര്‍ ഒക്കത്തെടുത്തു; ലോകത്തെ ഏറ്റവും ചെറിയ വനിത നാഗ്പുരില്‍ വോട്ടുചെയ്തു

ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ വനിതയെന്ന ഗിന്നസ് റെക്കോഡിനുടമയായായ ജ്യോതി ആംഗേ നാഗ്പുരില്‍ വോട്ടു രേഖപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുകയാണ് മഹാരാഷ്ട്രയില്‍.
വീടിനടുത്തുള്ള സ്‌കൂളിലാണ് ജ്യോതി കുടുംബത്തോടൊപ്പം വോട്ടു ചെയ്യാനെത്തിയത്. പോളിങ് സ്‌റ്റേഷനിലെ തിരക്കുകാരണം ആള്‍ക്കൂട്ടത്തില്‍ പെട്ടുപോകാതിരിക്കാന്‍ ജ്യോതിയെ കൈയിലെടുത്താണ് വീട്ടുകാര്‍ കൊണ്ടുവന്നത്. ചുവന്ന ബാര്‍ബി ഉടുപ്പും ലിപ്സ്റ്റിക്കും ആഭരണങ്ങളുമണിഞ്ഞെത്തിയ ജ്യോതി പോളിങ് ബൂത്തില്‍ തരംഗമുണ്ടാക്കി. ജ്യോതിയെ കണ്ടതും മാധ്യമങ്ങള്‍ ചുറ്റും കൂടി. അവള്‍ ശ്രദ്ധാകേന്ദ്രമായി.
ലോക്‌സഭയില്‍ ഇത് തന്റെ രണ്ടാമത്തെ വോട്ടാണെന്നും നേരത്തേ രണ്ടുതവണ വോട്ട് ചെയ്തിട്ടുണ്ടെന്നും (മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെ) ജ്യോതി മാധ്യമങ്ങളോടു പറഞ്ഞു. വോട്ടു ചെയ്യാനുള്ള അവകാശം എപ്പോഴും വിനിയോഗിക്കും, അത് രാജ്യത്തോടുള്ള ഉത്തരവാദിത്തമാണെന്നും ജ്യോതി പറഞ്ഞു.
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെയും മഹാരാഷ്ട്ര ചീഫ് ഇലക്ടറല്‍ ഓഫീസറെയും പ്രതിനിധീകരിച്ച് ജനങ്ങളോട് വോട്ടുചെയ്യാന്‍ ജ്യോതി അഭ്യര്‍ഥിച്ചിരുന്നു. 'നമ്മെ പ്രതിനിധീകരിക്കാന്‍ എത്തുന്നത് നല്ലൊരു നേതാവാണെന്ന് ഉറപ്പിക്കാന്‍ വോട്ടു ചെയ്യുന്നതിലൂടെ സാധിക്കുമെന്ന്' ജ്യോതി പറഞ്ഞു.
62.8 സെന്റിമീറ്ററാണ് ജ്യോതിയുടെ ഉയരം (രണ്ടടിയും മുക്കാല്‍ ഇഞ്ചും). 30-കാരിയായ ജ്യോതി മിഷന്‍സ്‌കൈ ഇന്ത്യ ഹ്യൂമണ്‍ റൈറ്റ്‌സ് അസോസിയേഷന്റെ ബ്രാന്‍ഡ് അംബാസഡറാണ്.
2011-ല്‍ 18-ാം വയസ്സിലാണ് ജ്യോതിക്ക് ഗിന്നസ് റെക്കോഡ് ലഭിക്കുന്നത്. 'പ്രൈമോര്‍ഡിയല്‍ ഡ്വാര്‍ഫിസം' എന്ന ജനിതക അവസ്ഥ കാരണമാണ് ജ്യോതിയുടെ വളര്‍ച്ച മുരടിച്ചുപോയത്. സിനിമകളിലും ടെലിവിഷന്‍ ഷോകളിലും നിറസാന്നിധ്യമാണ് ജ്യോതിയിന്ന്. ലോകമെമ്പാടും ഒട്ടേറെ ഡോക്യുമെന്ററികള്‍ക്കും മാധ്യമ ലേഖനങ്ങള്‍ക്കും അവള്‍ വിഷയമായിരുന്നു. റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ ആറാം എഡിഷനില്‍ (ഹിന്ദി) പങ്കെടുത്തിട്ടുള്ള ജ്യോതി ഇന്ത്യന്‍ അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ലോണാവാലയിലെ മെഴുകുമ്യൂസിയത്തില്‍ ജ്യോതിയുടെ പ്രതിമയുണ്ട്.
Content Highlights: world's shortest woman jyoti amge votes in nagpur