ജൂഡോയില്‍ ബ്ലാക്ക് ബെല്‍റ്റ്, ഇഷ്ടഗെയിം ഹോക്കി;പുടിന്‍ എന്ന സ്‌പോര്‍ട്‌സ് പ്രിയന്‍

ജൂഡോയിൽ മുഴുകിയ വ്ളാഡിമിർ പുടിൻ /Getty Images
ജൂഡോയിൽ മുഴുകിയ വ്ളാഡിമിർ പുടിൻ /Getty Images

2000 മാര്‍ച്ച് 26-നാണ് വ്‌ളാദിമിര്‍ പുടിന്‍ റഷ്യയുടെ പരമാധികാരസ്ഥാനത്തേക്ക് കടന്നുവരുന്നത്. അതായത് ഇന്നേക്ക് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. ഇന്ന് ലോകത്ത് ഏറ്റവും ശക്തനായ ഭരണാധികാരികളില്‍ ഒരാള്‍. മറ്റുള്ളവര്‍ എതിര്‍ക്കാന്‍ ഭയക്കുന്ന, വിട്ടുവീഴ്ചകളില്ലാത്ത കരുത്തന്‍. പ്രതിപക്ഷസ്വരത്തെ കൊന്നൊഴിവാക്കാനും മടിയില്ലാത്തയാള്‍. ഒരു വര്‍ഷത്തിലേറെയായി യുക്രെയിനുമായി തുടരുന്ന യുദ്ധത്തിന്റെ അമരക്കാരന്‍.

റഷ്യ പോലെ ഒരു ആണവരാജ്യത്തിന്റെ ആയുധശേഖരം വിപുലമാകും എന്നതില്‍ തര്‍ക്കമില്ല. അതുപോലെ ഒടുങ്ങാത്ത ആവനാഴിയാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്റെതും. ആയോധനകല മുതല്‍ ചതുരംഗം വരെ പുടിന് വഴങ്ങും. ഗെയിമുകളില്‍ മുഴുകുന്ന പുടിന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇടയ്ക്ക് കൊണ്ടാടാറുണ്ട്.

Getty Images

ചെറുപ്പം മുതല്‍ പുടിന്‍ ജൂഡോ പരിശീലിച്ചിരുന്നു. സ്‌കൂളിലും കോളേജിലും മത്സരങ്ങളില്‍ ജയിച്ചിട്ടുമുണ്ട്. ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുണ്ട്. 1978-ല്‍ അദ്ദേഹം മാസ്റ്റര്‍ ഓഫ് സ്‌പോര്‍ട്‌സ് അംഗീകാരം നേടി. മറ്റ് ആയോധനകലയായ കരാട്ടെയും പുടിന് വശമുണ്ട്. ജൂഡോയുടെയും കരാട്ടെയുടെയും ഉത്ഭവം ജപ്പാനിലാണ്.  

Getty Images

പുടിന് ഏറ്റവും താത്പര്യമുള്ള കായികയിനം ഹോക്കിയാണ്. ഇന്ത്യയുടെ ദേശീയ കായികയിനമാണ് ഹോക്കി. പക്ഷേ, കൃത്യമായ ഉത്ഭവം എവിടെയെന്ന് പറയാനാകില്ല. ഐസ് ഹോക്കിയോട് പ്രത്യേക ചായ് വുണ്ട് പുടിന്. കാനഡയില്‍ പിറന്ന ഐസ് ഹോക്കിക്ക് റഷ്യയില്‍ അരാധകര്‍ ഒരുപാടുണ്ട്.

Getty Images

മൗണ്ടന്‍ സ്‌കീയിങ്, നീന്തല്‍, കുതിരസവാരി, ഫിഷിങ് എന്നിങ്ങനെ പലതിലും വ്യാപൃതനാണ് പുടിന്‍. ഇടയ്ക്ക്‌ അദ്ദേഹം ബോക്‌സിങ് റിങ്ങിലും ഇറങ്ങാറുണ്ട്. പ്രായം എഴുപത്തിരണ്ട് തികഞ്ഞെങ്കിലും അദ്ദേഹം ഫിറ്റായും എനര്‍ജെറ്റിക്കായും തുടരുന്നതിനു പിന്നില്‍ ഈ കായികപ്രേമം തന്നെ.


 

Content Highlights: vladimir putin is an ardent sports lover with a judo black belt