എ. ആര്‍. റഹ്മാന്റെ മനം കവര്‍ന്ന വൈറല്‍ ഗായിക; ആടുജീവിതം റീലിസിന് വൈറലായി മീരയും

മീരയെ അദ്ഭുതപ്പെടുത്തിയത് എ.ആര്‍. റഹ്മാനോ അതോ റഹ്മാനെ മീരയോ? ഫോണിലെ വീഡിയോ റെക്കോര്‍ഡര്‍ ഓണ്‍ ആക്കി 'പെരിയോനെ എന്‍ റഹ്മാനെ, പെരിയോനെ റഹീം....' എന്ന് പാടിത്തുടങ്ങുമ്പോള്‍ മീര അറിഞ്ഞിരുന്നില്ല, അടുത്തനിമിഷം താന്‍ വൈറലാവുമെന്ന്. മതിമറന്നുപാടിയ പാട്ടിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചപ്പോള്‍ അപ്രതീക്ഷിതമായി സംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാനും അതു കണ്ടു. കണ്ടെന്നുമാത്രമല്ല, അവളുടെ ശബ്ദമാധുരി അദ്ദേഹത്തിന്റെ മനംകവരുകയും ചെയ്തു.
റഹ്മാന്‍ മീരയുടെ പാട്ട് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ ഞൊടിയിടയിലാണത് വൈറലായത്. പാട്ട് കേട്ട് റഹ്മാനും തന്റെ പാട്ട് റഹ്മാന്‍ ഷെയര്‍ ചെയ്തതുകണ്ട് മീരയും അക്ഷരാര്‍ഥത്തില്‍ ഞെട്ടി. പിന്നെ വൈകിയില്ല, നാട്ടിലും മീര വൈറലായി. ആടുജീവിതം ചര്‍ച്ചയാകുമ്പോള്‍ മീരയുടെ ശബ്ദമാതുരിയും ചര്‍ച്ചയാവുകയാണ്. മമ്പാട് എം.ഇ.എസ് കോളേജിലെ ഒന്നാം വര്‍ഷ സുവോളജി വിദ്യാര്‍ഥിനിയാണ് മീര. ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരം ലഭിച്ച സന്തോഷം അവര്‍ ഗൃഹലക്ഷ്മി ഓണ്‍ലൈനുമായി പങ്കുവെക്കുന്നു.
പാട്ടിന്റെ വഴി
വീട്ടില്‍ മീരയെക്കൂടാതെ അമ്മയും(രജിതയും) അനുജത്തിയും (അനന്യ) പാട്ടുപാടും. സ്‌കൂളില്‍ പഠിക്കുന്ന കാലംതൊട്ട് പാട്ട് ഒപ്പംകൂടിയതാണ്. 'അഞ്ചാംതരം മുതല്‍ പ്ലസ്ടു വരെ പഠിച്ചത് മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ്സിലാണ്. എന്റെ പാട്ട് പാടാനുള്ള കഴിവിനെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് ഖദീജ ടീച്ചറും. ഇടയ്ക്ക് മുടങ്ങിപ്പോയെങ്കിലും സംഗീതം വീണ്ടും പഠിക്കാന്‍ തുടങ്ങി. മെലോഡിയന്‍ എന്ന സംഗീത അക്കാദമിയിലാണ് ഇപ്പോഴത്തെ സംഗീതപഠനം. കഴിഞ്ഞ ഒരു വര്‍ഷമായി നകാര മ്യൂസിക് ബാന്‍ഡിന്റെ ഭാഗമാണ് ഞാനും. സംഗീതം ഇഷ്ടപ്പെടുന്നവരും സംഗീതോപകരണങ്ങള്‍ വായിക്കുന്നവരുമായ കുറച്ചുപേരുടെ കൂട്ടായ്മയാണിത്'.
സന്തോഷനിമിഷം
'ഖദീജ ടീച്ചറുടെ മകന്‍ ഷഫീഖാണ് ആടുജീവിതത്തിലെ പാട്ട് ഇറങ്ങിയപ്പോള്‍ പാടാന്‍ പറഞ്ഞത്. അങ്ങനെ വീട്ടില്‍വെച്ച് പാടി റെക്കോര്‍ഡ് ചെയ്ത് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. മുമ്പും ഇതുപോലെ പാട്ടുകള്‍ പാടി ഇന്‍സ്റ്റാഗ്രാമില്‍ ഇടുമായിരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് റീലിസായപ്പോള്‍ വൈറലായ കണ്‍മണി അന്‍പോട് എന്ന പാട്ടുപാടി, സാമൂഹികമാധ്യമങ്ങളില്‍ അതിനും ഒരുപാട് അഭിനന്ദനം ലഭിച്ചു. എല്ലാ തവണത്തെയും പോലെയാണ് ഇത്തവണയും പാട്ട് പോസ്റ്റ് ചെയ്തത്. കൂട്ടത്തില്‍റഹ്മാന്‍ സാറിനെയും ടാഗ് ചെയ്തിരുന്നു. പക്ഷേ അദ്ദേഹം ഷെയര്‍ ചെയ്യുമെന്നോ അത് വൈറലാകുമെന്നോ ഒട്ടും പ്രതീക്ഷിച്ചില്ല. എന്റെ സുഹൃത്താണ് ഈ വിവരം ആദ്യം പറയുന്നത്. അപ്പോള്‍ എനിക്ക് വിശ്വാസമായില്ല, പിന്നീട് റഹ്മാന്‍ സാറിന്റെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ മകള്‍ ഖദീജ റഹ്മാനും അഭിനന്ദിച്ചുകൊണ്ട് മെസ്സേജ് അയച്ചു. ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായി ഞാന്‍ ഇതിനെ കാണുന്നു. ഒരിക്കലെങ്കിലും എ.ആര്‍ റഹ്മാന്‍ സാറിനെ ഒന്ന് കാണണം എന്നുണ്ട്. സിനിമയില്‍ പാടണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം.'
Content Highlights: viral Singer Meera who got Appreciation After singing song of aadujeevitham