ഉര്‍വശി റൗട്ടേലയുടെ സീനുകള്‍ ഒഴിവാക്കിയോ? മിനിറ്റിന് കോടികള്‍ പ്രതിഫലം വാങ്ങുന്ന താരം

ഉര്‍വശി റൗട്ടേല / AFP, PTI
ഉര്‍വശി റൗട്ടേല / AFP, PTI

ഏറെ വിവാദങ്ങളിലിടം പിടിച്ച അഭിനേത്രിയാണ് ഉര്‍വശി റൗട്ടേല. 'ഡാകു മഹാരാജ്' എന്ന സിനിമയുമായി ബന്ധപ്പെട്ടുള്ളതാണ് ഏറ്റവും അവസാനമുണ്ടായ ചര്‍ച്ചകള്‍. ജനുവരി 12-നാണ് സിനിമ തിയേറ്ററില്‍ റിലീസായത്. നന്ദമുറി ബാലകൃഷ്ണ നായകനായ സിനിമ, തെലുഗുവില്‍ സൂപ്പര്‍ഹിറ്റായിരുന്നു. അതിലെ ഉര്‍വശിയുടെ നൃത്തരംഗവും ആരാധകര്‍ ഏറ്റെടുത്തു. ഫെബ്രുവരി 21-ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുകയും ചെയ്തു. അതിനിടെയാണ് സിനിമയിലെ ഉര്‍വശിയുടെ സീനുകളുമായി ബന്ധപ്പെട്ട ചില വാര്‍ത്തകളുണ്ടായത്. 

ഒ.ടി.ടി റിലീസിനുമുമ്പ് പുറത്തുവിട്ട പോസ്റ്ററുകളിലൊന്നും ഉര്‍വശിയുടെ ചിത്രമുണ്ടായിരുന്നില്ല. ഉര്‍വശിയുടെ സീനുകളെല്ലാം വെട്ടിമാറ്റിയാണ് 'ഡാകു മഹാരാജ്' ഒ.ടി.ടി.യിലെത്തുകയെന്ന അഭ്യൂഹങ്ങള്‍ പരന്നു. പിന്നാലെ ഉര്‍വശിയുടെ ആരാധകര്‍ സംഭവം ഏറ്റെടുത്തു. എന്നാല്‍, ഇതിലൊന്നും സത്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സോഷ്യല്‍മീഡിയ പേജില്‍ ഉര്‍വശിയുടെ പോസ്റ്ററും നെറ്റ്ഫ്‌ളിക്‌സ് പങ്കുവെച്ചു. അതോടെയാണ് ചര്‍ച്ചകള്‍ക്ക് വിരാമമായത്.

മോഡലിങ്ങിലൂടെയാണ് ഉര്‍വശി സിനിമയിലേക്ക് വരുന്നത്. 15-ാം വയസ്സുമുതല്‍ മോഡലിങ്ങില്‍ സജീവമാണ്. 2009-ല്‍ മിസ് ടീന്‍ ഇന്ത്യ ടൈറ്റിലും അവര്‍ നേടിയിരുന്നു. 2015-ല്‍ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചതും ഉര്‍വശി തന്നെ.

2013-ല്‍ 'സിങ് സാബ് ദ ഗ്രേറ്റ്' എന്ന സിനിമയില്‍ സണ്ണി ഡിയോളിന്റെ നായികയായിട്ടാണ് അഭിനയം തുടങ്ങിയത്. എന്നാല്‍, ആദ്യസിനിമ തന്നെ പരാജയപ്പെട്ടു. പിന്നാലെ സനം രെ, ഗ്രേറ്റ് ഗ്രാന്‍ഡ് മസ്തി, ഹേറ്റ് സ്റ്റോറി 4, പാഗല്‍പന്തി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഒപ്പം കന്നഡ, തമിഴ് സിനിമകളുടെയും ഭാഗമായി. പക്ഷേ, അവയിലേറെയും ബോക്‌സോഫീസില്‍ ശ്രദ്ധിക്കപ്പെടാതെ പോയി. 

അതോടെ സിനിമകളിലെ നൃത്തരംഗങ്ങളിലേക്ക് ഒതുങ്ങിപ്പോയി ഉര്‍വശി. ഭാഗ് ജോണി, കാബില്‍, വാള്‍ട്ടെയര്‍ വീരയ്യ, ഏജന്റ്, ബ്രോ, സ്‌കന്ദ തുടങ്ങിയ സിനിമകളിലെ നൃത്തരംഗങ്ങളിലൂടെയും ഐറ്റംനമ്പറുകളിലൂടെയും ഉര്‍വശി ശ്രദ്ധേയയായി. സിനിമകള്‍ വിജയിക്കാത്തതൊന്നും അവരുടെ ജനപ്രീതിയെ ബാധിച്ചില്ല. സിനിമകളില്‍ ഓരോ മിനിറ്റിനനുസരിച്ച് കോടികളാണ് അവരുടെ പ്രതിഫലമെന്ന് പറയപ്പെടുന്നു. 'ഡാകു മഹാരാജി'ല്‍ മൂന്നുകോടിയാണത്രെ പ്രതിഫലമായി ലഭിച്ചത്.  

മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റര്‍ റിഷഭ് പന്തുമായുള്ള ബന്ധത്തിന്റെ പേരിലാണ് ഉര്‍വശി വാര്‍ത്തകളിലിടം പിടിച്ചത്. പന്ത് അപകടത്തെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോഴെല്ലാം അതുമായി ബന്ധപ്പെട്ടുള്ള പോസ്റ്റുകള്‍ ഉര്‍വശി നിരന്തരം പങ്കുവെച്ചു. ഇതൊക്കെ ഇവര്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്ക് ഊര്‍ജം പകര്‍ന്നു. എന്നാല്‍, അപ്പോഴെല്ലാം പന്ത് മൗനംപാലിക്കുകയായിരുന്നു.  

Content Highlights: urvashi rautela scenes deleted from movie