ചൂഷണങ്ങളും പെണ്‍ ജീവിതങ്ങളും; ശ്യാം ബെനഗലും ശബാനാ ആസ്മിയും

ഐതിഹാസിക ഫിലിം മേക്കര്‍ ശ്യാം ബെനഗല്‍ വിട പറഞ്ഞിരിക്കുന്നു. സത്യജിത് റേയ്ക്കൊപ്പം തലയെടുപ്പുള്ള ശ്യാം ബെനഗല്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ എന്നും നിലനില്‍ക്കും. ഇന്ത്യന്‍ ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി സ്‌ക്രീനില്‍ പുനരവതരിപ്പിച്ച ബെനെഗലിന്റെ സിനിമകള്‍ നായികാപ്രാധാന്യമുള്ളവയായിരുന്നു. ശബാനാ ആസ്മി തന്റെ പ്രതിഭ മൂര്‍ച്ചകൂട്ടിയത് ബെനഗലിന്റെ സിനിമാക്കളരിയില്‍ വെച്ചാണ്.
1974-ല്‍ പുറത്തുവന്ന 'അങ്കുര്‍' ആണ് ശ്യാം ബൈനഗലിന്റെ ആദ്യ ചിത്രം. നായികപ്രധാന്യമുള്ള കഥ. ശബാനാ ആസ്മിയുടെ ആദ്യ ചിത്രവും ഇതുതന്നെ. ബംഗാളിലെ സാമൂഹ്യയാഥാര്‍ഥ്യം പ്രമേയമാക്കിയ സിനിമ ജാതിവാഴ്ചയും അസമത്വങ്ങളും ചൂഷണവും കാട്ടിത്തന്നു. ലക്ഷ്മി എന്ന ദളിത് നായികയായി ശബാന തകര്‍ത്തു. ഭൂവുടമയായ സൂര്യയുടെ വരവ് ലക്ഷ്മിയുടെയും ഭര്‍ത്താവിന്റെയും ജീവിതതാളം തെറ്റിക്കുന്നു. അവളുമായി അടുക്കുക എന്നതാണ് സൂര്യയുടെ ലക്ഷ്യം. മോഷണശ്രമത്തിനിടെ പിടിക്കപ്പെടുന്ന ഭര്‍ത്താവ് നാട് വിടുന്നതോടെ ലക്ഷ്മി സൂര്യയുമായി അടുക്കുന്നു. അവള്‍ ഗര്‍ഭിണിയാകുന്നു. മടങ്ങിയെത്തിയ ഭര്‍ത്താവിനെ എങ്ങനെ അഭിമുഖീകരിക്കും എന്ന സങ്കടത്തിലാണ് അവള്‍. അതിനിടെ അവളുടെ ഭര്‍ത്താവ് വന്നത് തന്നോടുള്ള പ്രതികാരചിന്തയുമായാണ് എന്ന ഭയത്തില്‍ സൂര്യ അയാളെ ചാട്ടവാറിനടയ്ക്കുന്നു. ആ കാഴ്ച നായികയുടെ വലിയ പൊട്ടിത്തെറിയിലാണ് അവസാനിക്കുന്നത്. സാമൂഹ്യപ്രതിബദ്ധനായ ഒരു കലാകാരന്റെ അരങ്ങേറ്റം മൂല്യച്യുതികള്‍ക്കെതിരെ ഉയര്‍ത്തിയ ചൂണ്ടുവിരലായി.
തൊട്ടടുത്ത വര്‍ഷം ശ്യാം ബെനഗലും ശബാനാ ആസ്മിയും അടുത്ത ചിത്രത്തിനായി കൈകോര്‍ത്തു. 'നിഷാന്ത്' എന്ന ഈ സിനിമയും ബംഗാളിലെ ജാതി രാഷ്ട്രീയം തന്നെയാണ് വിഷയമാക്കിയത്. അധികാരകേന്ദ്രങ്ങള്‍ സ്ത്രീകളെ ചൂഷണം ചെയ്യുന്നതെങ്ങനെ എന്ന് വ്യക്തമായി അവതരിപ്പിച്ച ചിത്രം ശബാനയുടെ കരിയറില്‍ വഴിത്തിരിവായി. ഒരു സ്‌കൂള്‍ അധ്യാപകന്റെ ഭാര്യയാണ് നായികയായ സുശീല. അവളെ ഭൂവുടമകള്‍ തട്ടിക്കൊണ്ടുപോകുന്നു. ദൃക്സാക്ഷികളാരും അവളെ സഹായിക്കാന്‍ ശ്രമിക്കുന്നില്ല. അവളെ മോചിപ്പിക്കാന്‍ തന്നാലാകും വിധം ഭര്‍ത്താവ് പരിശ്രമിക്കുന്നുണ്ട്. ഒടുവില്‍ ഗ്രാമീണരെ ഏകീകരിക്കാന്‍ അയാള്‍ക്ക് സാധിക്കുന്നു. പക്ഷേ, ആള്‍ക്കൂട്ടം അക്രമാസക്തരായി മാറുന്നതോടെ കൊലപാതകങ്ങള്‍ സംഭവിക്കുകയായി. ഭൂവുടമ കുടുംബത്തിലെ നിരപരാധിയായ സ്ത്രീയും കൊല്ലപ്പെടുന്നു. അതോടൊപ്പം സുശീലയും ഇരയാകുന്നു. സവര്‍ണ, സമ്പന്ന പുരുഷന്മാരുടെ അധികാരത്തിനു കീഴില്‍ അഭിമാനബോധത്തിനു പോലും അവകാശമില്ലാതെ ജീവിക്കേണ്ടി വരുന്ന പെണ്‍ജീവിതത്തിനിടെ നേര്‍ക്കാഴ്ചയാണ് സുശീല.
1983-ല്‍ പുറത്തുവന്ന 'മണ്ഡി' എന്ന ചിത്രത്തില്‍ ശബാന അഭിനയിച്ചത് രുക്മിണി ബായി എന്ന ലൈംഗിക തൊഴിലാളി ആയിട്ടാണ്. ഒരു വേശ്യാലയത്തിന്റെ നടത്തിപ്പുകാരിയാണ് രുക്മിണി. അവിടുത്തെ അന്തേവാസികളെ വാക്കുകളാല്‍ വേദനിപ്പിക്കാനും വിഷമിപ്പിക്കാനും രുക്മിണിക്ക് മടിയില്ല. പൊട്ടിചിരിച്ചുകൊണ്ട് അവര്‍ കുത്തുവാക്കുകള്‍ പറയും. പക്ഷേ, അവരെ മുതലെടുക്കാന്‍ ദുഷ്ടലാക്കോടെ വരുന്ന രാഷ്ട്രീയ,സാമൂഹ്യ പ്രമുഖരെ നിലയ്ക്ക് നിര്‍ത്താനും രുക്മിണിക്കാറിയാം. ലൈംഗിക തൊഴിലാളികളോടുള്ള സമൂഹത്തിന്റെ മനോഭാവത്തെ ബെനഗല്‍ സിനിമയിലൂടെ വിചാരണ ചെയ്യുന്നു.
സംവിധായകനും അഭിനേതാക്കളും തമ്മിലുള്ള രസതന്ത്രം സിനിമയില്‍ പ്രധാനമാണ്. ഭാവങ്ങള്‍ അളവ് കൂടുകയോ കുറയുകയോ ചെയ്യാതെ അഭിനേതാക്കള്‍ക്ക് സ്‌ക്രീനില്‍ എത്തിക്കാന്‍ സാധിക്കണമെങ്കില്‍ സംവിധായകനുമായൊരു അടുപ്പം അത്യാവശ്യമാണ്. ശ്യാം ബെനഗല്‍ എന്ന സംവിധായകന് വേണ്ടിയിരുന്നത് സൂക്ഷ്മതയാണ്. ഭാവങ്ങളും ചലനങ്ങളും നേരിയതെങ്കിലും ചിന്തകളുമായി ചേര്‍ന്ന് നില്‍ക്കുന്നതാകണം. മനസ്സിലുള്ളത് അതേപടി പകര്‍ത്തുന്ന ശരീരമാണ് അദ്ദേഹം സ്‌ക്രീനില്‍ ആഗ്രഹിച്ചത്. അത് ഉള്‍ക്കൊണ്ടുകൊണ്ട് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ശബാനയ്ക്ക് കഴിഞ്ഞു. രണ്ട് മഹാപ്രതിഭയുടെ കലാസംഗമം.
Content Highlights: thefilms of shyam benegal and shabana azmi