രണ്ടുകൊല്ലം കൊണ്ട് സ്വത്ത് ഇരട്ടിപ്പിച്ച താരം, ബില്യണയറായ ടെയ്ലർ സ്വിഫ്റ്റ്

ടെയ്ലർ സ്വിഫ്റ്റ് | AP
ടെയ്ലർ സ്വിഫ്റ്റ് | AP

ലോകത്ത് ഏറ്റവുമധികം ആരാധകരും വരുമാനവുമുള്ള കലാകാരിലൊരാളാണ് അമേരിക്കൻ ഗായിക ടെയ്‌ലർ സ്വിഫ്റ്റ്. ദീർഘകാലം നീണ്ട സംഗീതജീവിതം രണ്ടു വർഷം മുൻപ് അവരെ ശതകോടീശ്വരിയാക്കി. ബില്യണയർ പട്ടികയിലേക്ക് കടക്കുമ്പോൾ ഏകദേശം 1.24 ബില്യൺ ഡോളർ (ഏകദേശം 10,904 കോടി രൂപ) ആസ്തിയുണ്ടായിരുന്നു ടെയ്ലറിന്. പക്ഷേ, അദ്ഭുതം സംഭവിച്ചത് കഴിഞ്ഞ വർഷങ്ങളിലാണ്. വെറും രണ്ടുവർഷം കൊണ്ട് സമ്പത്ത് ഏതാണ്ട് ഇരട്ടിയാക്കിയിരിക്കുകയാണ് ടെയ്ലർ.

അടുത്തിടെ പുറത്തിറങ്ങിയ ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, ടെയ്‌ലർ സ്വിഫ്റ്റിന്റെ ആസ്തി നിലവിൽ 2.1 ബില്യൺ ഡോളർ (ഏകദേശം 18,450 കോടി രൂപ) ആണ്. ടെയ്ലറിന്റെ പന്ത്രണ്ടാമത്തെ സ്റ്റുഡിയോ ആൽബമായ 'ദ ലൈഫ് ഓഫ് എ ഷോഗേൾ', അവർ നടത്തിയ ലോക പര്യടനം എന്നിവയാണ് അവർക്ക് സ്വത്തുക്കളിൽ ഇത്രമാത്രം വർധനവുണ്ടാക്കിക്കൊടുത്തത്.

'ദ ലൈഫ് ഓഫ് എ ഷോഗേൾ' പുറത്തിറങ്ങി ആദ്യ ആഴ്ചയിൽ അമേരിക്കയിൽ മാത്രം ഔദ്യോഗികമായി 40.02 ലക്ഷം ആൽബം യൂണിറ്റുകൾ വിറ്റുപോയി. റെക്കോഡ് നേട്ടമായിരുന്നു ഇത്. ആൽബം വിൽപനയ്ക്കുപുറമേ, സ്ട്രീമിങ് കരാറുകളും ടെയ്‌ലറിന്റെ വരുമാനം വർധിപ്പിച്ചു.

ഒക്ടോബർ മൂന്നിനാണ് ആൽബം ഇറങ്ങിയത്. 27 ലക്ഷം കോപ്പികൾ അന്നുതന്നെ വിറ്റുപോയി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ അവരുടെ മുൻ ആൽബമായ 'ദ ടോർച്ചേർഡ് പോയറ്റ്സ് ഡിപ്പാർട്ട്‌മെന്റ്' ആദ്യ ആഴ്ചയിൽ അമേരിക്കയിൽ 26.1 ലക്ഷം കോപ്പികൾ വിറ്റിരുന്നു.

ആൽബത്തോടൊപ്പം 'ദ ഒഫീഷ്യൽ റിലീസ് പാർട്ടി ഓഫ് എ ഷോഗേൾ' എന്ന പേരിൽ ഒരു പ്രൊമോഷണൽ സിനിമയും ടെയ്‌ലർ സ്വിഫ്റ്റ് പുറത്തിറക്കി. റിലീസ് ചെയ്ത് ആദ്യ വാരാന്ത്യത്തിൽ അമേരിക്കയിൽ നിന്ന് 33 മില്യൺ ഡോളറാണ് (ഏകദേശം 290 കോടി രൂപ) ഇത് നേടിയത്.

ടെയ്‌ലർ സ്വിഫ്റ്റിന്റെ പ്രസിദ്ധമായ ഇറാസ് ടൂർ ഇതിനകം ചരിത്രം സൃഷ്ടിച്ചു കഴിഞ്ഞു. 2023 മാർച്ച് മുതൽ 2024 ഡിസംബർ വരെ 21 മാസമെടുത്ത് നടത്തിയ യാത്രയിൽ, അഞ്ച് ഭൂഖണ്ഡങ്ങളിലായി 149 ഷോകളാണ് ഗായിക അവതരിപ്പിച്ചത്. ഒരുകോടിയിലേറെ ആരാധകർ ഷോകളിൽ പങ്കെടുക്കാനെത്തി. സംഗീത ചരിത്രത്തിലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ പര്യടനമായിരുന്നു ഇത്.

ടിക്കറ്റ് വിൽപ്പനയിൽ നിന്ന് മാത്രം 2 ബില്യൺ ഡോളറിലധികം നേടി. കൂടാതെ, നിരവധി പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള പരസ്യം, ഉൽപ്പന്നങ്ങൾ, ടേക്ക് എവേ വിൽപ്പന എന്നിവയും ഇതിൽ ഉൾപ്പെടുന്നു. നിലവിൽ ലോകത്തിലെ ഏറ്റവും സമ്പന്നയായ വനിതാ സംഗീതജ്ഞയാണ് അവർ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Taylor Swift`s wealth has nearly doubled in two years, reaching $2.1 billion. Driven by her latest album and record-breaking Eras Tour, she`s the world`s richest female musician.