വസ്ത്രമഴിച്ച് നൃത്തംചെയ്യാൻ സംവിധായകൻ ആവശ്യപ്പെട്ടെന്ന് ആരോപണം; നാനാ പടേക്കർ മോശമായി പെരുമാറിയെന്നും

തനുശ്രീ ദത്ത /AP, PTI
തനുശ്രീ ദത്ത /AP, PTI

ആഷിഖ് ബനായാ ആപ്‌നേ, ഭഗം ഭാഗ്, ധോൽ, സ്പീഡ് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകമനസ്സിലിടം നേടിയ നടിയാണ് തനുശ്രീ ദത്ത. ബോൾഡ് റോളുകളുടെ പേരിലാണ് തനുശ്രീ ശ്രദ്ധിക്കപ്പെട്ടത്. പ്രത്യേകിച്ച് 'ആഷിഖ് ബനായാ ആപ്‌നേ', 'ചോക്ലേറ്റ്' എന്നീ സിനിമകളിൽ. ഇതവർക്കൊരു വ്യത്യസ്തമായ ഇമേജും നൽകി. പക്ഷേ വളരെ ചുരുങ്ങിയ സിനിമകളിലെ അവർ അഭിനയിച്ചുള്ളൂ. പിന്നാലെ ആത്മീയതയിലേക്ക് വഴിമാറി. പോരാട്ടങ്ങളുടെയും വിവാദങ്ങളുടെയും കഥ കൂടിയാണ് തനുശ്രീയുടെ ജീവിതം.

ഇപ്പോൾ തനുശ്രീ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇക്കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ഇൻസ്റ്റഗ്രാം വീഡിയോയിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് തനുശ്രീ പ്രത്യക്ഷപ്പെട്ടത്. താൻ കുറേക്കാലമായി സ്വന്തം വീട്ടിൽ പീഡിപ്പിക്കപ്പെടുകയാണെന്നും അവർ ആരോപിച്ചു. ''സ്വന്തം വീട്ടിൽ ഭീകരമായ അവസ്ഥയിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. നാലഞ്ച് വർഷമായി ഇത് തുടരുകയാണ്. പോലീസിനെ വിളിച്ചറിയിച്ചപ്പോൾ അവർ ഇവിടെ വന്നു. സ്‌റ്റേഷനിൽചെന്ന് പരാതി കൊടുക്കാനാണ് അവർ പറഞ്ഞിരിക്കുന്നത്. നാളെയോ മറ്റന്നാളോ പരാതി കൊടുക്കും. എനിക്ക് തീരെ സുഖമില്ല. വീടാകെ അലങ്കോലമായി കിടക്കുകയാണ്. ഒരുജോലിയും ചെയ്യാൻ പറ്റുന്നില്ല. എന്റെ വീട്ടിൽ അവർ ജോലിക്കാരികളെ നിർത്തിയിരിക്കുകയാണ്. അതുകൊണ്ട് എന്റെ ഇഷ്ടത്തിന് ജോലിക്കാരികളെ നിർത്താൻ പോലും പറ്റുന്നില്ല. ഇപ്പോഴുള്ള ജോലിക്കാരികൾ എന്റെ വീട്ടിലെ വസ്തുക്കളെല്ലാം മോഷ്ടിച്ചുകൊണ്ടുപോവുകയാണ്''.

2018-ൽ ഒരഭിമുഖത്തിൽ തനുശ്രീ, നാനാ പടേക്കറിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചു. അതോടെ സിനിമാലോകം ഒന്നടങ്കം ഞെട്ടി. 2008-ൽ 'ഹോൺ ഓകെ പ്ലീസ്' എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ തനുശ്രീയുമുണ്ടായിരുന്നു. അതിന്റെ ചിത്രീകരണത്തിനിടെ, ലൈംഗികപരമായി സമീപിച്ചുവെന്ന് തനുശ്രീ പറഞ്ഞു. ചിത്രീകരണത്തിനുമുമ്പ് തന്നെ സംവിധായകൻ ഒരു കാര്യം ഉറപ്പുതന്നിരുന്നുവെന്നും അത് അദ്ദേഹം ലംഘിച്ചുവെന്നും തനുശ്രീ വെളിപ്പെടുത്തി. തനുശ്രീയുടെ ഒരു സോളോ നൃത്തമായിരിക്കുമെന്നും അതിൽ അശ്ലീലമായ ഒരു ചുവടുപോലും താൻ ചെയ്യില്ലെന്നും അവർ നേരത്തെ പറഞ്ഞിരുന്നുവത്രെ. അങ്ങനെയാണ് അതിൽ അഭിനയിക്കാൻ തീരുമാനിച്ചതും.

''എന്നാൽ, ഷൂട്ടിങ്ങിന്റെ നാലാമത്തെ ദിവസം നാനാ പടേക്കർ മോശമായി പെരുമാറി. എന്നെ നൃത്തച്ചുവടുകൾ പഠിപ്പിക്കാനെന്ന വ്യാജേന കൈകളിൽ പിടിച്ച് അടുപ്പിച്ചു. അയാളുടെ സ്പർശനം എനിക്ക് വളരെ മോശമായി തോന്നി. അതെന്നെ അസ്വസ്ഥമാക്കി'', തനുശ്രീ പിന്നീട് പറഞ്ഞു. അന്നേദിവസം തന്നെ സംവിധായകനോടും നിർമാതാവിനോടും കൊറിയോഗ്രാഫറിനോടും അവർ ഇക്കാര്യം പറഞ്ഞു. എന്തെങ്കിലും നടപടിയെടുക്കുമെന്ന് കരുതിയായിരുന്നുവത്. എന്നാൽ അങ്ങനെയൊന്നും നടന്നില്ല. പകരം നാനാ പടേക്കറിനെ കൂടി ഉൾപ്പെടുത്തി കുറേ പുതിയ നൃത്തച്ചുവടുകൾ കൂടി കൊണ്ടുവരികയാണ് ചെയ്തത്. ''അതൊന്നും ഞാൻ ചെയ്യില്ലെന്ന് പറഞ്ഞു. പക്ഷേ എന്നെ മോശമായി ചിത്രീകരിക്കുമെന്ന് നിർമാതാവ് ഭീഷണിപ്പെടുത്തി. എല്ലാവരും നാനാ പടേക്കറിനൊപ്പം നിന്നു. അതോടെ ഞാൻ സ്റ്റുഡിയോയിൽനിന്ന് ഇറങ്ങിപ്പോന്നു. അതുതന്നെ പരാതിയും കൊടുത്തിരുന്നു. പക്ഷേ പരാതിയിലെ പല ഭാഗങ്ങളും അവർ വെട്ടിക്കളഞ്ഞു'', അവർ ആരോപിച്ചു. ''നാനാ പടേക്കർ എങ്ങനെയുള്ള ആളാണെന്ന് എല്ലാവർക്കുമറിയാം. അയാൾ സ്ത്രീകൾക്കെതിരെ എപ്പോഴും മോശമായാണ് പെരുമാറാറുള്ളത്. എന്നാലും ആരും അത് തുറന്നുപറയാറില്ല''. പരാതിയിൽ ഒരു നടപടിയുമുണ്ടാവാതെ വന്നപ്പോൾ, 2013-ൽ ഒരു അഭിമുഖത്തിൽ അവരിത് പറഞ്ഞു. അപ്പോഴും ആരുമിത് ശ്രദ്ധിച്ചില്ല. നാനാ പടേക്കറിനെതിരെയുള്ള പരാതിയും പിന്നീട് തള്ളിപ്പോയി. അത് കെട്ടിച്ചമച്ചതാണെന്നായിരുന്നു പോലീസ് റിപ്പോർട്ട്.

പിന്നാലെ സംവിധായകൻ വിവേക് അഗ്നിഹോത്രിക്കെതിരെയും അവർ പരാതി ഉന്നയിച്ചു. ഒരു സെറ്റിൽവെച്ച് വസ്ത്രങ്ങൾ അഴിച്ചുകളയാൻ ആവശ്യപ്പെട്ടുവെന്നതായിരുന്നു അത്. 'ചോക്ലേറ്റ്: ഡീപ് ഡാർക്ക് സീക്രട്ട്‌സ്' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലായിരുന്നു സംഭവം. ഗാനചിത്രീകരണത്തിനുമുമ്പാണ് വിവേക് അങ്ങനെ പറഞ്ഞതത്രേ. ''വസ്ത്രങ്ങൾ അഴിച്ചുകളഞ്ഞ് നൃത്തം ചെയ്യൂ'' എന്നാണ് വിവേക് ആവശ്യപ്പെട്ടതെന്നും തനുശ്രീ പറഞ്ഞു. എന്നാൽ, ഇതെല്ലാം കള്ളമാണെന്ന് വിവേക് തിരിച്ചടിച്ചു.

2004-ലാണ് തനുശ്രീയുടെ ജീവിതം മാറുന്നത്. മിസ് ഇന്ത്യ യൂണിവേഴ്‌സ് മത്സരം വിജയിച്ചതോടെയാണത്. പിന്നാലെ 'ആഷിഖ് ബനായാ ആപ്‌നേ' റിലീസായി. 'ആഷിഖ് ബനായാ ആപ്‌നേ ഗേൾ' എന്നാണവർ അറിയപ്പെട്ടത്. പിന്നെയും കുറേ സിനിമകളിൽ അഭിനയിച്ചു. പിന്നാലെ അവർ സിനിമയിൽനിന്ന് അപ്രത്യക്ഷയായി. ''

2008-ൽ സെറ്റിൽ നടന്ന സംഭവത്തിനുശേഷം തനിക്ക് മാനസികാഘാതമുണ്ടായെന്നും അവർ പറഞ്ഞു. താൻ വിഷാദരോഗത്തിന് അടിമപ്പെട്ടുവെന്നും വെളിപ്പെടുത്തി. അതിനുശേഷം സിനിമയിൽനിന്ന് ഇടവേളയെടുത്തു. ആത്മീയതയിൽ അഭയം പ്രാപിച്ചു. ഒന്നര വർഷത്തോളം ഒരു ആശ്രമത്തിൽ താമസിച്ചു. ആ സംഭവത്തിനുശേഷം തന്റെ ജീവിതം തന്നെ മാറിപ്പോയെന്നും അവർ പറഞ്ഞു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Bollywood actress tanushree dutta alleges harassment at home and revisits #MeToo accusations against nana patekar