'കൊഞ്ചം നിലവ്, കൊഞ്ചം നെറ്പ്പ്...' ആ ഒറ്റ പാട്ടിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന അനുപമ

'തിരുടാ തിരുടാ' എന്ന സിനിമയിലെ ഒരൊറ്റ പാട്ടിലൂടെ ട്രെന്‍ഡ് സെറ്ററായി മാറിയ ഗായികയാണ് അനുപമ. 'കൊഞ്ചം നിലവ്, കൊഞ്ചം നെറ്പ്പ്, ഒന്‍ട്രാഗ സേര്‍ന്താല്‍ എന്തെന് ദേഗം...' അനുപമ തന്റെ ആത്മാവും ഹൃദയവും ചേര്‍ത്ത് പാടിയപ്പോള്‍, അത് തലമുറകള്‍ ഏറ്റുപാടുന്ന പാട്ടായി. അവരുടെ വ്യത്യസ്തമായ ശബ്ദവും ശൈലിയും ആ പാട്ട് മനോഹരമാക്കി. 'തിരുടാ തിരുടാ' സിനിമ ഹിറ്റായെങ്കിലും അതിനേക്കാളും ഏറെ മികച്ചുനിന്നു, എ.ആര്.റഹ്മാന്റെ സംഗീതവും വൈരമുത്തുവിന്റെ വരികളും. ആ പാട്ടുകളില്‍ ഏറ്റവും ഹിറ്റായതും ഇതുതന്നെ.
'പുതിയ മുഗം' എന്ന സിനിമയില്‍ 'ജൂലായ് മാതം വന്താല്‍' എന്ന പാട്ടിലൂടെയാണ് അനുപമ പിന്നണിഗായികയാവുന്നത്. അവിചാരിതമായാണ് അവര്‍ ഈ രംഗത്തേക്കെത്തുന്നത്. ''ഗായികയാവുമെന്ന് ഞാനൊരിക്കലും ചിന്തിച്ചിട്ടില്ല. എങ്ങനൊക്കെയോ വന്നുപെട്ടതാണ്''.
മാസ് കമ്യൂണിക്കേഷന്‍ പഠനം കഴിഞ്ഞയുടന്‍ ഒരു പരസ്യ ഏജന്‍സിയില്‍ കോപ്പി എഡിറ്റര്‍ ട്രെയിനിയായി ജോലി തുടങ്ങി. ''മിക്കവാറും വലിയ ബ്രാന്‍ഡിന്റെ പരസ്യങ്ങളാണ് ആ ഏജന്‍സി ചെയ്തിരുന്നത്. അതിലെ ജിംഗിളുകള്‍ പാടാനുള്ള അവസരങ്ങള്‍ എനിക്കുകിട്ടി''. അതിലൂടെ എ.ആര്.റഹ്മാനെ പരിചയപ്പെട്ടു. ആ ഏജന്‍സിയുടെ പരസ്യങ്ങള്‍ക്കുവേണ്ടി പലപ്പോഴും ജിംഗിളുകളും അതിന് സംഗീതവും ചെയ്തിരുന്നത് എ.ആര്.റഹ്മാനാണ്.
അനുപമയ്ക്ക് സിനിമയിലേക്കുള്ള അവസരമൊരുക്കിയതും റഹ്മാന് തന്നെ. ''ഒരുദിവസം അദ്ദേഹം വിളിച്ചു. ട്രാക്ക് പാടാനെന്ന് മാത്രമേ പറഞ്ഞുള്ളൂ. അവിടെത്തിയപ്പോഴാണ് സിനിമയ്ക്കുവേണ്ടിയുളളതാണെന്ന് അറിയുന്നത്''. 'ജൂലായ് മാതം വന്താല്‍' എന്ന പാട്ടിനുവേണ്ടിയായിരുന്നുവത്. അതുകഴിഞ്ഞാണ് 'തിരുടാ തിരുടാ'യില്‍ അവസരംകിട്ടുന്നത്. ആ പാട്ട് ഹിറ്റായതോടെ 'ചന്ദ്രലേഖ അനുപമ' എന്ന് അവര്‍ അറിയപ്പെട്ടുതുടങ്ങി.
ദില്‍ സെ, കാതല്‍ദേശം, ചോക്ലേറ്റ്, തെഹ്സീബ്, ബോംബെ, ഗജിനി...തുടങ്ങി കുറേ സിനിമകളില്‍ പാടി അനുപമ. എങ്കിലും 'കൊഞ്ചം നിലവ്' പോലെ ഹിറ്റായില്ല എന്നതാണ് വാസ്തവം.
Content Highlights: story of chandralekha annupamaa