ഷെഫാലി ഒരുകാലത്ത് പ്രിയങ്ക ചോപ്രയ്ക്കും ലാറ ദത്തയ്ക്കും വെല്ലുവിളിയായി, രഹസ്യരോഗം കരിയർ തടസ്സപ്പെടുത്തി

2000-ത്തിന്റെ തുടക്കത്തിൽ പ്രശസ്തിയുടെ കൊടുമുടിയിലേക്കുയരുമ്പോൾ ഷെഫാലി ജരിവാലയ്ക്ക് പ്രായം 19. ഡിജെ ഡോൾ എന്ന മ്യൂസിക് വീഡിയോയിലെ കാന്താ ലഗാ എന്ന ഗാനത്തിലെ നൃത്തമായിരുന്നു വഴിത്തിരിവ്. ഒറ്റരാത്രികൊണ്ട് യുവാക്കളുടെ ആരാധനാപാത്രമായി ഷെഫാലി. ബോളിവുഡിൽ ഒരു വലിയ താരം പിറന്നുവെന്ന് എല്ലാവരും കരുതി.
2003-ലെ ഒരു റേഡിയോ പോളിൽ, പ്രിയങ്ക ചോപ്ര, ലാറ ദത്ത, ഷാഹിദ് കപൂർ എന്നിവരോടൊപ്പം "ശ്രദ്ധേയരായ താരങ്ങളിൽ" ഒരാളായി ഷെഫാലിയെത്തിയിരുന്നു. വെള്ളിയാഴ്ച അവർ ഹൃദയാഘാതം വന്ന് മരിച്ചുവെന്ന് ഇപ്പോഴും പലർക്കും വിശ്വസിക്കാനായിട്ടില്ല.
പ്രശസ്തിയുടെ നെറുകയിൽ നിന്നപ്പോഴും സിനിമാ ലോകത്തുനിന്ന് വിട്ടുനിൽക്കാനായിരുന്നു ഷെഫാലിയുടെ തീരുമാനം. അക്ഷയ് കുമാറും സൽമാൻ ഖാനും അഭിനയിച്ച 'മുജ്‌സേ ഷാദി കരോഗി' എന്നൊരു ബോളിവുഡ് സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. അതേസമയം, നാച്ച് ബലിയെ, ബൂഗി വൂഗി തുടങ്ങിയ ഡാൻസ് റിയാലിറ്റി ഷോകളിൽ പങ്കെടുത്തു, അവിടെയുമവർ ആരാധകരെ സമ്പാദിച്ചു. എന്തുകൊണ്ട് ബോളിവുഡിലേക്ക് വരുന്നില്ല എന്ന ചോദ്യം ആളുകൾ ചോദിച്ചുകൊണ്ടേയിരുന്നു.
കരിയറിൽ ഒരുപാട് പ്രോജക്ടുകൾ ഏറ്റെടുക്കാത്തത് എന്തുകൊണ്ടാണെന്ന് വർഷങ്ങൾക്ക് ശേഷമാണ് ഷെഫാലി വെളിപ്പെടുത്തുന്നത്. 2020-ൽ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, താൻ 15 വയസ്സുതൊട്ട് അപസ്മാരത്തോട് പൊരുതുകയാണെന്ന് അവർ തുറന്നുപറഞ്ഞു.
"അസുഖം കാരണം, നീണ്ട ഷൂട്ടിങ് ഷെഡ്യൂളുകളിൽ പങ്കെടുക്കാനാവുമായിരുന്നില്ല. എപ്പോഴാണ് അപസ്മാരം വരികയെന്ന് പറയാനാവില്ല. പഠനത്തിൽ മികച്ച പ്രകടനം നടത്താൻ വലിയ സമ്മർദ്ദമുണ്ടായിരുന്ന സമയത്താണ്
അസുഖം ആദ്യമായി കണ്ടെത്തിയത്. സമ്മർദ്ദവും ഉത്കണ്ഠയും അപസ്മാരത്തിന് കാരണമാകും"-അവൾ പറഞ്ഞു. പ്രശസ്തിയുണ്ടെങ്കിലും അസുഖം അവരുടെ ആത്മവിശ്വാസം കുറയ്ക്കുകയായിരുന്നു.
"ക്ലാസ് മുറികളിലും സ്റ്റേജിന്റെ പിന്നാമ്പുറങ്ങളിളും റോഡുകളിലുമൊക്കെ എനിക്ക് അപസ്മാരം വന്നിട്ടുണ്ട്. ഇത് എന്റെ ആത്മവിശ്വാസം കുറച്ചു,"-അവൾ പറഞ്ഞു.
സംഗീതജ്ഞൻ ഹർമീത് സിങ് ആണ് ഷെഫാലിയുടെ ആദ്യഭർത്താവ്. 2009-ൽ വിവാഹമോചനം നേടിയ ശേഷം ടെലിവിഷൻ നടൻ പരാഗ് ത്യാഗിയെ വിവാഹം കഴിച്ചു. വിവാഹമോചനത്തിന് തൊട്ടുപിന്നാലെയാണ് അവൾ പരാഗിനെ കണ്ടുമുട്ടിയതും 2014-ൽ വിവാഹിതരായതും. ഫെഫാലിയുടെ അപ്രതീക്ഷിത മരണത്തെക്കുറിച്ച് പരാഗോ കുടുംബമോ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.