കണ്‍മുന്നില്‍ നിന്ന് കാണാതാവുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഒരു ദിനം

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

'മുന്നില്‍ വെടിയേറ്റ് മരിച്ചുകിടക്കുന്ന സഹോദരി... അക്രമികളുടെ അലര്‍ച്ചയക്കും അട്ടഹാസത്തിനുമിടയില്‍ അവള്‍ തിരികെ വരില്ലേയെന്ന് കണ്ണീരോടെ വിതുമ്പുന്ന മറ്റൊരുപെണ്‍കുട്ടി... മിണ്ടാതിരിക്ക് അവള്‍ സ്വര്‍ഗത്തിലേക്ക് പോയെന്ന് തോക്കുനീട്ടി അലറുന്ന അക്രമികള്‍....' ഇസ്രായേല്‍ പാലസ്തീന്‍ യുദ്ധഭൂമിയില്‍ ഹമാസ് തീവ്രവാദികളുടെ തോക്കിന്‍മുനയില്‍ നിന്ന് മരണത്തെ മുഖാമുഖം കണ്ട ഒരു കുടുംബത്തിന്റെ വീഡിയോയാണ് ഇത്. 

ഒക്ടോബര്‍ പതിനൊന്ന് ലോക പെണ്‍കുട്ടി ദിനം. പെണ്‍കുട്ടികള്‍ പൂമ്പാറ്റകളെപ്പോലെ പാറിപ്പറക്കുന്ന സ്വതന്ത്രരായി സന്തോഷത്തോടെ ജീവിക്കുന്ന നാളേക്കായി കരുതുന്ന ദിനം. എന്നാല്‍ ലോകത്തിലെ പലകോണില്‍ നിന്നുമുള്ള വാര്‍ത്തകള്‍ അതൊന്നുമല്ല. ഇസ്രായേലിലും പാലസ്തീനിലും ചിറകുകരിഞ്ഞ് വീഴുന്ന പെണ്‍കുട്ടികള്‍. അവര്‍ തിരിച്ചു വരുമോയെന്ന് കരയുന്ന സഹോദരികള്‍... ഇറാനില്‍ മനുഷ്യാവകാശം പോലും നിഷേധിക്കപ്പെട്ട് ഇരുണ്ട ലോകത്തേക്ക് മിഴി തുറക്കുന്നവര്‍. റഷ്യയിലും യുക്രൈനിലും അങ്ങനെ യുദ്ധകാഹളം മുഴങ്ങുന്ന ലോകത്തിന്റെ ഓരോ കോണിലും നിലവിളിക്കുന്ന പെണ്‍കുട്ടികള്‍.. ഇവരെ ഓര്‍ത്തുവേണം ഈ ദിനം ആചരിക്കാന്‍. അവിടെ നിന്ന് ഇങ്ങ് താഴെ ഭാരതമെന്ന മനോഹര ജനാധിപത്യ രാജ്യത്തുനിന്നുള്ള സംഭവങ്ങളും ഒട്ടും ആശ്വാസ്യമല്ല. മണിപ്പൂരില്‍ നിന്നുള്ള സംഭവങ്ങള്‍ തന്നെ നോക്കൂ. 

പഠനം ഉപേക്ഷിക്കുന്ന പെണ്‍കുട്ടികള്‍

'Beti Bachao Beti Padhao' മനോഹരമായ മുദ്രാവാക്യമാണ്. എന്നാല്‍ കോവിഡിന് ശേഷം സ്‌കൂളുകളിലേക്ക് തിരിച്ചെത്താത്ത പെണ്‍കുട്ടികളുടെ എണ്ണം ഏറുകയാണ് നമ്മുടെ രാജ്യത്ത് എന്നാണ് കണക്കുകള്‍. പൊഴിഞ്ഞുപോകുന്നവര്‍ അതിലേറെയും. 

ഇന്ത്യയിലെ സ്‌കൂളുകളില്‍ നിന്ന് കോവിഡ് കാലത്തിന് ശേഷം 33 ശതമാനത്തോളം പെണ്‍കുട്ടികള്‍ പഠനമവസാനിപ്പിച്ച് പോയതായാണ് യുണിസെഫ് 2022 ലെ വനിതാ ദിനത്തില്‍ പുറത്തുവിട്ട കണക്കുകള്‍ . വീട്ടുജോലികളില്‍ സഹായിക്കാന്‍ വേണ്ടിയും സാമ്പത്തിക സ്ഥിതി മോശമായതിനാലുമാണ് ഇതെന്നാണ് പഠനം പറയുന്നത്. എന്നാല്‍ അതിലും ഞെട്ടിക്കുന്ന മറ്റൊരു കണക്കുകൂടി ഉണ്ട്. 25 ശതമാനത്തോളം പെണ്‍കുട്ടികള്‍ക്ക്‌ വിവാഹവുമായി ബന്ധപ്പെട്ടാണ് അവരുടെ പഠനം ഉപേക്ഷിക്കേണ്ടി വന്നത്. ശൈശവവിവാഹം നിയമം മൂലം നിരോധിക്കപ്പെട്ട നാടാണ് നമ്മുടേതെന്ന് ഇടയ്‌ക്കൊക്കെ ഓര്‍ക്കാം അല്ലേ... ആനുവല്‍ സ്‌കൂള്‍ എഡ്യൂക്കേഷന്‍ റിപ്പോര്‍ട്ട് 2022 ലെ കണക്കുകളനുസരിച്ച് പതിനൊന്നു മുതല്‍ പതിനാല് വരെ പ്രായമുള്ള പെണ്‍കുട്ടികളില്‍ രണ്ട് ശതമാനം മാത്രമാണ് കോവിഡിന് ശേഷം സ്‌കൂളുകളിലേക്ക് തിരിച്ചെത്തിയത്. എന്നാല്‍ 2018 ല്‍ അത് നാല് ശതമാനത്തിന് മുകളിലായിരുന്നു. പതിനഞ്ച് മുതല്‍ പതിനാറ് വയസ്സുവരെയുള്ള കുട്ടികളില്‍ 7.8 ശതമാനം മാത്രമാണ് 2022 ല്‍ സ്‌കൂളുകളിലേക്ക് തിരിച്ചെത്തിയത്. 

വാക്കുകളില്‍ മാത്രം ഒതുങ്ങുന്ന സുരക്ഷ

'സത്രീകള്‍ക്കെതിരെയുള്ള മനോഭാവത്തില്‍ മാറ്റം കൊണ്ടുവരേണ്ട കാലം കഴിഞ്ഞു. അവരോട് ബഹുമാനം കാണിക്കുമെന്നും അവരെ തുല്യരായി കരുതുമെന്നും നമ്മള്‍ പ്രതിജ്ഞയെടുക്കണം' എന്ന് പറഞ്ഞത് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ്. അതിനും ശേഷമാണ് മണിപ്പൂര്‍ അരങ്ങേറിയത്. അതിനുശേഷം ഹരിയാന, മധ്യപ്രദേശ്... കേരളത്തില്‍ ആലുവയില്‍ പിടഞ്ഞുമരിച്ച എട്ട് വയസ്സുകാരി. നമ്മുടെ പട്ടിക നീളുകയാണ്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് കഴിഞ്ഞ ആറ് വര്‍ഷംകൊണ്ട് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങളില്‍ രാജ്യത്ത് വന്‍ വര്‍ധനവ് രേഖപ്പെടുത്തിയതായി കാണാം. 2021 ല്‍ ആറ് മില്യണ്‍ കേസുകളാണ് പോലീസില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തവ എത്ര അധികമായിരിക്കും. 2016 മുതല്‍ ആറ് വര്‍ഷത്തിനിടയ്ക്ക് 26.35 ശതമാനം വര്‍ധനവ് ഈ അക്രമങ്ങളുടെ നിരക്കില്‍ ഉണ്ടായതായി കാണാം. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കണക്കുകള്‍ പ്രകാരം 107 സത്രീകള്‍ ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയായി. സത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 56,000 കേസുകള്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് മാത്രമാണ്.  

2020 മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബലാത്സംഗക്കേസുകളുടെ എണ്ണത്തിലുണ്ടാകുന്ന ഉയര്‍ച്ച വലിയ ആശങ്കയാണ്. വിദ്യാഭ്യാസം നേടിയ സ്വതന്ത്രരായി ചിന്തിക്കുന്ന പെണ്‍കുട്ടികള്‍ ജീവിതത്തിനായി പുറം രാജ്യങ്ങള്‍ തേടിപ്പോകുന്നതിന്റെ കാരണം മറ്റൊന്നുമല്ല. 2021 ല്‍ 31,878 കേസുകളാണ് പോലീസ് രേഖപ്പെടുത്തിയത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവ എന്ന് പ്രത്യേകം എടുത്തു പറയണം. തന്റെ വീടിന് പുറത്തിറങ്ങിയാല്‍ ആക്രമിക്കപ്പെടാം, തട്ടിക്കൊണ്ടുപോകാം, കൊല്ലാം, ആസിഡ് ഒഴിക്കപ്പെടാം... എന്നൊക്കെ ഭയന്ന് ജീവിക്കേണ്ടി വരുന്നത് എത്രമോശം അവസ്ഥയായിരിക്കും. മതപരമായും സാമൂഹികമായുമുള്ള വേലിക്കെട്ടുകളുടെ ശ്വാസം മുട്ടലുകളില്ലാതെ സുരക്ഷിതരായി ജീവിക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്.

'the rape capital of the world' എന്ന ടൈറ്റില്‍ നമ്മുടെ രാജ്യം എന്നേ നേടിക്കഴിഞ്ഞു. മറ്റ് രാജ്യങ്ങളില്‍ സ്ത്രീകള്‍ സന്തുഷ്ടരും സുരക്ഷിതരുമാണ് എന്നല്ല അതിനര്‍ത്ഥം. കണക്കുകളനുസരിച്ച് ഇന്ത്യയേക്കാള്‍ സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത രാജ്യങ്ങള്‍ ലോകത്തുണ്ട്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന അഹങ്കരിക്കേ അവിടെ സ്ത്രീകള്‍ സുരക്ഷിതരല്ലാതെ ആവുമ്പോള്‍ സ്വഭാവികമായും അത് വിമര്‍ശിക്കപ്പെടും. മാത്രമല്ല അക്രമത്തിന് ഇരയാകുന്ന സ്ത്രീകളോടുള്ള നമ്മുടെ കാഴ്ചപ്പാടുകളും അവരെയും അക്രമികളെയും കൈകാര്യം ചെയ്യുന്ന നിയമരീതികളും സൂഹത്തിന്റെ മനോഭാവവും എല്ലാം ഇത്തരത്തില്‍ നമ്മുടെ രാജ്യം കളിയാക്കല്‍ നേരിടേണ്ടി വരുന്നതിന് മറ്റൊരു കാരണമാണ്. 

വീട്ടിലെ ശത്രുക്കള്‍

ലോക ആരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് മൂന്നില്‍ ഒരു സ്ത്രീ എന്ന കണക്കില്‍ ലിംഗവിവേചനവും അക്രമവും നേരിടുന്നു എന്നാണ്. ഇതേ കണക്ക് തന്നെയാണ് നമ്മുടെ രാജ്യത്തും. പെണ്‍കുട്ടിയായി ജനിച്ചു എന്നതിന്റെ പേരില്‍ കൊല്ലപ്പെടുന്നവര്‍, വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നവര്‍, നല്ല ഭക്ഷണം, സുരക്ഷ, സന്തോഷം എന്നിവ ലഭിക്കാത്തവര്‍... നമ്മുടെ പെണ്‍കുട്ടികളുടെ ജീവിതം എത്ര മോശമായ അവസ്ഥയിലാണ് അല്ലേ... ആ ജീവിതം ശരിയാണ് എന്ന് കരുതുന്നവരാണ് സത്രീകളും എന്നതാണ് ഏറ്റവും സങ്കടകരം. രാജ്യത്തെ മൊത്തം സ്ത്രീകളില്‍ 40 ശതമാനം പേരും വിശ്വസിക്കുന്നത് ഭര്‍ത്താവിന് തങ്ങളെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാനുള്ള അധികാരമുണ്ടെന്നാണ്. ഇത് ശരിവക്കുന്ന രീതിയില്‍ പല ഉയര്‍ന്ന കോടതികള്‍ പോലും അഭിപ്രായപ്രകടനം നടത്തിയിരുന്നു. എന്തിനേറെ പറയുന്നു വിദ്യാഭ്യാസപരമായും സാമൂഹികമായും ഉയര്‍ന്നവരെന്ന് കരുതുന്ന കേരളത്തിലെ സ്ത്രീകളില്‍ 50 ശതമാനത്തിലധികം പേരും ഇത്തരം ഗാര്‍ഹികപീഢനങ്ങളെ അംഗീകരിക്കുന്നവരാണെന്ന് ഈ അടുത്തു വന്ന പഠനങ്ങള്‍ സൂചിപ്പിച്ചിരുന്നു. നമ്മുടെ നാട്ടില്‍ സ്ത്രീധനമരണത്തിന് ഇരയായ ഉത്തരയും, വിസ്മയയും തൊട്ടിങ്ങോട്ടുള്ള പെണ്‍കുട്ടികളുടെ അനുഭവം നോക്കൂ. ഭര്‍തൃവീട്ടില്‍ അവരനുഭവിച്ച പീഢനങ്ങളെ ആ പെണ്‍കുട്ടികളുടെ വീട്ടുകാര്‍ എത്രമാത്രമാണ് നിസ്സാരവത്ക്കരിച്ചിരുന്നതെന്ന്. അവര്‍ മരിച്ച ശേഷം നെഞ്ചത്തടിക്കുകയും നിലവിളിക്കുകയും ചെയ്യുന്നതിന് പകരം നേരത്തെ തന്നെ ഒന്ന് പ്രതികരിക്കാന്‍ അവര്‍ക്കൊപ്പം നിന്നിരുന്നെങ്കിലോ... 

വിവാഹം കഴിച്ചയച്ച വീട്ടിലെ ഉപദ്രവങ്ങള്‍ സാധാരണവത്ക്കരിക്കാനാണ് നമ്മുടെ സിനിമകള്‍ വരെ ശ്രമിക്കാറ്. രാജ്യത്ത് ഒരുലക്ഷത്തിലധികം പരാതികളാണ് ഗാര്‍ഹികപീഡനവുമായി ബന്ധപ്പെട്ട് പോലീസിന് 2021 മുതല്‍ 22 വരെയുള്ള കാലത്ത് ലഭിച്ചിട്ടുള്ളത്. ഇവിടെയും ഓര്‍ക്കുക, പരാതിപ്പെടാനാവാത്തവര്‍ എത്രയോ അധികം ഇതിലുമുണ്ടാവും.

വേള്‍ഡ് ബാങ്ക് നടത്തിയ ഒരു പഠനത്തില്‍ നമ്മുടെ രാജ്യത്തെ, പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിലെ വിവാഹങ്ങളില്‍ 95 ശതമാനവും ഇന്നും സത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നവ തന്നെയാണ്. 1961 ല്‍ നിരോധിക്കപ്പെട്ട സ്ത്രീധനം ഇന്ന് സമ്മാനങ്ങളുടെ രൂപത്തിലും, ഓഹരിയായുമൊക്കെ നമ്മുടെ വീട്ടുമുറ്റത്തു തന്നെയുണ്ട്. ഓരോ വര്‍ഷവും അടുക്കളയിലെ അപകടമരണങ്ങളായി എരിഞ്ഞടങ്ങുന്ന ആയിരക്കണക്കിന് പെണ്‍കുട്ടികളുടെ ജീവനെടുക്കുന്നതും ഈ സ്ത്രീധനം തന്നെയാണ്. 

കാണാതാവുന്ന പെണ്‍കുഞ്ഞുങ്ങള്‍  

Pew Research Centre നടത്തിയ ഒരു അന്വേഷണത്തില്‍ 2000 മുതല്‍ 2019 വരെയുള്ള കാലഘട്ടത്തില്‍ ഒമ്പത് മില്യണ്‍ പെണ്‍കുഞ്ഞുങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ എവിടേ എന്ന ചോദ്യമാണ് അവശേഷിപ്പിക്കുന്നത്. ജനിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും പിന്നീട് യാതൊരു രേഖകളിലും ഇല്ലാതാകുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ രാജ്യത്തുണ്ട് എന്നാണ് പഠനങ്ങള്‍.  നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ റിപ്പോര്‍ട്ട് ്‌നുസരിച്ച് 1950 കളിലും 60 കളിലും 105 ആണ്‍കുട്ടികള്‍ക്ക് 100 പെണ്‍കുട്ടികള്‍ എന്നതായിരുന്നു സ്ത്രീപുരുഷ അനുപാതം. 1980 ആയപ്പോഴേക്കും 108 ആണ്‍കുട്ടികള്‍ക്ക് 100 പെണ്‍കുട്ടികള്‍ എന്നതായി കണക്ക്. 1990 എത്തിയപ്പോള്‍ ആണ്‍കുട്ടികളുടെ എണ്ണം 110 ആയി. 2011 ലെ സെന്‍സസ് അനുസരിച്ച് ഇന്ത്്യയില്‍ 111 ആണ്‍കുട്ടികള്‍ക്ക് 100 പെണ്‍കുട്ടികളാണ്. എന്താണ് പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വ്യത്യാസമില്ലാത്തത് എന്നത്‌
ന്യായമായ ചോദ്യം. ഇപ്പോഴും പെണ്‍ഭ്രൂണഹത്യ നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നു എന്നത് അതിയോശക്തിയൊന്നുമല്ല. 

പെണ്‍കുട്ടിയുണ്ടാകുന്നത് നഷ്ടമാണ് എന്ന് കരുതുന്ന വലിയൊരു ഭൂരിപക്ഷം ഇപ്പോഴും നമുക്കു ചുറ്റുമുണ്ട്. 1980 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ 12 മില്യണിലധികം പെണ്‍ഭ്രൂണഹത്യകള്‍ നടന്നതായാണ് കണക്കുകള്‍. 2000 മുതല്‍ 2019 കാലഘട്ടത്തില്‍ നടന്ന 8000 അബോര്‍ഷനുകളില്‍ ഭൂരിഭാഗവും പെണ്‍ഭ്രൂണഹത്യയാണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയ കണക്കുകളില്‍ തന്നെ പറയുന്നു. ഇവയെല്ലാം ഗ്രാമപ്രദേശങ്ങളില്‍, വിദ്യാഭ്യാസമില്ലാത്തവരുടെ ഇടയില്‍ എന്നൊക്കെ തള്ളിക്കളയാന്‍ വരട്ടെ. ഭൂരിപക്ഷവും നഗരപ്രദേശങ്ങളില്‍, മികച്ച ചികിത്സലഭിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍ വഴിനടന്നവയാണ്. 

ലോക പെണ്‍കുട്ടി ദിനം

2012 മുതലാണ് എല്ലാവര്‍ഷവും ഒക്ടോബര്‍ പതിനൊന്ന് ഇന്റര്‍ നാഷണല്‍ ഗേള്‍ ചൈല്‍ഡ് ഡേയായി ഐക്യരാഷ്ട്ര സംഘടന ആഘോഷിച്ചു തുടങ്ങിയത്. പെണ്‍കുട്ടികളുടെ ഉന്നമനത്തിനും അവരുടെ സുരക്ഷിതമായ ഭാവിക്കും വേണ്ടി ഒന്നിച്ചുപോരാടാം എന്നതാണ് ദിനത്തിന്റെ ലക്ഷ്യം. 'പെണ്‍കുട്ടികളുടെ അവകാശത്തിനായി നിലയുറപ്പിക്കാം, നമുക്ക് മുന്നേറാന്‍, നല്ല നാളേക്കായി.' എന്നാണ് ഈ വര്‍ഷത്തെ പെണ്‍കുട്ടി ദിനത്തിന്റെ ആപ്തവാക്യം.

Content Highlights: Rising crimes against Indian women and international girl child day