22-ാം വയസ്സില്‍ ക്രിക്കറ്റില്‍നിന്ന് വിരമിച്ച ആര്യമാന്‍ ബിര്‍ള;ലോകത്തിലെ ധനികനായ ക്രിക്കറ്റര്‍

ആര്യമാന്‍ ബിര്‍ള
ആര്യമാന്‍ ബിര്‍ള

22-ാം വയസ്സില്‍ ക്രിക്കറ്റില്‍നിന്ന് താത്കാലികമായി വിടപറഞ്ഞയാളാണ് ആര്യമാന്‍ ബിര്‍ള, അതും വെറും രണ്ടുവര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിനുശേഷം. പക്ഷേ, ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരവും ആര്യമാന്‍ തന്നെ. 

ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയുടെയും നീര്‍ജ ബിര്‍ളയുടെയും മകനാണ് ആര്യമാന്‍. 2017-ല്‍ രഞ്ജി ട്രോഫിയിലൂടെയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. മധ്യപ്രദേശിനുവേണ്ടിയാണ് ആര്യമാന്‍ കളിക്കളത്തിലിറങ്ങിയത്. ആ വര്‍ഷം മധ്യപ്രദേശിനുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളിലൊരാളും ആര്യമാന്‍ തന്നെ. 2018-ല്‍ ആദ്യ സെഞ്ച്വറി നേടി. സി.കെ നായിഡു ട്രോഫിയില്‍ മധ്യപ്രദേശിനായി നാല് സെഞ്ച്വറിയുള്‍പ്പെടെ 795 റണ്‍സാണ് ആര്യമാന്‍ അടിച്ചെടുത്തത്.

2018-ല്‍ ഐപിഎല്‍ ലേലത്തിലൂടെ രാജസ്ഥാന്‍ റോയല്‍സിലെത്തി. വെറും 30 ലക്ഷം രൂപയ്ക്കാണ് ആര്യമാന്‍ ടീമിലെത്തിയത്. ആദ്യ ഇലവനില്‍ ആര്യമാന് സ്ഥാനം ലഭിച്ചില്ല. ചില മത്സരങ്ങളില്‍ പകരക്കാരനായി ഫീല്‍ഡ് ചെയ്യാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. 

പിന്നീട് 2019-ല്‍ ക്രിക്കറ്റില്‍നിന്ന് ഇടവേളയെടുക്കുകയാണെന്ന് ആര്യമാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. മാനസികസമ്മര്‍ദവും ഉത്കണ്ഠാരോഗവുമാണ് കാരണമായി പറഞ്ഞത്. ഇത് വെറും താത്കാലികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 2023-ല്‍ ആദിത്യ ബിര്‍ള ഫാഷന്‍ ആന്റ് റീട്ടെയിലിന്റെ ഡയറക്ടറായി നിയമിക്കപ്പെട്ടു ആര്യമാന്‍. ഇന്ന് ആര്യമാന്റെ ആസ്തിയായി കണക്കാക്കപ്പെടുന്നത് 70,000 കോടി രൂപയാണ്. 

ആര്യമാന്റെ സഹോദരിയാണ് ഗായിക കൂടിയായ അനന്യ. അവരും ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സംഗീതത്തോട് വിടപറഞ്ഞത് ഈ വര്‍ഷമാണ്.  

Content Highlights: richest cricketer who retired at the age of 22