അഭിനയം നിർത്തി റിയ ചക്രവർത്തി ക്ലോത്തിങ് ബ്രാൻഡ് തുടങ്ങി, ഒറ്റവർഷത്തിനുള്ളിൽ 40 കോടിയുടെ മൂല്യം

ബോളിവുഡ് നടി റിയ ചക്രബർത്തി അഭിനയജീവിതം നിർത്തിയിട്ട് കുറച്ചുകാലമായി. വ്യക്തിജീവിതത്തിൽ നേരിട്ട കടുത്ത വെല്ലുവിളികൾമൂലം പ്രൊഫഷണൽ ജീവിതം പാടെ തകർന്നുപോയൊരു നടിയാണവർ. 2020-ൽ സുശാന്ത് സിങ് രജപുത്തിന്റെ മരണത്തോടെയാണ് റിയയുടെ ദുരിതം തുടങ്ങുന്നത്. സുശാന്തുമായി റിയ പ്രണയത്തിലായിരുന്നു ആ സമയത്ത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയയെ പോലീസ് അറസ്റ്റ് ചെയ്തു. വലിയ മാധ്യമശ്രദ്ധ നേടിയ കേസായിരുന്നു ഇത്. ജയിൽവാസവും മറ്റു നിയമനടപടികളുമെല്ലാം റിയയുടെ അഭിനയജീവിതത്തെ ബാധിച്ചു. നടിയുടെ കേസുകൾ കുടുംബത്തേയും അനിയൻ ഷോയിക്കിന്റെ എംബിഎ പഠനത്തെയും പോലും ബാധിച്ചിരുന്നു.
കേസിൽ റിയ പിന്നീട് കുറ്റവിമുക്തയായി, കരിയറിൽ ഒരുപാട് നഷ്ടം അപ്പോഴേക്കും സംഭവിച്ചുകഴിഞ്ഞിരുന്നു. തിരിച്ചുവന്നശേഷം അവർ അഭിനയത്തിൽ നിന്ന് പൂർണമായും വിട്ടുനിന്നു. മുന്നോട്ടു പോകാനുള്ള വഴിയെന്ന നിലയിൽ സഹോദരൻ ഷോവിക് ചക്രവർത്തിക്കൊപ്പം സ്വന്തമായി ഒരു ക്ലോത്തിങ് ബ്രാൻഡ് തുടങ്ങി. ഏകദേശം 40 കോടി രൂപയുടെ മൂല്യമാണ് ഒരുവർഷത്തിനുള്ളിൽ ബ്രാൻഡ് നേടിയത്.
ചാപ്റ്റർ 2 ഡ്രിൽ എന്നാണ് ബ്രാൻഡിന്റെ പേര്. സ്ട്രീറ്റ്‌വെയറിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഓവർസൈസ്ഡ് ടി-ഷർട്ടുകൾ, ബാഗി ജീൻസ്, ഹൂഡികൾ, ധൈര്യം സൂചിപ്പിക്കുന്ന സന്ദേശങ്ങളുള്ള യൂനിസെക്സ് വസ്ത്രങ്ങൾ എന്നിവയാണ് ബ്രാൻഡിലുള്ളത്. ശേഖരത്തിന്റെ 90 ശതമാനത്തിലധികവും യൂനിസെക്സ് വസ്ത്രങ്ങളുമായെത്തി ഇന്ത്യയുടെ 115 ബില്യൺ ഡോളർ ഫാഷൻ വിപണിയിൽ ബ്രാൻഡ് വിപ്ലവം സൃഷ്ടിച്ചു.
2025 മെയ് മാസത്തോടെയാണ് 40 കോടി രൂപയായി കമ്പനി മൂല്യം വർധിപ്പിച്ചത്. ശതകോടീശ്വരരായ കിഷോർ, അഷ്നി ബിയാനി എന്നിവരിൽ നിന്നുള്ള സീഡ് ഫണ്ടിങ് ആണ് ബ്രാൻഡിനെ പ്രധാനമായും സഹായിച്ചത്.
ടി-ഷർട്ടുകളിൽ ധൈര്യം തുളുമ്പുന്ന സന്ദേശങ്ങൾ ഉൾപ്പെടുത്തിയതിനെപ്പറ്റി റിയ പറഞ്ഞതിങ്ങനെ- "ഞാൻ അറസ്റ്റിലായപ്പോൾ എന്റെ ടി-ഷർട്ടിൽ ഇങ്ങനെയാണ് എഴുതിയിരുന്നത്, 'റോസാപ്പൂക്കൾ ചുവപ്പാണ്, വയലറ്റുകൾ നീലയാണ്, നമുക്ക് പുരുഷാധിപത്യം തകർക്കാം, ഞാനും നീയും'" റിയ ഓർത്തു. തനിക്ക് സംസാരിക്കാൻ കഴിയാതിരുന്നപ്പോൾ ടീഷർട്ട് തനിക്കുവേണ്ടി സംസാരിച്ചുവെന്നും റിയ പറഞ്ഞു. അങ്ങനെ ആളുകൾക്ക് ഒരു ശബ്ദം നൽകുന്ന എന്തെങ്കിലും തുടങ്ങണമെന്നാണ് റിയയും സഹോദരനും ആഗ്രഹിച്ചത്. കഠിനമായ സമയങ്ങളിലൂടെ, മാറ്റങ്ങളിലൂടെ സഞ്ചരിക്കുന്നവർക്കും സ്വയം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ളതാണിതെന്നും ഇരുവരും പറയുന്നു. 2025 മെയ് മാസത്തില്‍ മുംബൈയിലെ ബാന്ദ്രയിൽ ബ്രാൻഡിന്റെ ആദ്യത്തെ ഫിസിക്കൽ സ്റ്റോർ തുറന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rhea and Showik Chakraborty`s Chapter 2 Drip streetwear brand, born from adversity, is now valued at ₹38-40 crore. Discover their journey & disruptive fashion.