'പതിനെട്ടാംവയസ്സിലായിരുന്നു ആദ്യ ജയില്‍വാസം, വീട്ടില്‍ ചെറിയ പൊട്ടലും ചീറ്റലുമുണ്ടായി'-രാഹുൽ

അടൂര്‍ പട്ടണത്തില്‍ നിന്ന് എട്ടുകിലോമീറ്റര്‍ യാത്രയുണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മാങ്കൂട്ടത്തില്‍ തറവാട്ടിലേക്ക്. അമ്മ ബീനയും സഹോദരി രജനിയും സഹോദരീ ഭര്‍ത്താവ് ശ്യാമും അടങ്ങുന്ന കുടുംബം.
ചാനല്‍ചര്‍ച്ചകളിലും പ്രതിഷേധ വേദികളിലും ചെറുപ്പത്തിന്റെ പ്രസരിപ്പ് പടര്‍ത്തുന്ന യുവനേതാവ്, പാലക്കാടിന്റെ യുവ എം.എല്‍.എ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കണ്ണന്‍കുഞ്ഞാണ്. ചെറുപ്രായത്തില്‍ മക്കള്‍ക്ക് നഷ്ടമായ അച്ഛന്റെ ഓര്‍മയില്‍ നിന്നുതന്നെ അമ്മ ബീന സംസാരം തുടങ്ങി... ''ഉറച്ച കോണ്‍ഗ്രസ് അടിത്തറയുള്ള പഴയ തറവാടാണിത്. എന്റെ വീട് കിളിമാനൂരാണ്. വിവാഹം കഴിഞ്ഞ് ഇവിടെയെത്തിയതില്‍പ്പിന്നെ ഞാനും കോണ്‍ഗ്രസ്സുകാരിയായി. രാഹുലിന്റെ അച്ഛന്‍ പട്ടാളത്തിലായിരുന്നു. നാട്ടില്‍ തിരികെയെത്തിയ ശേഷം എല്‍.ഐ.സി.യില്‍ ജോലിക്ക് കയറി. അന്നൊക്കെ ഈ വീട്ടുമുറ്റത്ത് എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ പാര്‍ട്ടി പരിപാടികള്‍ കാണും. അദ്ദേഹം മരിക്കുമ്പോള്‍ മോള്‍ക്ക് പത്തും മോന് നാലുമാണ് പ്രായം. മരണശേഷം അദ്ദേഹത്തിന്റെ ജോലി എനിക്ക് കിട്ടി.''
അമ്മയുടെ കരുത്ത്
ചെറുപ്പത്തില്‍ പങ്കാളിയെ നഷ്ടപ്പെട്ട സാധാരണക്കാരിയായ വീട്ടമ്മയില്‍നിന്ന് ഒരു പ്രതിസന്ധിയിലും തളരാത്ത കരുത്തയായ സ്ത്രീയിലേക്കുള്ള അമ്മയുടെ പരിവര്‍ത്തനം വിസ്മയകരമായിരുന്നെന്ന് രാഹുല്‍. ''അച്ഛനെപ്പറ്റിയുള്ള നേര്‍ത്ത ഓര്‍മ മാത്രമേ മനസ്സിലുള്ളൂ. അക്കാലത്തെ അമ്മയും ഓര്‍മയില്‍ മങ്ങിയ ചിത്രമാണ്. അമ്മ അന്നേ വലിയ സിനിമാക്കമ്പക്കാരിയാണ്. അച്ഛന്റെ സഹോദരിക്കൊപ്പം സിനിമ കാണാന്‍ അമ്മ പതിവായി പുറത്തുപോയിരുന്നു. അതൊഴിവാക്കിയാല്‍ വീടിന്റെ നാലുപാളി വാതിലിന്റെ തുറന്ന ഒരുപാളിക്കു പിന്നില്‍ നില്‍ക്കുന്ന രൂപമാണ് അമ്മ.
അച്ഛന്റെ മരണശേഷം പുതിയൊരു അമ്മയെയാണ് ഞങ്ങള്‍ കാണുന്നത്. ഉത്തരവാദിത്വങ്ങള്‍ അമ്മ ധൈര്യത്തോടെ ഏറ്റെടുത്തു. ജോലിക്ക് പോയിത്തുടങ്ങി. സ്‌കൂളിന് അവധിയുള്ള ദിവസങ്ങളില്‍ ഞങ്ങളെയും ഓഫീസിലേക്ക് ഒപ്പംകൂട്ടി. ഓഫീസില്‍ തവണവ്യവസ്ഥയില്‍ പുസ്തകങ്ങള്‍ വില്‍ക്കാന്‍ വരുന്നവരില്‍നിന്ന് അമ്മ പുസ്തകങ്ങള്‍ വാങ്ങിവരും. അത് ഞങ്ങള്‍ വായിച്ചോ എന്ന് ഉറപ്പാക്കും. അങ്ങനെ അമ്മയാണ് വായനാശീലം സമ്മാനിച്ചത്.''
ഡല്‍ഹിയിലെ പഠനകാലം
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍നിന്ന് ബിരുദം പൂര്‍ത്തിയാക്കിയശേഷമാണ് തുടര്‍പഠനത്തിനായി രാഹുല്‍ ഡല്‍ഹിയിലേക്ക് പോകുന്നത്. വിഖ്യാതമായ സെന്റ്സ്റ്റീഫന്‍സ് കോളേജിലെ ബിരുദാനന്തര ബിരുദകാലം. ''കാതോലിക്കേറ്റിലെ പഠനകാലത്ത് യൂണിവേഴ്സിറ്റി കൗണ്‍സിലറും യൂണിറ്റ് ഭാരവാഹിയും കെ.എസ്.യു.വിന്റെ ജില്ലാ സെക്രട്ടറിയും ഒക്കെയായിരുന്നു ഞാന്‍. നാട്ടിലെ പ്രാദേശിക രാഷ്ട്രീയപ്രവര്‍ത്തകനായിരുന്ന അച്ഛന്റെ ഓര്‍മകളും പുസ്തകങ്ങളും പകര്‍ന്നുതന്ന രാഷ്ട്രീയബോധം അന്നേ ഉണ്ട്. വലിയ രാഷ്ട്രീയക്കാരനായി മടങ്ങിവരാന്‍ വേണ്ടിയൊന്നുമല്ല ഡല്‍ഹിയില്‍ പോയത്.''രാഹുല്‍ അക്കാലത്തിന്റെ കഥ പറഞ്ഞുതുടങ്ങി. ''ഡല്‍ഹി രസകരമായിരുന്നു. ജെ.എന്‍.യു.വില്‍ കുറേ കൂട്ടുകാരുണ്ട്. ഏറിയസമയവും അവിടെയായിരുന്നു. ഡല്‍ഹിയില്‍ വിദ്യാര്‍ഥി പ്രസ്ഥാനം ശക്തിപ്രാപിച്ച സമയമായിരുന്നു അത്. പഠിക്കാന്‍ വേണ്ടി ഡല്‍ഹിയില്‍ വരുന്നവര്‍ ലോകംവെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടിയാണല്ലോ. അക്കൂട്ടത്തില്‍ രാഷ്ട്രീയത്തില്‍ എത്താനും സിവില്‍ സര്‍വീസിലേക്ക് കടക്കാനും ലോകമറിയുന്ന നടിയാകാനും ആഗ്രഹിച്ചുവന്നവരുമുണ്ട്. പരിമിതികള്‍ തിരിച്ചറിഞ്ഞ് തിരുത്താനുള്ള പരിശീലനകാലം കൂടിയായിരുന്നു അത്.''
സൗഹൃദപ്പട്ടിക
ചുറ്റും സൗഹൃദത്തിന്റെ ഒരു വിശാലവൃത്തം എപ്പോഴുമുണ്ട്. തന്റെ സൗഹൃദപ്പട്ടിക അദ്ദേഹം തുറന്നു:
''ഷാഫി പറമ്പില്‍ സഹോദരതുല്യനാണ്. ഷാഫിക്കയുമായുള്ള ആത്മബന്ധം ആഴമുള്ളതാണ്. ജീവിതത്തിലെ നല്ലതും ചീത്തയുമായതെന്തും ആദ്യം പങ്കുവയ്ക്കുന്നത് അദ്ദേഹത്തോടാണ്. ജീവിതത്തില്‍ ഏറ്റവുമാദ്യം അടുത്തുകണ്ട രാഷ്ട്രീയനേതാവ് പി.സി. വിഷ്ണുനാഥാണ്. വിഷ്ണുവേട്ടനും സഹോദരനെപ്പോലെയാണ്. വി.ടി. ബല്‍റാം, ഹൈബി ഈഡന്‍, എ.പി. അനില്‍ കുമാര്‍, അബിന്‍ വര്‍ക്കി, ഒ.ജെ.ജനീഷ് ഇവരൊക്കെയും സുഹൃത്തുക്കളാണ്.
കോളേജ് കാലം മുതലുള്ള ചങ്ങാതിമാരാണ് ജോബിയും സുനിയും. ആറുവര്‍ഷത്തോളം കടമ്പനാട് വിക്ടറി കോളേജില്‍ അധ്യാപകനായിരുന്നു ഞാന്‍. അക്കാലത്തെ സഹപ്രവര്‍ത്തകരുമായും ചങ്ങാത്തമുണ്ട്. നാട്ടിലുമുണ്ട് സുഹൃത്തുക്കളുടെ വലിയൊരു സംഘം.''
കാലത്തിന്റെ ജാഗ്രത
സോഷ്യല്‍ ഓഡിറ്റിങ് ഏറ്റവും ശക്തമായ പ്രദേശമാണ് കേരളം. രാഷ്ട്രീയരംഗം നിരന്തരവിമര്‍ശനത്തിന് ഇടമേകുന്ന പ്രതലവും. രാഷ്ട്രീയക്കാരന്‍ എന്നനിലയില്‍ കാലമാവശ്യപ്പെടുന്ന ജാഗ്രതയെപ്പറ്റി രാഹുല്‍ പറഞ്ഞുതുടങ്ങി...
''സോഷ്യല്‍ ഓഡിറ്റിങ് നല്ലതാണെന്ന അഭിപ്രായക്കാരനാണ് ഞാന്‍. സ്വകാര്യതയിലേക്ക് കടന്നുകയറാത്തപക്ഷം അതൊരാവശ്യവുമാണ്. തീര്‍ത്തും സ്വകാര്യമായ ജീവിതത്തിന് പുറത്തുള്ള ഏതുതരം സോഷ്യല്‍ ഓഡിറ്റിങ്ങിനെയും പോസിറ്റീവായാണ് ഞാന്‍ കാണുന്നത്. പൊളിറ്റിക്കല്‍ കറക്ട്നസിന് പ്രാധാന്യം കൊടുത്തിരുന്ന കുട്ടിക്കാലമായിരുന്നില്ല എന്റെത്. കൂട്ടുകാര്‍ക്കിടുന്ന ഇരട്ടപ്പേരില്‍പ്പോലും അതൊക്കെ പ്രകടമായിരുന്നു. കുഞ്ഞുന്നാളില്‍ തീരേ മെലിഞ്ഞിട്ടായിരുന്നു ഞാന്‍. അക്കാരണത്താല്‍ ഇരട്ടപ്പേരിട്ട് കൂട്ടുകാര്‍ വിളിക്കുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്. എന്നാല്‍, അതേ ഞാന്‍തന്നെ, മറ്റൊരാളെ അതിന് സമാനമായ ഇരട്ടപ്പേര് വിളിച്ചിട്ടുണ്ടാകും. അതങ്ങനെ ഒരു കാലമായിരുന്നു. എന്നാല്‍, പുതിയകാലത്തെ സോഷ്യല്‍ ഓഡിറ്റിങ് ജീവിതത്തില്‍ പൊളിറ്റിക്കല്‍ കറക്ട്‌നസ് പാലിക്കേണ്ടതാണെന്ന തിരിച്ചറിവ് പകര്‍ന്നു.''
തഗ്ഗുകളുടെ തമ്പുരാന്‍
സോഷ്യല്‍ മീഡിയയിലും ചാനല്‍ച്ചര്‍ച്ചകളിലും തഗ്ഗുകളുടെ തമ്പുരാനാണ് രാഹുല്‍. ഇടതടവില്ലാതെ പലതരം സൈബര്‍ അറ്റാക്കുകള്‍ക്കും വിധേയനായ ആള്‍. ഇതൊക്കെ ബാധിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ചിരിയുടെ അകമ്പടിയോടെ മറുപടിയെത്തി.
''രസകരമായ ട്രോളുകളും തമാശകളും ആസ്വദിക്കും. കമന്റ് ബോക്‌സ് നോക്കാറില്ല. അത്തരം നെഗറ്റിവിറ്റിയില്‍നിന്ന് മാറിനില്‍ക്കുകയെന്നത് നല്ല ജീവിതത്തിന് പാലിക്കേണ്ട അടിസ്ഥാനകാര്യമാണ്.''
കൂട്ടുകാര്‍ക്കൊപ്പം യാത്രപോകുന്ന, നന്നായി ഭക്ഷണം കഴിക്കുന്ന, സിനിമയെ ഇഷ്ടപ്പെടുന്ന, പുസ്തകങ്ങളെ സഹചാരിയാക്കിയ ജീവിതസ്‌നേഹിയായാണ് രാഹുല്‍ സ്വയംവിശേഷിപ്പിക്കുന്നത്. വിശേഷങ്ങള്‍ പലതും കടന്ന് സംസാരം ജയിലിന്റെ പടിവാതിലിലേക്കെത്തി. ആദ്യ ജയില്‍വാസകാലത്തിന്റെ ഓര്‍മ്മകള്‍ രാഹുല്‍ പങ്കുവയ്ക്കുമ്പോള്‍, അമ്മ കേള്‍വിക്കാരിയായി.
''പതിനെട്ടാംവയസ്സിലായിരുന്നു ആദ്യ ജയില്‍വാസം. സമരത്തില്‍ പങ്കെടുത്തതാണ് കുറ്റം. ജയിലിലാണെന്ന് വീട്ടിലറിയില്ല. പക്ഷേ, ജാമ്യമെടുക്കണമെങ്കില്‍ വീട്ടില്‍നിന്ന് ആരെങ്കിലും വരണമെന്നായി. ചെറിയ പൊട്ടലും ചീറ്റലുമുണ്ടായി. പിന്നെയും നാലുതവണ ജയില്‍വാസമുണ്ടായെങ്കിലും നീണ്ട ജയില്‍ക്കാലം അതായിരുന്നു.''
തേടിയെത്തിയ പോലീസ്
ആ പഴങ്കഥയില്‍നിന്ന് ജയില്‍തന്നെ ഇതിവൃത്തമായ പുതിയകഥയിലേക്ക് അമ്മ സംസാരത്തെ വഴിതിരിച്ചു. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് രാഹുല്‍ അറസ്റ്റിലായ ആ ദിവസത്തെ സംഭവങ്ങള്‍ അവര്‍ വിവരിച്ചു:
''അന്ന് പുലര്‍ച്ചെ അഞ്ചരയ്ക്ക് വാതിലുകളിലും ജനലുകളിലും ആരോ കൊട്ടുന്നു. കോളിങ് ബെല്ലടിക്കാതെ ആരാ ഇങ്ങനെ കൊട്ടിവിളിക്കുന്നതെന്ന് ഞാനോര്‍ത്തു. മകള്‍ക്കും മരുമകനും ബിസിനസാണ്. വൈകിയാണ് അവര്‍ വന്നുകിടന്നത്. അതുകൊണ്ട്, അവരെ ഞാനുണര്‍ത്തിയില്ല. രാഹുല്‍ തലേരാത്രി വീട്ടിലെത്തിയിരുന്നു.
വാതില്‍ തുറന്നപ്പോള്‍ മുറ്റം മുഴുവനും പോലീസ് വണ്ടികള്‍. രാഹുല്‍ എവിടെയെന്ന് ചോദിച്ച് അവര്‍ അകത്ത് കയറി. അവരില്‍ രണ്ടുപേര്‍ മുകളില്‍ രാഹുലിന്റെ മുറിയില്‍ച്ചെന്ന് തട്ടിവിളിക്കാന്‍ തുടങ്ങി. പോലീസുകാരോട് എന്തോ പറഞ്ഞിട്ട് അവന്‍ കുളിച്ചു തയ്യാറാകാന്‍ മുറിക്കുള്ളിലേക്കുതന്നെ പോയി. പോലീസുകാരുടെ ഫോണിലേക്ക് ഇടതടവില്ലാതെ ആരൊക്കെയോ വിളിക്കുന്നുണ്ട്. മാധ്യമങ്ങള്‍ വന്നോ, ആള് കൂടിയോ എന്നൊക്കെ ചോദിക്കുന്നുണ്ട്. സെക്രട്ടേറിയറ്റ് മാര്‍ച്ചാണ് വിഷയമെന്ന് പിന്നെയാണ് അവരെന്നോട് പറയുന്നത്. 'രാഹുല്‍ കൊലപ്പുള്ളിയൊന്നുമല്ലല്ലോ. ഈ വിഷയത്തിന് എന്റെ വീടിനകത്ത് കയറണ്ട കാര്യം നിങ്ങള്‍ക്കില്ലായിരുന്നു' എന്ന് ഞാന്‍ പറഞ്ഞു. രാഹുല്‍ കുളിച്ച് വേഷംമാറിവന്നു. അവര്‍ അവനെ കൊണ്ടുപോയി. എനിക്ക് ടെന്‍ഷനൊന്നും തോന്നിയില്ല.''
ആ കഥയുടെ തുടര്‍ച്ച രാഹുലേറ്റെടുത്തു: ''കുറച്ചുദിവസം ഞാന്‍ ആശുപത്രിയിലായിരുന്നു. ഡിസ്ചാര്‍ജായി വീട്ടിലേക്ക് വന്നതിന്റെ പിറ്റേന്നാണ് അറസ്റ്റ്. അന്ന് രാത്രി അമ്മ ജയിലില്‍ കിടക്കുന്ന കുട്ടികളെപ്പറ്റി ചോദിച്ചു. പെണ്‍കുട്ടികളടക്കം പലരും ജയിലിലാണല്ലോ. അതിന്റെ പ്രയാസത്തിലായിരുന്നു അമ്മ.''
അറസ്റ്റുമായി ബന്ധപ്പെട്ട് രാഹുലിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ വിവാദമായിരുന്നു. അതിനും രാഹുലിന് മറുപടിയുണ്ട്.
''വീടുവളഞ്ഞ് അറസ്റ്റുചെയ്തതിനെപ്പറ്റി കോടതി ഉന്നയിച്ച ചോദ്യത്തിന് പ്രോസിക്യൂഷന്റെ മറുവാദമായിരുന്നു എന്റെ ആശുപത്രിവാസം. മരുന്ന് മുടക്കാനാവില്ലെന്നതൊഴിച്ചാല്‍, ജയിലില്‍ പോകാന്‍ ഞാനൊട്ടും മടിച്ചില്ല. മുന്‍കൂര്‍ ജാമ്യവും തേടിയില്ല. സഹപ്രവര്‍ത്തകര്‍ ജയിലിലാകുമ്പോള്‍ ഞാനെന്തിന് പുറത്ത് നില്‍ക്കണം. അക്കാര്യത്തില്‍ സി.പി.എം. പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ സൈബര്‍ പോരാളിയുടെ നിലവാരത്തിലേക്ക് താഴ്ന്നു. ആരോഗ്യപ്രശ്‌നങ്ങളുന്നയിച്ച് പല കേസുകളില്‍നിന്ന് ഊരിപ്പോയ നേതാക്കന്മാരുടെ പാര്‍ട്ടിയുടെ വക്താവായതുകൊണ്ടാകാം അദ്ദേഹം എനിക്കുനേരേ, അതേ ആരോപണമുന്നയിച്ചത്. ഞാന്‍ ആശുപത്രിയില്‍ ചികിത്സതേടിയിട്ടില്ലെന്ന് അദ്ദേഹം തെളിയിച്ചാല്‍, ഞാന്‍ മാപ്പ് പറയാം. അല്ലാത്തപക്ഷം എം.വി. ഗോവിന്ദന്‍ എന്നോട് മാപ്പ് പറയണം.''
വിവാദത്തില്‍നിന്ന് അമ്മ ചെറിയൊരു പരാതിയിലേക്ക് കടന്നു: ''സമയത്ത് ഭക്ഷണം കഴിക്കില്ല, നേരത്തുറങ്ങില്ല. ആരോഗ്യം തീരേ ശ്രദ്ധിക്കില്ല. പനികാരണമാണ് ആശുപത്രിയിലായതെന്നാണ് ഇവന്‍ ഞങ്ങളോട് പറഞ്ഞത്. പിന്നെ, ഷാഫി (ഷാഫി പറമ്പില്‍) പറഞ്ഞാണ് വിശദവിവരങ്ങളറിഞ്ഞത്.''
Content Highlights: RAHUL MAMKOOTTATHIL AND MOTHER INTERVIEW