മലഞ്ചെരിവില്‍ പോളിബാഗ് രീതിയില്‍ നെല്‍ക്കൃഷി, സത്യനാരായണ ബെളേരി കാക്കുന്നത് 650-ലേറെ വിത്തിനങ്ങള്‍

കാറ്റിന് പഴുക്കടയ്ക്കയുടെ മണമുള്ള നെട്ടണിഗെ എന്ന കാസര്‍കോടന്‍ അതിര്‍ത്തിഗ്രാമവഴി. കവുങ്ങിന്‍തോപ്പുകള്‍ക്കിടയിലൂടെ നീളുന്ന റോഡ്. ബെളേരിയെത്തിയാല്‍, മലഞ്ചെരിവുകളില്‍ പ്രതീക്ഷയുടെ പാല്‍കിനിഞ്ഞ് റബ്ബര്‍മരങ്ങള്‍ തലയുയര്‍ത്തിനില്‍ക്കും. അവയ്ക്കിടയിലൂടെയുള്ള ചെമ്മണ്‍പാത നീളുന്നത് പദ്മശ്രീ ജേതാവിന്റെ കൃഷിയിടത്തിലേക്കാണ്. സത്യനാരായണ എന്ന നെല്‍വിത്തുസംരക്ഷനാണ് ബെളേരിയിലേക്ക് ദേശീയ പുരസ്‌കാരം എത്തിച്ചത്.
റബ്ബര്‍ക്കാടുകള്‍ പിന്നിടുമ്പോള്‍ മനസ്സില്‍ വലിയൊരു ചോദ്യമുദിച്ചു: 'ഈ മലഞ്ചെരിവില്‍ എങ്ങനെയാണ് നെല്‍ക്കൃഷി ചെയ്യുക?' ആ ചോദ്യത്തിന് സത്യനാരായണ ബെളേരിയുടെ പുഞ്ചിരിച്ച മുഖം കാണുന്നതുവരെയേ ആയുസ്സുണ്ടായിരുന്നുള്ളൂ.
തന്റെ ചെറിയ കൃഷിയിടത്തില്‍ പോളിബാഗ് രീതിയില്‍ അപൂര്‍വമായ 650-ലധികം നെല്‍വിത്തിനങ്ങള്‍ വരുംകാലത്തേക്കായി കാത്തുവെയ്ക്കുകയാണ് ആ കര്‍ഷകന്‍. ലഭിച്ച പദ്മശ്രീയെക്കാള്‍ തിളക്കമുണ്ട് അദ്ദേഹത്തിന്റെ ജീവിതത്തിന്. ഓടുപാകിയ കൊച്ചുവീടിന്റെ പൂമുഖത്തിരുന്ന് പദ്മശ്രീജേതാവ് തന്റെ ജീവിതകഥകളുടെ വിത്തെറിഞ്ഞു.
കുട്ടിക്കാലത്തെ രാജകയമ
കുട്ടിക്കാലത്തെ സ്‌കൂള്‍യാത്രകളില്‍ നിന്നാണ് സത്യനാരായണ ജീവിതം പറഞ്ഞുതുടങ്ങിയത്. കിലോമീറ്ററുകള്‍ താണ്ടി കാല്‍നടയായാണ് സ്‌കൂളിലേക്ക് പോയിരുന്നത്. ആ യാത്രകള്‍ക്കിടെയാണ് കൃഷിയോട് കൂട്ടുകൂടിയത്. അന്ന് കൈകളില്‍ നെന്മണികള്‍ പെറുക്കിയെടുക്കുമ്പോള്‍ അനുഭവിച്ച സന്തോഷമാണ് ഏറ്റവും വലിയ ഗൃഹാതുരത എന്നദ്ദേഹം പറയുന്നു.
''ചെറുപ്പം മുതലേ കൃഷി കണ്ടാണ് വളര്‍ന്നത്. സ്‌കൂളിലേക്കുള്ള നടത്തത്തില്‍ നിത്യേന വയലിലെ കാഴ്ചകള്‍ കാണും. 'രാജകയമ' എന്ന നെല്ലിനമാണ് അന്നത്തെ കൃഷി. നാട്ടിലെ ഒരു ക്ഷേത്രത്തിലെ പ്രസാദമുണ്ടാക്കാനാണ് അത് ഉപയോഗിക്കുക. ആ നെന്മണികള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു.
കൊയ്ത്തുദിവസങ്ങളില്‍ സ്‌കൂള്‍വിട്ട് വരുമ്പോള്‍ കുറച്ച് കതിര്‍ ഞാന്‍ കൈക്കലാക്കും. അത് വീട്ടില്‍ കൊണ്ടുവന്ന് സൂക്ഷിക്കും. രാജകയമയ്ക്ക് പുറമെ, കയമ, ഗന്ധകശാല തുടങ്ങിയ ഇനങ്ങളും അന്ന് ഈ പ്രദേശത്ത് കൃഷിചെയ്തിരുന്നു. ഞങ്ങള്‍ക്ക് സ്വന്തമായി പാടമുണ്ടായിരുന്നില്ല. അച്ഛന്റെ സഹോദരങ്ങള്‍ നെല്‍ക്കൃഷിചെയ്തിരുന്നു. അവരുടെ വയലുകളില്‍ കൊയ്ത്തുനടക്കുമ്പോള്‍ അച്ഛനൊപ്പം ഞാനും പോകും. കുട്ടിക്കാലത്ത് കൗതുകത്തിനാണ് വിത്തുകള്‍ ശേഖരിക്കാന്‍ തുടങ്ങിയത്. അന്നതിനെക്കുറിച്ച് അറിവൊന്നുമുണ്ടായിരുന്നില്ല.''
അപ്രത്യക്ഷമായ നെന്മണി
കാലം മാറ്റത്തിന്റെ വഴിയേ കുതിച്ചു. വയലുകളില്‍ വികസനം ഫ്‌ളാറ്റുകളായും വമ്പന്‍ കെട്ടിടങ്ങളായും ഉയര്‍ന്നു. നെല്‍ക്കൃഷിയില്‍നിന്ന് വലിയൊരു വിഭാഗം ആള്‍ക്കാര്‍ പിന്മാറി. ആ കാലം സത്യനാരായണയെ നെല്‍വിത്തുസംരക്ഷകനാക്കി മാറ്റി. ''ഒരുകാലഘട്ടം കഴിഞ്ഞപ്പോള്‍ 'രാജകയമ' പോലുള്ള ഇനങ്ങള്‍ ഞങ്ങളുടെ പ്രദേശത്ത് നിന്ന് അപ്രത്യക്ഷമായി. അതെന്നെ അദ്ഭുതപ്പെടുത്തി. കണ്ടുവളര്‍ന്ന നെല്ലിനങ്ങള്‍ പെട്ടെന്ന് കാണാതായതോടെ അതിനെക്കുറിച്ച് അന്വേഷിച്ചു. ആകാശവാണിയായിരുന്നു കുട്ടിക്കാലംതൊട്ട് എന്റെ പ്രധാന വിവരസഹായി. 2003-ല്‍ കര്‍ണാടകയിലെ ചീര്‍ക്കാടി എന്ന സ്ഥലത്ത് ഗാന്ധിയനായ രാമചന്ദ്രറാവു രാജകയമ കൃഷിചെയ്യുന്നുണ്ടെന്ന വിവരം എനിക്ക് ലഭിച്ചു.
അദ്ദേഹത്തിന്റെ വിലാസം കണ്ടുപിടിച്ച് കത്തയച്ചു. സാധിക്കുമെങ്കില്‍ രാജകയമയുടെ വിത്ത് കുറച്ച് അയച്ചുതരണമെന്നും ആവശ്യപ്പെട്ടു. മറുപടിയായി 200 ഗ്രാം വിത്തും ഒരു കത്തും ലഭിച്ചു. താന്‍ ജീവിതത്തിന്റെ അവസാനനാളുകളിലാണെന്നും താങ്കള്‍ കൃഷിചെയ്ത് ഈ വിത്തിനത്തെ നാളേക്കുവേണ്ടി സംരക്ഷിക്കണമെന്നുമായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. ആ കത്തില്‍നിന്നു കിട്ടിയ പ്രചോദനത്തിലാണ് നെല്‍വിത്തുസംരക്ഷണം ആരംഭിച്ചത്.
പിന്നീട് കിട്ടാവുന്ന ഇടങ്ങളില്‍നിന്നെല്ലാം നെല്ലിനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു. ഒരുദിവസം ബെല്‍ത്തങ്ങടി എന്ന സ്ഥലത്തുള്ള എണ്‍പതുവയസ്സുള്ള കൃഷിക്കാരനുമായുള്ള അഭിമുഖം ആകാശവാണിയിലൂടെ കേട്ടു. 150-ഓളം നെല്ലിനങ്ങള്‍ താന്‍ സംരക്ഷിക്കുന്നുണ്ടെന്ന് അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. കാസര്‍കോട്, ദക്ഷിണകന്നഡ മേഖലയില്‍ കൃഷിചെയ്തിരുന്ന അപൂര്‍വനെല്ലിനങ്ങളാണ് അദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്. ഞാന്‍ അദ്ദേഹത്തെ ചെന്നുകണ്ടു. കറുത്ത നെല്ലടക്കമുള്ള വ്യത്യസ്തമായ ഇനങ്ങള്‍ അദ്ദേഹത്തിന്റെ കൈയില്‍. അപൂര്‍വമായ 100 ഇനങ്ങള്‍ അവിടെ നിന്ന് ഞാന്‍ ശേഖരിച്ചു.''
പ്രതിസന്ധികള്‍ പരീക്ഷണങ്ങള്‍
നെല്‍ക്കൃഷിയോടാണ് താത്പര്യമെങ്കിലും കൃഷി ചെയ്യാന്‍ വയല്‍ വേണ്ടേ. അതില്ലാതെ എങ്ങനെ വിത്തുകള്‍ മുളപ്പിക്കും? ഈ ചോദ്യമാണ് ചില പരീക്ഷണങ്ങളിലേക്ക് സത്യനാരായണയെ കൈപിടിച്ചുനടത്തിയത്. ''സ്വന്തമായി വയലില്ല. കുന്നിന്‍പ്രദേശത്ത് എങ്ങനെ നെല്ല് കൃഷിചെയ്യുമെന്നാലോചിച്ചു. വീടിനടുത്ത് കുറച്ച് സ്ഥലം നിരപ്പാക്കി ഗ്രോബാഗില്‍ നെല്ല് കൃഷിചെയ്യാമെന്ന് തീരുമാനിച്ചു. പേപ്പര്‍ ഗ്ലാസുകളില്‍ പത്തുവീതം വിത്തുകള്‍ മുളപ്പിച്ചു. മുളച്ച് പത്തുദിവസം കഴിഞ്ഞാല്‍ മണ്ണും വളവും നിറച്ച ഗ്രോബാഗിലേക്ക് മാറ്റിനടും. ഇതിനിടെ എലിശല്യം, ഉറുമ്പുശല്യം എന്നിങ്ങനെ ഒരുപാട് പ്രതിസന്ധികളെ നേരിട്ടു. ഉറുമ്പുകള്‍ നിരയായെത്തി കതിരുകള്‍ കവര്‍ന്നു.
ആ പ്രതിസന്ധി മറികടക്കാനായി ചതുരാകൃതിയില്‍ ചെറുകുഴിയെടുത്ത് അതിനുള്ളില്‍ പോളിത്തീന്‍ ഷീറ്റ് വിരിച്ച് ആവശ്യത്തിന് വെള്ളം നിറച്ചു. അതിലേക്ക് ഗ്രോബാഗോടെ നെല്‍ച്ചെടികള്‍ വിന്യസിച്ചു. അരികുകളില്‍ തൂണുകള്‍ സ്ഥാപിച്ച് ഒരു വലകൂടി വിരിച്ചുകൊടുത്തു. അതോടെ കിളികളും ഉറുമ്പും എലിയുമൊന്നും അടുക്കാതായി. നെല്‍ച്ചെടികള്‍ വളര്‍ന്നു. കതിരുകള്‍ വിളഞ്ഞു. എനിക്ക് വിത്ത് ശേഖരിക്കാനും കഴിഞ്ഞു.
പോളിബാഗ് കൃഷിരീതിയാണ് ഞാന്‍ പിന്തുടര്‍ന്നത്. ഇത്തരത്തില്‍ മറ്റാരും നെല്ല് കൃഷിചെയ്തിട്ടില്ലെന്ന് കൃഷിശാസ്ത്രജ്ഞര്‍തന്നെ സാക്ഷ്യപ്പെടുത്തി. ഇത്രയധികം വിത്തുകള്‍ സംരക്ഷിക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗമില്ലായിരുന്നു. എനിക്ക് പദ്മശ്രീ കിട്ടാനുള്ള കാരണങ്ങളിലൊന്ന് ഈ വ്യത്യസ്തരീതിയാണ്. ''
ലോകമറിഞ്ഞ സംരക്ഷണക്കഥ
കാസര്‍കോടന്‍ അതിര്‍ത്തിഗ്രാമങ്ങളിെല സംസാരഭാഷ കന്നഡയാണ്. സത്യനാരായണയുടെ വിത്തുസംരക്ഷണകഥ ആദ്യമായി ലോകത്തെ അറിയിച്ചത് കന്നഡ മാധ്യമങ്ങളാണ്. ''ഒരു കന്നഡ പത്രത്തില്‍ എന്റെ നെല്‍വിത്ത് സംരക്ഷണത്തെക്കുറിച്ച് വാര്‍ത്ത വന്നു. അതോടെ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൃഷിസ്‌നേഹികളും യൂട്യൂബര്‍മാരും എന്നെ തേടിയെത്തി. കാര്‍ഷിക സര്‍വകലാശാലകളില്‍നിന്ന് ക്ഷണം ലഭിച്ചു. കാര്‍ഷിക കൂട്ടായ്മകളിലേക്കും ക്ഷണിക്കപ്പെട്ടു.
ലാനാമക്, കളമേ, നവര, രക്തശാലി, കയമ, ബലാമി... തുടങ്ങി 650- ലധികം നെല്‍വിത്തിനങ്ങള്‍ ഇന്നെന്റെ കൈയിലുണ്ട്. ഓരോന്നിനും പ്രത്യേകതകളുണ്ട്. പല രോഗങ്ങളെയും പ്രതിരോധിക്കാനും ശരീരത്തിന് കൃത്യമായ പോഷകങ്ങള്‍ നല്‍കാനുമൊക്കെ ഇവയ്ക്ക് സാധിക്കും. പ്രാചീനകാലത്ത് നെല്ലിനെ ആയുര്‍വേദ മരുന്നുകള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട്. അതിനെക്കുറിച്ചൊന്നും പുതിയ തലമുറയ്ക്ക് അറിയില്ല.
നെല്‍വിത്തുകള്‍ ശേഖരിക്കാന്‍ കര്‍ണാടകത്തിന്റെയും കേരളത്തിന്റെയും പലഭാഗത്തേക്കും യാത്രകള്‍ ചെയ്തു. പലതും ഉള്‍നാടന്‍ ഗ്രാമങ്ങള്‍. പലപ്പോഴും യാത്രാമധ്യേ വാഹനം ലഭിക്കാതെ ബസ്സ്റ്റാന്‍ഡില്‍തന്നെ കിടന്നുറങ്ങി.
വിത്ത് തേടിയുള്ള യാത്രകള്‍ക്കിടെ പ്രതിസന്ധികള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ചു. തേടിനടന്ന നെല്‍വിത്ത് കൈയില്‍ കിട്ടുമ്പോള്‍ അതുവരെ അനുഭവിച്ച കഷ്ടപ്പാടെല്ലാം മധുരമായി മാറും. അംഗീകാരവും സാമ്പത്തിക നേട്ടവുമൊന്നും മോഹിച്ചിട്ടില്ല.
ഈ വിവരങ്ങളെല്ലാം അറിഞ്ഞ ഒരുകൂട്ടം ശാസ്ത്രജ്ഞരാണ്എന്റെ ഈ അധ്വാനം ആരും അറിയാതെ പോകരുതെന്ന് പറഞ്ഞത്. അവര്‍ നടത്തിയ ഇടപെടലുകളുടെ ഭാഗമായി 2021-ല്‍ ജിനോം സേവിയര്‍ അവാര്‍ഡ് എന്നെ തേടിയെത്തി.''
ഒന്നും എളുപ്പമല്ല
തന്റെ സമയത്തിന്റെ സിംഹഭാഗവും നെല്‍വിത്തുകളുടെ സംരക്ഷണത്തിനായി മാറ്റിവച്ചിരിക്കുകയാണ് സത്യനാരായണ. സാമ്പത്തികമായി ഒരു നേട്ടവുമില്ലെങ്കിലും ഇഷ്ടമുള്ള കാര്യം ചെയ്യാനാവുന്നതിന്റെ സന്തോഷം ചെറുതല്ലെന്ന് അദ്ദേഹം പറയുന്നു. ''ഓരോ വര്‍ഷവും മുളപ്പിച്ച് കൃഷിചെയ്ത് വീണ്ടും വിത്തെടുത്താല്‍ മാത്രമേ സംരക്ഷണം സാധ്യമാകൂ. ഓരോ ഇനത്തിനും ആവശ്യമായ കാലാവസ്ഥ, സമയം എല്ലാ വ്യത്യസ്തമാണ്. അതിനെക്കുറിച്ചുള്ള അറിവുകള്‍ കാര്‍ഷികസര്‍വകലാശാലകളില്‍ നിന്നും മറ്റുമാണ് നേടിയത്. സര്‍വകലാശാലകളിലെ അധ്യാപകരും ഉദ്യോഗസ്ഥരുമെല്ലാം സംശയങ്ങള്‍ തീര്‍ത്തുതരാറുണ്ട്. കുടുംബവും കൂടെ നിന്നു. ഒരു സാമ്പത്തികമെച്ചവും ഇല്ലാത്ത ജോലിയാണിത്. നമ്മുടെ കൈയില്‍നിന്ന് പണം ചെലവഴിക്കാം എന്നല്ലാതെ തിരിച്ചൊന്നും ലഭിക്കില്ല. നാളെയെക്കുറിച്ചുള്ള ചിന്തയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. റബ്ബര്‍, കവുങ്ങ്, കുരുമുളക് തുടങ്ങിയ കൃഷികളാണ് എന്റെ ജീവിതമാര്‍ഗം.''
പദ്മശ്രീ നല്‍കിയ ഉത്തരവാദിത്വം
രാജ്യം നല്‍കിയ ആദരവിന്റെ സന്തോഷത്തിലും അത്ഭുതത്തിലുമാണ് സത്യനാരായണ ഈ വിഷുക്കാലത്തെ വരവേല്‍ക്കുന്നത്. അപ്രതീക്ഷിതമായി തേടിയെത്തിയ പദ്മ അവാര്‍ഡ് തനിക്ക് വലിയ ഉത്തരവാദിത്വമാണെന്ന് ഈ കര്‍ഷകന്‍ പറയുന്നു.
''എന്നെപ്പോലൊരു സാധാരണക്കാരന് രാജ്യത്തെ ഏറ്റവും വലിയ ബഹുമതികളിലൊന്ന് ലഭിച്ചു എന്നത് വലിയ സന്തോഷം നല്‍കുന്നു. കാര്‍ഷികമേഖലയിലുള്ള ഒരുപാടുപേര്‍ക്ക് ഈയൊരു പുരസ്‌കാരം പ്രചോദനമാകും.
എന്റേതായ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഇത്രയും വര്‍ഷം നെല്‍വിത്തുകള്‍ സംരക്ഷിച്ചു. ഇനി സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ വേണം. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നെല്‍വിത്ത് സംരക്ഷണത്തിന് പ്രത്യേക ഇടം തുടങ്ങണം എന്ന് മുഖ്യമന്ത്രിയോടും കൃഷിമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരമൊരു ഇടമുണ്ടായാല്‍ എന്റെ കൈയിലുള്ള വിത്തുകള്‍ കൈമാറാം എന്നും ഉറപ്പ് നല്‍കി. അതുപോലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൃഷിക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനുള്ള തീരുമാനം ഉണ്ടാകണം എന്നും ആവശ്യപ്പെട്ടു. ആ കാര്യം പരിഗണിക്കുമെന്നും അവര്‍ ഉറപ്പുനല്‍കി.''
കവുങ്ങും പ്ലാവുമടക്കം താന്‍ ഗ്രാഫ്റ്റിങ്ങിലും മറ്റും നടത്തിയ പരീക്ഷണങ്ങള്‍ കൂടി കാട്ടിത്തന്നു സത്യനാരായണ ബെളേരി. മണ്ണിനെ സ്‌നേഹിച്ചും നാളേയ്ക്കായി ചിലതു കരുതിയുമുള്ള ഈ കര്‍ഷകന്റെ ജീവിതം ഒരു ചെടി വളരും പോലെ സുന്ദരമാണ്.
Content Highlights: padma shri recipient, farmer and paddy conservator sathyanarayana beleri speaks