പ്രധാനമന്ത്രിയെ കൊന്നതാര്? 34 വർഷം അന്വേഷിച്ചിട്ടും ഉത്തരമില്ല, കണ്ടെത്തിയത് പ്രതിയെ തന്നെയെന്ന് ഉറപ്പുമില്ല

ഊലുഫ് പാൽമെ (Getty Images)
ഊലുഫ് പാൽമെ (Getty Images)

1986 ഫെബ്രുവരി 28-ന് വൈകുന്നേരം. സ്റ്റോക്ക്‌ഹോമിലെ ഒരു സിനിമാതിയേറ്ററില്‍ നിന്ന് മടങ്ങുകയായിരുന്നു സ്വീഡിഷ് പ്രധാനമന്ത്രി ഊലുഫ് പാല്‍മെയും ഭാര്യ ലിസ്‌ബെത്തും. സ്വീവഗന്‍ റോഡിലേക്ക് തിരിഞ്ഞപ്പോള്‍ ഒരാള്‍ രണ്ടുതവണ ഇരുവര്‍ക്കുംനേരെ വെടിയുതിര്‍ത്തു. പാല്‍മെക്ക് നെഞ്ചിലും വയറിലും വെടിയേറ്റു. ഭാര്യക്ക് നിസ്സാര പരിക്കേറ്റു. ഒരു വഴിയാത്രക്കാരനും ടാക്‌സി ഡ്രൈവറും ഉടന്‍ സഹായം നല്‍കിയെങ്കിലും ആശുപത്രിയിയിലെത്തും മുമ്പേ പാല്‍മെ മരിച്ചു. പാല്‍മെയ്ക്കന്ന് അമ്പത്തിയൊമ്പത് വയസ്സായിരുന്നു. അക്രമി ഒരു കാറില്‍ രക്ഷപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ട്. മുപ്പത്തിയഞ്ചിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള, ഇരുണ്ട മുടിയുള്ള, കറുത്ത നീളന്‍ കോട്ട് ധരിച്ച ഒരാളായിരുന്നു അതെന്ന് ദൃക്സാക്ഷികള്‍ വിവരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനുശോചന പ്രവാഹമുണ്ടായി.  മതേതര സംസ്‌കാര ചടങ്ങില്‍ 125 രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. പത്തുലക്ഷം സ്വീഡന്‍കാര്‍ വിലാപയാത്ര വീക്ഷിച്ചു.

ചോദ്യം ചെയ്യലുകള്‍, റോഡ് ചെക്ക്പോസ്റ്റുകള്‍, അതിര്‍ത്തി പരിശോധനകള്‍ എന്നിവയുള്‍പ്പെടെ വിപുലമായ അന്വേഷണങ്ങള്‍ നടത്തിയിട്ടും കൊലപാതകം തെളിയിക്കാനായില്ല. 1988-ല്‍, നരഹത്യയുടെയും മയക്കുമരുന്ന് ഉപയോഗത്തിന്റെയും ചരിത്രമുള്ള കാള്‍ ഗുസ്താഫ് ക്രിസ്റ്റര്‍ പീറ്റേഴ്‌സണെതിരെ കുറ്റം ചുമത്തി. പാല്‍മെയുടെ വിധവ തുടക്കത്തില്‍ ഇയാളെ കൊലയാളിയായി തിരിച്ചറിഞ്ഞെങ്കിലും, മതിയായ തെളിവുകളില്ലാത്തതിനാല്‍ ഒരു അപ്പീല്‍ കോടതി ഇയാളെ വെറുതെവിട്ടു.

ഊലുഫ് പാൽമെ

പതിറ്റാണ്ടുകളോളം അന്വേഷണം സജീവമായി തുടര്‍ന്നു. 2017-ല്‍, സ്‌കാന്‍ഡിയയിലെ ഒരു ഗ്രാഫിക് ഡിസൈനറായ സ്റ്റിഗ് എങ്സ്ട്രോമിനെയാണ് കൊലയാളിയായി പ്രോസിക്യൂട്ടര്‍മാര്‍ സംശയിച്ചത്. 'സ്‌കാന്‍ഡിയ മാന്‍' എന്നറിയപ്പെടുന്ന എങ്സ്ട്രോം കുറ്റകൃത്യം നടന്ന സ്ഥലത്തിനടുത്തുണ്ടായിരുന്നു. അയാളുടെ മൊഴികള്‍ പരസ്പരവിരുദ്ധമായിരുന്നു. 2000-ത്തോടെ എങ്സ്ട്രോം മരണപ്പെട്ടതിനാല്‍, നിയമനടപടികള്‍ അസാധ്യമായി. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം സ്ഥിരീകരിക്കാനോ ഗൂഢാലോചന തള്ളിക്കളയാനോ കഴിഞ്ഞില്ലെങ്കിലും, അയാള്‍ ഒറ്റയ്ക്കാണ് ഇത് ചെയ്തതെന്ന് അന്വേഷകര്‍ വിശ്വസിക്കുന്നു. അങ്ങനെ മൂന്ന് പതിറ്റാണ്ടുകള്‍ക്ക്‌ശേഷം കേസ് അവസാനിച്ചു. പാല്‍മെയുടെ മകനും പൊതുജനങ്ങളും കേസ് അവസാനിപ്പിച്ചത് അംഗീകരിച്ചെങ്കിലും, ഈ കൊലപാതകം സ്വീഡിഷ് ജനതയ്ക്ക് പോലീസിലുള്ള വിശ്വാസം നഷ്ടപ്പെടുത്തി.

1969-ല്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ചെയര്‍മാനായി ഉയര്‍ന്ന പാല്‍മെ, 1969 മുതല്‍ 1976 വരെയും പിന്നീട് 1982 മുതല്‍ മരണം വരെയും പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. സാമൂഹിക നീതി, അന്താരാഷ്ട്ര സമാധാനം, ആണവ നിരായുധീകരണം, നിഷ്പക്ഷത എന്നിവയുടെ ശക്തനായ വക്താവായിരുന്ന അദ്ദേഹം, ലോകമെമ്പാടും ഭിന്നാഭിപ്രായങ്ങള്‍ക്കിടയിലും ആദരിക്കപ്പെട്ട ഒരു വ്യക്തിത്വമായിരുന്നു. മരിക്കുമ്പോള്‍, ഇറാന്‍-ഇറാഖ് സംഘര്‍ഷത്തില്‍ യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ദീര്‍ഘവീക്ഷണമുള്ള നേതാവ്, ആധുനിക സ്വീഡന്റെ ക്ഷേമരാഷ്ട്ര ശില്പി, യുദ്ധം-വര്‍ണ്ണവിവേചനം-ആണവോര്‍ജ്ജം എന്നിവയുടെ വിമര്‍ശകന്‍ എന്നിങ്ങനെ ഊലുഫ് പാല്‍മെ ഓര്‍മിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ കൊലപാതകം ആധുനിക യൂറോപ്യന്‍ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ തെളിയിക്കപ്പെടാത്ത കുറ്റകൃത്യങ്ങളിലൊന്നായി തുടരുകയാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explore the 34-year investigation into the assassination of Swedish PM Olof Palme, a case that remains unsolved, leaving a scar on public trust.