‘ലൈസന്‍സ് കിട്ടിയതോടെ ആ ജോലി അപ്പ എന്നെ ഏല്‍പ്പിച്ചു. പമ്പില്‍ പോയി പെട്രോള്‍ വാങ്ങും. എന്നിട്ട് ജീപ്പില്‍ പാറമടയിലേക്ക് പോവും’

എപ്പോള്‍ വേണമെങ്കിലും താഴേക്ക് വീണുപോകാമെന്നുതോന്നിക്കുന്ന മലഞ്ചെരുവുകളിലൊന്ന്. ഒരുഭാഗത്ത് ആഴമേറിയ ഗര്‍ത്തം. ജീപ്പാണെങ്കില്‍ ചരിഞ്ഞുനില്‍ക്കുന്നു. കണ്ടുനില്‍ക്കുന്നവര്‍ക്ക് നെഞ്ചിടിപ്പേറി. ചിലര്‍ തലയില്‍ കൈവെച്ചു. പക്ഷേ, ഡ്രൈവിങ് സീറ്റിലുള്ള പെണ്‍കുട്ടിക്ക് ഒരുകുലുക്കവുമില്ല. ' ഇപ്പ ശര്യാക്കിത്തരാം' എന്നമട്ടില്‍ അവളിരുന്നു. അതിനിടെ കോ ഡ്രൈവറുടെ കമന്റ്: '' ഹനുമാന്‍ ഗിയര്‍ ഇട് കൊച്ചേ...'' വണ്ടിയൊന്ന് പതുങ്ങി, പിന്നെ കുതിച്ചു.
വണ്ടിയില്‍നിന്ന് പുഞ്ചിരിയോടെ അവളിറങ്ങി.
'' പേടിച്ചോ?''
''പേടിയോ! എനിക്കോ! എന്നാത്തിന്?''
ഓഫ് റോഡ് ട്രാക്കിലെ പുലിക്കുട്ടിയാണ് റിയ. കോട്ടയം പാലാ സ്വദേശിനിയും ഇംഗ്ലീഷ് അധ്യാപികയുമായ ഇരുപത്തിനാലുകാരി. റിയയുടെ കൂടെ ട്രാക്കില്‍ കൊമ്പന്‍മീശ പിരിച്ച്, ലുങ്കി മടക്കിക്കുത്തി അച്ഛന്‍ ബിനോയുമുണ്ടാകും. മഹീന്ദ്രയുടെ 2004 മോഡല്‍ 4 x 4 ജീപ്പിലാണ് ഈ അച്ഛന്റെയും മകളുടെയും സാഹസികയാത്രകള്‍.
ചെറിയ കുന്നുകളും റബ്ബര്‍തോട്ടങ്ങളും താണ്ടി പാലായിലെ ചീരാംകുഴി വീട്ടിലെത്തുമ്പോള്‍ മീശ പിരിച്ച് ബിനോ കാത്തിരിപ്പുണ്ട്. പിന്നാലെ, മകള്‍ റിയയും ഇറങ്ങിവന്നു. ട്രാക്കില്‍നിന്ന് കിട്ടിയ ട്രോഫികള്‍ സൂക്ഷിച്ച മുറിയിലിരുന്ന് അവര്‍ സാഹസികയാത്രകളുടെ ഭൂപടം നിവര്‍ത്തി.
ട്രാക്കിലെ ഹീറോ
റിയയുടെ അച്ഛന്‍ ബിനോ കേരളത്തിലെ അറിയപ്പെടുന്ന ഓഫ് റോഡ് റൈഡര്‍മാരില്‍ ഒരാളാണ്. അനുഭവങ്ങളുടെ കരുത്താണ് ബിനോയെ ഓഫ് റോഡ് ട്രാക്കിലെത്തിച്ചത്.
'' 1992-93 കാലത്ത് വണ്ടിയോടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വീട്ടിലേക്കും കൃഷിയിടത്തിലേക്കുമൊന്നും നല്ല വഴികളുണ്ടായിരുന്നില്ല. അതുകൊണ്ട് എല്ലാ യാത്രകളിലും സാഹസികത കൂട്ടിനുണ്ടായിരുന്നു. പതുക്കെ ആ സാഹസിക യാത്രകള്‍ ത്രില്ലായി. അതൊരു പതിവായതോടെ, എന്തുകൊണ്ട് ഓഫ് റോഡ് മത്സരത്തില്‍ പങ്കെടുത്തുകൂടാ എന്ന തോന്നല്‍ വന്നു.
ആദ്യമായി ഓഫ് റോഡ് ട്രാക്കിലേക്കിറങ്ങിയത് 14 വര്‍ഷം മുന്‍പായിരുന്നു. പാലായിലായിരുന്നു മത്സരം. അതിനുശേഷം ഒട്ടേറെ ട്രാക്കുകളില്‍ ചക്രം ചലിപ്പിച്ചു.'' ബിനോ തുടക്കകാലം ഓര്‍ത്തു.
ലൈസന്‍സ് കിട്ടിയ ഡ്രൈവര്‍
അച്ഛന്റെ വണ്ടിഭ്രാന്ത് മൂത്ത മകളായ റിയക്കും കിട്ടി. അച്ഛന്‍ മകളെ നിരുത്സാഹപ്പെടുത്തിയില്ല. 14-ാം വയസ്സില്‍ മകളെ വണ്ടിയോടിക്കാന്‍ പഠിപ്പിച്ചു.
'' എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് ഡ്രൈവിങ് പഠിക്കുന്നത്. ബുള്ളറ്റിലും ജീപ്പിലുമായായിരുന്നു പഠനം. വീടിന്റെ പിന്നാമ്പുറത്ത് കയറ്റവും ഇറക്കവുമൊക്കെയുള്ള റബ്ബര്‍ത്തോട്ടമുണ്ട്. ആദ്യയാത്രകള്‍ ആ ചുറ്റുവട്ടത്ത് ഒതുങ്ങി. ലൈസന്‍സില്ലാത്തതുകൊണ്ട് അതിനപ്പുറത്തേക്ക് യാത്രകള്‍ ഉണ്ടായിരുന്നില്ല. 18 വയസ്സ് തികഞ്ഞതും ലൈസന്‍സിന് അപേക്ഷിച്ചു. രണ്ടുമാസത്തിനുള്ളില്‍ എച്ചും എട്ടും വരച്ചു,'' വണ്ടി പഠിച്ച കാലം റിയ ഓര്‍ത്തെടുത്തു.
ലൈസന്‍സ് കിട്ടിയതോടെ റിയ എന്ന ഡ്രൈവറെ ലോകം കണ്ടു. കുന്നും കുഴിയുമുള്ള മലയോര പാതകള്‍ അവളെ ത്രില്ലടിപ്പിച്ചു. അതിനൊപ്പം അച്ഛന്‍ അവളെ മറ്റൊരു ദൗത്യം ഏല്‍പ്പിച്ചു.
'' അപ്പയ്ക്ക് ഒരു പാറമടയുണ്ട്. അവിടേക്കുള്ള വഴിയെല്ലാം അപകടംപിടിച്ചതാണ്. പാറമടയിലേക്ക് ചിലപ്പോള്‍ പെട്രാളും മറ്റുസാധനങ്ങളും കൊണ്ടുപോകേണ്ടിവരും. ലൈസന്‍സ് കിട്ടിയതോടെ ആ ജോലി അപ്പ എന്നെ ഏല്‍പ്പിച്ചു. പമ്പില്‍ പോയി പെട്രോള്‍ വാങ്ങും. എന്നിട്ട് ജീപ്പില്‍ പാറമടയിലേക്ക് പോവും. ആ യാത്ര സാഹസികമാണ്. കുണ്ടും കുഴിയും വലിയ കരിങ്കല്ലുകളുമൊക്കെയുണ്ടാവും. വണ്ടി അങ്ങോട്ടോ ഇങ്ങോട്ടോ തെന്നിയാല്‍ പാറമടയില്‍ വീഴും. ആ യാത്ര എന്നെ ത്രില്ലടിപ്പിച്ചു, എന്നിലെ ഡ്രൈവര്‍ക്ക് ആത്മവിശ്വാസവും ധൈര്യവും നല്‍കി.'' റിയ വിശദീകരിച്ചു.
മകളും ട്രാക്കിലേക്ക്
ഓഫ് റോഡ് ട്രാക്കില്‍ ബിനോ മത്സരിക്കുമ്പോള്‍ കൈയടിക്കാന്‍ റിയയും പോകുമായിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അവള്‍ക്കും തോന്നി. 'എന്തുകൊണ്ട് എനിക്കും മത്സരിച്ചുകൂടാ'. ആ ചിന്തയ്ക്ക് കട്ട സപ്പോര്‍ട്ടുമായി അച്ഛനും കൂടെ നിന്നു.
'' അവള്‍ എല്ലാ മത്സരങ്ങള്‍ക്കും കൂടെപ്പോരും. കൊച്ചിന്റെ ഇഷ്ടമല്ലേ, നിരുത്സാഹപ്പെടുത്തേണ്ടെന്ന് എനിക്കും തോന്നി. ഓരോ ട്രാക്കും അവള്‍ ആസ്വദിച്ചു. പതുക്കെ ഓഫ് റോഡില്‍ മത്സരിച്ചാല്‍ കൊള്ളാമെന്ന് അവള്‍ക്കും തോന്നി.'' പക്ഷേ, അമ്മ ആശയ്ക്ക് ചെറിയ ടെന്‍ഷനൊക്കെ ഉണ്ടായിരുന്നു. പതുക്കെ അതുംമാറിയെന്ന് ബിനോ.
'' 2019-ലായിരുന്നു ആദ്യമത്സരം, ഏറ്റുമാനൂരില്‍. പിന്നീട് പല ട്രാക്കുകളിലും മത്സരിച്ചു. പലയിടത്തും വിജയിച്ചു. പ്രത്യേകിച്ച് പരിശീലനമൊന്നും ഉണ്ടായിരുന്നില്ല. വീടിനുപിന്നിലെ റബ്ബര്‍ത്തോട്ടത്തില്‍ ഓടിച്ചത് മാത്രമായിരുന്നു അനുഭവസമ്പത്ത്...'' റിയയുടെ വാക്കുകള്‍.
ഇന്ന് കേരളത്തിലെ വിവിധ ഓഫ് ട്രാക്ക് മത്സരങ്ങളില്‍ വിജയിയാണ് റിയ. കോട്ടയം പാമ്പാടിയിലും പെരുമ്പാവൂരിലും പൂപ്പാറയിലും സമീപകാലത്ത് റിയ ഒന്നാമതെത്തി.
ഒളിഞ്ഞിരിക്കുന്ന അപകടം
ത്രില്ലിനൊപ്പം അപകടസാധ്യതയും ഏറെയാണ് ഓഫ് റോഡ് റേസില്‍. ചെറിയ പാളിച്ചപോലും വലിയ അപകടങ്ങളിലേക്കു നയിക്കും. അങ്ങനെയൊരു അപകടത്തിന്റെ ഓര്‍മ്മ ഇപ്പോഴും റിയയുടെ മനസ്സിലുണ്ട്.
'' 2019-ല്‍ വാഗമണിലെ മത്സരത്തിനിടെ വാഹനം മറിഞ്ഞു. ഫിനിഷിങ് ലൈനിന് തൊട്ടുമുന്‍പിലുള്ള കുന്നില്‍വെച്ചായിരുന്നു അപകടം. വണ്ടി മൂന്നുതവണ വട്ടം കറങ്ങി താഴേക്കുവീണു. എല്ലാവരും പേടിച്ചെങ്കിലും ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല. സേഫ്റ്റി ഹെല്‍മെറ്റ് ഉണ്ടായിരുന്നു. സീറ്റ് ബെല്‍റ്റും ധരിച്ചിരുന്നു.''
വേണം വണ്ടിയിലും മാറ്റം
ഓഫ് റോഡ് റേസിനെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകൃത കായികയിനമായി അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വിവിധ ക്ലബ്ബുകളാണ് ഓഫ് റോഡ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. ഓരോ മത്സരത്തിനും വണ്ടിയില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുവേണം മത്സരിക്കാന്‍.
'' 4ഃ4 മഹീന്ദ്ര ജീപ്പാണ് ഉപയോഗിക്കുന്നത്. അതിന്റെ എന്‍ജിന്‍ ഓഫ് റോഡിന് പാകത്തില്‍ ട്യൂണ്‍ചെയ്തിട്ടുണ്ട്. കുന്നുകളൊക്കെ കയറാന്‍ നല്ല വീതിയുള്ള ടയറുകളും ആവശ്യമാണ്. ആ ടയറുകള്‍ ഉപയോഗിച്ച് നമ്മുടെ റോഡില്‍ ഓടിക്കാന്‍ പാടില്ല. അതുകൊണ്ട് മത്സരത്തിനൊക്കെ ലോറിയിലാണ് ജീപ്പ് കൊണ്ടുപോകുക. മത്സരമില്ലാത്ത സമയത്ത് ആ ടയറുകള്‍ അഴിച്ചുവയ്ക്കും. എന്നിട്ട് സാധാരണ ടയര്‍ ഉപയോഗിക്കും.'' ബിനോ നിയമങ്ങള്‍ വിശദീകരിച്ചു.
പാഷന്‍ മാത്രം
ഓഫ് റോഡ് ഡ്രൈവിങ് പ്രൊഫഷനായി സ്വീകരിക്കാന്‍ പറ്റുന്ന സാഹചര്യം കേരളത്തിലില്ലെന്നാണ് റിയയുടെ പക്ഷം. അക്കാരണത്താല്‍ അത് പാഷനായി മാത്രം കൂടെക്കൂട്ടാനാണ് തീരുമാനം. പാലാ ബ്രിട്ടീഷ് കിന്‍ഡര്‍ സ്‌കൂളില്‍ അധ്യാപികയാണ് ഇപ്പോള്‍ റിയ. അമ്മ ആശ. അനിയത്തി റോസ് പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. പത്താംക്ലാസില്‍ പഠിക്കുന്ന റോണയാണ് മറ്റൊരു സഹോദരി. അനിയന്‍ റിച്ചു ഒമ്പതില്‍ പഠിക്കുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover the adrenaline-pumping world of off-roading with Ria, a young English teacher and champion driver from Kerala. See her conquer challenging terrains in her Mahindra Jeep.