ദാവൂദ് ഇബ്രാഹിമിന്റെ ലഹരിമാഫിയയുമായി ബന്ധമില്ലെന്ന് നോറ; നൃത്തത്തിന് 2 കോടി പ്രതിഫലം ലഭിക്കുന്ന താരം

അധോലോക തലവൻ ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ലഹരിമാഫിയയുമായി ബോളിവുഡ് താരങ്ങൾക്കും രാഷ്ട്രീയക്കാർക്കുമുള്ള ബന്ധം ആന്റി നാർകോട്ടിക്‌സ് ബ്യൂറോ കണ്ടെത്തിയതായി വാർത്തയുണ്ടായിരുന്നു. അധോലോകം സംഘടിപ്പിക്കുന്ന പാർട്ടികളിൽ ഇവർ സ്ഥിരം സാന്നിധ്യമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ബോളിവുഡ് നടിമാരായ നോറ ഫത്തേഹി, ശ്രദ്ധ കപൂർ തുടങ്ങിയവരാണ് സംശയത്തിന്റെ നിഴലിലായത്. സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർ ഓറി, സംവിധായകരായ അബ്ബാസ്-മസ്താൻ, കൊല്ലപ്പെട്ട ബാബാ സിദ്ദിഖിയുടെ മകൻ സീഷാൻ സിദ്ദിഖി എന്നിവരുടെ പേരും പുറത്തുവന്നു.
ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് നോറ ഫത്തേഹി. താൻ പാർട്ടികൾക്ക് പോകാറില്ലെന്നും എപ്പോഴും ജോലി ചെയ്യാൻ ആഗ്രഹിക്കുന്നയാൾ ആയതിനാൽ വേറൊന്നിനും നേരം കിട്ടാറില്ലെന്നും അവർ പറയുന്നു.
''ഞാൻ പാർട്ടികൾക്ക് പോകാറില്ല. എപ്പോഴും ജോലിസംബന്ധമായി വിമാനയാത്രകളിലാവും. എപ്പോഴും ജോലി ചെയ്യാനിഷ്ടപ്പെടുന്നയാളുമാണ് ഞാൻ. വ്യക്തിപരമായ ജീവിതം എന്നൊന്ന് എനിക്കില്ല. അത്തരം ആളുകളുമായി ഞാൻ എന്നെ ബന്ധപ്പെടുത്താറില്ല. എന്റെ ഒഴിവു ദിവസങ്ങളിൽ ഞാൻ വീട്ടിലായിരിക്കും. അല്ലെങ്കിൽ ദുബായിലെ ബീച്ചിലോ ഹൈസ്‌കൂൾകാലത്തെ കൂട്ടുകാർക്കൊപ്പമോ ആയിരിക്കും. എന്റെ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും സഫലമാക്കാനായി രാവും പകലും മുഴുവൻ പരിശ്രമിക്കുകയാണ്. അതിനായാണ് സമയം ചെലവഴിക്കുന്നതും'', നോറയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു.
''നിങ്ങൾ വായിക്കുന്നതെല്ലാം വിശ്വസിക്കരുത്. എന്റെ പേര് ഒരു ഈസി ടാർഗറ്റാണെന്ന് തോന്നുന്നു. പക്ഷേ ഇത്തവണ അത് സംഭവിക്കാൻ ഞാൻ അനുവദിക്കില്ല. മുമ്പ് ഒരിക്കൽ അത് സംഭവിച്ചു. നിങ്ങളെന്നെ നുണകൾ ഉപയോഗിച്ച് നശിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ അത് ഫലിച്ചില്ല. എല്ലാവരും എന്റെ പേര് അപകീർത്തിപ്പെടുത്താനും എന്റെ പ്രശസ്തിക്ക് കളങ്കം വരുത്താനും എന്നെ ക്ലിക്ക്‌ബെയ്റ്റായി ഉപയോഗിക്കാനും പരമാവധി ശ്രമിക്കുന്നത് ഞാൻ നിശബ്ദമായി നോക്കിനിന്നു. എനിക്ക് ഒരു ബന്ധവുമില്ലാത്ത സാഹചര്യങ്ങളിൽ എന്റെ പേരും ചിത്രവും ഉപയോഗിക്കുന്നതിൽ നിന്ന് ദയവായി വിട്ടുനിൽക്കുക. ഇതിന് വലിയ വില നൽകേണ്ടിവരും'', നോറ പറയുന്നു.
കാനഡയിൽ ജനിച്ച നോറ, മികച്ചൊരു കരിയർ എന്ന ലക്ഷ്യവുമായാണ് ഇന്ത്യയിലെത്തിയത്. വരുമ്പോൾ ആകെ കൈയിലുണ്ടായിരുന്നത് 5000 രൂപയായിരുന്നുവെന്ന് നോറ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആദ്യമൊക്കെ പലയിടത്തുനിന്നും ഒഴിവാക്കപ്പെട്ടു. ഒരു മുട്ടയും ഒരു റോട്ടിയും മാത്രമാണ് പല ദിവസങ്ങളിലും കഴിച്ചത്. ജീവിക്കാനായി ഹൂക്ക ഷോപ്പിൽ വരെ ജോലി ചെയ്തു. 'റോർ:ടൈഗേഴ്‌സ് ഓഫ് ദ സുന്ദർബാൻസ്' എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് കടക്കുന്നത്. എന്നാൽ ശ്രദ്ധിക്കപ്പെട്ടത് ഐറ്റംഡാൻസുകളിലൂടെയാണ്. ഹിന്ദിക്കൊപ്പം തന്നെ തെലുഗു, മലയാളം, തമിഴ് ഐറ്റംഡാൻസുകളിലും അഭിനയിച്ചു. 'ബാഹുബലി'യിലെ 'മനോഹരി' എന്ന പാട്ടാണ് പ്രശസ്തി നേടിക്കൊടുത്തത്. നൃത്തഗീതികളെന്നും, ഓ സാകി, ദിൽബർ, ഡോർ നമ്പർ തുടങ്ങിയവയാണ് അവരുടെ പ്രശസ്തമായ പാട്ടുകൾ. 'ദ റോയൽസ്' എന്ന വെബ്‌സീരിസിലാണ് നോറ അവസാനമായി അഭിനയിച്ചത്. ഇന്ന് രണ്ടുകോടി വരെയാണ് സിനിമയിലെ ഒരു ഐറ്റംഡാൻസിന് അവർക്ക് ലഭിക്കുന്നതെന്ന് പറയപ്പെടുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Nora Fatehi addresses allegations of links to drug mafia, stating she doesn`t attend parties and focuses on her career