'മൂന്നാംവയസ്സില്‍ കാറോടിച്ച കിം ജോങ് ഉന്‍, ജനിച്ച് 21-ാം ദിവസം എഴുന്നേറ്റു നടന്നു'

കിം ജോങ് ഉന്‍ | AP
കിം ജോങ് ഉന്‍ | AP

ചെറുപ്പത്തില്‍ തന്നെ കഴിവു തെളിയിച്ച നാവികനായിരുന്നു ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ എന്ന് ആ രാജ്യത്തെ ജനങ്ങള്‍ കരുതുന്നുണ്ട്. ഒപ്പം ജനിച്ച് 21-ാം ദിവസം എഴുന്നേറ്റു നടന്ന മഹാനാണ് തങ്ങളുടെ നേതാവെന്നും മൂന്നാം വയസ്സില്‍ അദ്ദേഹം ഡ്രൈവിങ് പഠിച്ചിട്ടുണ്ടെന്നും. കാലങ്ങളായി ഉത്തരകൊറിയ ഭരിച്ചുപോരുന്ന കിമ്മിന്റെ കുടുംബത്തിന്റെ വീരകഥകള്‍ ജനങ്ങള്‍ക്കിടയില്‍ എക്കാലത്തും സത്യം പോലെ പ്രചരിച്ചു. ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന പ്രശസ്ത സംഗീതവ്യക്തിത്വവും കലാകാരനുമാണ് കിം എന്നതാണ് ജനങ്ങളെ പറഞ്ഞുപഠിപ്പിച്ച മറ്റൊരു നുണ. നേരിട്ട് അറിവൊന്നുമില്ലെങ്കിലും ഉത്തരകൊറിയന്‍ ഭരണാധികാരികളെപ്പറ്റി കാലാകാലങ്ങളായി അവിടുത്തെ ജനങ്ങളും അത് പറഞ്ഞുനടന്നു.   

പൗരാവകാശങ്ങളില്ലാതെ കിം മാത്രമാണ് ലോകം എന്നുകരുതി ജീവിക്കുന്നവരാണ് ഇന്നത്തെ ഉത്തരകൊറിയക്കാരെന്ന് പാശ്ചാത്യരാജ്യങ്ങളിലെയും ദക്ഷിണകൊറിയയുടെയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിസ്സാരകുറ്റങ്ങള്‍ക്കുപോലും വലിയ ശിക്ഷ നല്‍കി ജനങ്ങളെ ഭയപ്പെടുത്തിനിര്‍ത്തിയ കിം അവര്‍ക്കിടയില്‍ പേടിസ്വപ്നം തന്നെയാണ്. അതുകൊണ്ടുതന്നെ ഉത്തരവുകള്‍ പാലിച്ചുകഴിയുകമാത്രമാണ് അവര്‍ക്ക് ചെയ്യാനുള്ളത്.

മാധ്യമങ്ങളെല്ലാം സര്‍ക്കാരിന്റെ കീഴിലായതിനാല്‍ ഭരണാധികാരി പറയുന്നതുമാത്രം വിശ്വസിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായി. ഇന്റര്‍നെറ്റ് സൗകര്യം പോലുമില്ലാതെയാണ് ഇന്നും അവിടെ ജനങ്ങള്‍ കഴിയുന്നതത്രേ. സ്‌കൂള്‍കാലം തൊട്ട് കുട്ടികളെ ഭരണാധികാരികളുടെ വീരസാഹസങ്ങളും ചട്ടങ്ങളും പഠിപ്പിച്ചുപോരുന്നു.  

രാജ്യത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ പക്തു കിം കീഴടക്കിയെന്ന വാര്‍ത്ത വലിയ തലക്കെട്ടായിരുന്നു. മഞ്ഞുമൂടിയ കൊടുമുടിയില്‍ സൈനികര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ കിം പോയെന്നും എന്തു തീരുമാനമെടുക്കുമ്പോഴും വെള്ളക്കുതിരപ്പുറത്തേറി കിം ഇവിടെപ്പോകാറുണ്ടെന്നും പ്രചരിക്കുന്ന കഥകളില്‍ ഉള്‍പ്പെടുന്നു. 

ഉന്നിന്റെ പിതാവ് കിം ജോങ് ഇല്ലിനെപ്പറ്റിയുമുണ്ടായിരുന്നു ഒട്ടേറെ കഥകള്‍. കൊറിയക്കാരുടെ വിശുദ്ധഭൂമിയായ പക്തു കൊടുമുടിയിലാണ് കിം ജോങ് ഇല്‍ ജനിച്ചത് എന്നതാണ് അതിലൊന്ന്. ജനനസമയത്ത് ഒരു പുതിയ നക്ഷത്രം സൃഷ്ടിക്കപ്പെടുകയും ശീതകാലം വസന്തത്തിലേക്ക് മാറുകയും ചെയ്തുവെന്നും. എന്നാല്‍, സോവിയറ്റ് സഖ്യകക്ഷികള്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ കാണിക്കുന്നത് അദ്ദേഹം 1941-ല്‍ സൈബീരിയയിലെ ഒരു ഗ്രാമത്തിലാണ് ജനിച്ചതെന്നാണ്. 

ഇല്ലിന് ഒരിക്കല്‍ പോലും ടോയ്ലറ്റ് ഉപയോഗിക്കേണ്ട ആവശ്യമില്ലായിരുന്നെന്നും മലമൂത്രവിസര്‍ജനത്തിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും ഔദ്യോഗിക ജീവചരിത്രത്തില്‍ പറയുന്നു. ഉത്തര കൊറിയന്‍ ഭരണകൂടത്തിന് അന്താരാഷ്ട്ര തലത്തില്‍ മോശം അംഗീകാരമായിരുന്നിട്ടും ലോകമെമ്പാടും തങ്ങളുടെ നേതാക്കള്‍ പ്രിയപ്പെട്ടവരാണെന്നും ഓരോ രാജ്യവും തങ്ങളുടെ ജന്മദിനം ആഘോഷിക്കാറുണ്ടെന്നും ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചു.  

കിം ജോങ്-ഉന്‍ തന്റെ പിതാവിനെപ്പോലെ തന്നെ അതിശയിപ്പിക്കുന്ന വ്യക്തിത്വമാണെന്നാണ് സ്റ്റേറ്റ് മീഡിയയുടെ പക്ഷം. എന്നാല്‍ അവിശ്വസനീയമാം വിധം കഥകള്‍ പ്രചരിപ്പിച്ച പൂര്‍വികരില്‍ നിന്ന് വ്യത്യസ്തനായി കിം കൂടുതല്‍ വിശ്വസനീയമായ ഇതിഹാസങ്ങള്‍ പ്രചരിപ്പിക്കാനാണത്രേ ശ്രമിച്ചത്.

വിദേശഭക്ഷണം ഇഷ്ടപ്പെടുന്ന ഉന്‍ 
ഉത്തരകൊറിയ കൊടിയ ദാരിദ്ര്യത്തിലൂടെ കടന്നുപോകുന്ന സമയത്തും കിം ജോങ് ഉന്നിന്റെ ഭക്ഷണച്ചെലവ് മാത്രം ശതകോടിയില്‍ കവിയും. പുകവലിയും മദ്യപാനവും സ്ത്രീകളായ പരിചാരകരും നിറഞ്ഞ ജീവിതം. മൂര്‍ഖന്‍പാമ്പിനെ വാറ്റിയെടുത്ത വൈന്‍, ഡെന്‍മാര്‍ക്കിലെ പന്നിയിറച്ചി തുടങ്ങിയവയോട് പ്രത്യേകം താത്പര്യം.  

സ്വന്തം ജനങ്ങള്‍ക്ക് വിദേശനിര്‍മിത ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയില്ലെങ്കിലും പാശ്ചാത്യശൈലിയിലുള്ള ഭക്ഷണത്തോട് പ്രിയമുള്ള വ്യക്തിയാണ് കിം. ബര്‍ഗറുകളും ഫ്രൈഡ് ചിക്കനും ഉള്‍പ്പെടെയുള്ള ഫാസ്റ്റ് ഫുഡ് കിം ജോങ് ഉന്‍ ആസ്വദിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വിറ്റ്സര്‍ലന്‍ഡിലെ പഠനകാലത്താണ് പാശ്ചാത്യ സംസ്‌കാരത്തോടുള്ള താത്പര്യം കിമ്മില്‍ വര്‍ധിച്ചതെന്നു കരുതുന്നു. 

ഫ്രഞ്ച് ചീസും വിസ്‌കിയുമടക്കം വൈവിധ്യമാര്‍ന്ന ആഡംബര ഭക്ഷണങ്ങള്‍ ഉത്തരകൊറിയന്‍ വരേണ്യവര്‍ഗത്തിനുവേണ്ടി ഇറക്കുമതി ചെയ്യുന്നുമുണ്ട്. കര്‍ശനമായ ഭക്ഷ്യ ഇറക്കുമതി നിയന്ത്രണങ്ങള്‍ കാരണം പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമല്ലാത്ത വിദേശ പഴങ്ങള്‍, വിലകൂടിയ സമുദ്രവിഭവങ്ങള്‍, ഉയര്‍ന്ന നിലവാരമുള്ള വൈനുകള്‍ എന്നിവ കിമ്മിന്റെ ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നു. സുഷിയടക്കമുള്ള ജാപ്പനീസ് ഭക്ഷണങ്ങള്‍ തയ്യാറാക്കിനല്‍കാന്‍ പ്രത്യേകഷെഫ് സംഘം തന്നെയുണ്ടത്രേ.
 

Content Highlights: myths north koreans are told about leader kim jong-un